പകരക്കാരനായി എത്തിയ റാണക്ക് 3 വിക്കറ്റ്. പരമ്പര വിജയവുമായി ഇന്ത്യ.

ഇംഗ്ലണ്ടിനെതിരായ നാലാം ട്വന്റി20 മത്സരത്തിൽ ഒരു ത്രില്ലിംഗ് വിജയം സ്വന്തമാക്കി ഇന്ത്യ. അത്യന്തം ആവേശകരമായ മത്സരത്തിൽ 15 റൺസിന്റെ വിജയമാണ് ഇന്ത്യൻ യുവനിര സ്വന്തമാക്കിയത്. മത്സരത്തിൽ ഇന്ത്യയ്ക്കായി ശിവം ദുബയും ഹർദിക് പാണ്ഡ്യയുമാണ് ബാറ്റിംഗിൽ തിളങ്ങിയത്.

ബോളിങ്ങിൽ രവി ബിഷ്ണോയും ഹർഷിത് റാണയും 3 വിക്കറ്റുകൾ വീതം സ്വന്തമാക്കി മികച്ച പ്രകടനം പുറത്തെടുത്തു. എല്ലാ മേഖലകളിലെയും ഭേദപ്പെട്ട പ്രകടനമാണ് ഇന്ത്യയെ മത്സരത്തിൽ വിജയത്തിൽ എത്തിച്ചത്. ഈ വിജയത്തോടെ പരമ്പര 3-1 എന്ന നിലയിൽ സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചു.

മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പതിവുപോലെ ഇത്തവണയും സഞ്ജു സാംസൺ(1) നിരാശപ്പെടുത്തുകയുണ്ടായി. എന്നാൽ വലിയ പ്രതീക്ഷയായിരുന്നു തിലക് വർമ(0) തൊട്ടടുത്ത പന്തിൽ തന്നെ പുറത്തായത് ഇന്ത്യക്ക് തിരിച്ചടി സൃഷ്ടിച്ചു. മാത്രമല്ല അതേ ഓവറിലെ അവസാന പന്തിൽ നായകൻ സൂര്യകുമാർ യാദവും(0) വീണതോടെ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 12 റൺസ് എന്ന നിലയിൽ കൂപ്പുകുത്തി.

ശേഷമാണ് ഇന്ത്യയ്ക്കായി അഭിഷേക് ശർമയും റിങ്കു സിംഗും ഭേദപ്പെട്ട ഒരു കൂട്ടുകെട്ട് കെട്ടിപ്പടുത്തത്. അഭിഷേക് ശർമ 19 പന്തുകളിൽ 29 നേടി ഇന്ത്യക്കായി വെടിക്കെട്ട് തീർത്തു. റിങ്കു 30 റൺസാണ് മത്സരത്തിൽ നേടിയത്. ശേഷമേത്തിയ ശിവം ദുബയും ഹർദിക് പാണ്ഡ്യയും ക്രീസിലുറച്ച് ആക്രമണം അഴിച്ചുവിട്ടതോടെ ഇന്ത്യ ഭേദപ്പെട്ട സ്കോറിലേക്ക് നീങ്ങുകയായിരുന്നു.

ഹർദിക് പാണ്ഡ്യ മത്സരത്തിൽ 30 പന്തുകളിൽ 4 ബൗണ്ടറികളും 4 സിക്സറുകളുമടക്കം 53 റൺസ് ആണ് സ്വന്തമാക്കിയത്. ശിവം ദുബെ 34 പന്തുകളിൽ 7 ബൗണ്ടറുകളും 2 സിക്സറുകളുമടക്കം 53 റൺസ് നേടി. ഇതോടെ ഇന്ത്യ 20 ഓവറുകളിൽ 181 എന്ന ഭേദപ്പെട്ട സ്കോറിൽ എത്തുകയായിരുന്നു. മറുപടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് ഒരു തട്ടുപൊളിപ്പൻ തുടക്കം തന്നെയാണ് ഓപ്പണർമാർ നൽകിയത്. ഡക്കറ്റ് ആദ്യ ബോൾ മുതൽ ആക്രമണം അഴിച്ചുവിട്ടതോടെ ഇന്ത്യ പതറി. പവർപ്ലേ ഓവറുകളിൽ പൂർണ്ണമായ അഴിഞ്ഞാട്ടമാണ് ഡക്കറ്റ് നടത്തിയത്. 19 പന്തുകളിൽ 39 റൺസ് ആയിരുന്നു ഈ സൂപ്പർതാരത്തിന്റെ സമ്പാദ്യം. പക്ഷേ പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ സ്വന്തമാക്കി ഇന്ത്യൻ ബോളർമാർ ശക്തമായ തിരിച്ചുവരവ് നടത്തി.

നാലാമനായി ക്രിസിലെത്തിയ ഹാരി ബ്രുക്ക് മാത്രമാണ് പിന്നീട് ഇന്ത്യയ്ക്ക് ഭീഷണി സൃഷ്ടിച്ചത്. 26 പന്തുകളിൽ 51 റൺസായിരുന്നു ഹാരി ബ്രുക്ക് നേടിയത്. എന്നാൽ നിർണായക സമയത്ത് ബ്രുക്കിനെ പുറത്താക്കി വരുൺ ചക്രവർത്തി രംഗത്ത് എത്തിയതോടെ ഇന്ത്യ മത്സരത്തിൽ വിജയം മണത്തു. അവസാന ഓവറിൽ കൂട്ടായ പരിശ്രമത്തിലൂടെ ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെ എറിഞ്ഞിടാൻ ഇന്ത്യയുടെ ബോളർമാർക്ക് സാധിച്ചു.

അവസാന 2 ഓവറുകളിൽ 25 റൺസ് ആയിരുന്നു ഇംഗ്ലണ്ടിന് വിജയിക്കാൻ വേണ്ടത്. എന്നാൽ 19 ആം ഓവറിൽ മികച്ച രീതിയിൽ പന്തറിഞ്ഞ ഹർഷിത് റാണ കേവലം 6 റൺസ് മാത്രം വിട്ടുനൽകി ഓവർടണിന്റെ വിക്കറ്റ് സ്വന്തമാക്കി. ഇതോടെ ഇന്ത്യൻ മത്സരത്തിൽ വിജയം ഉറപ്പിക്കുകയായിരുന്നു.