ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത് ഇംഗ്ലണ്ട്. മത്സരത്തിൽ ജോ റൂട്ടിന്റെ സെഞ്ച്വറിയുടെ ബലത്തിൽ ആദ്യ ഇന്നിങ്സിൽ 353 റൺസാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഇന്നിംഗ്സിന്റെ തുടക്കത്തിൽ ബാറ്റിംഗിൽ തകർന്ന ഇംഗ്ലണ്ടിനെ ജോ റൂട്ട് വാലറ്റ ബാറ്റർമാരോടൊപ്പം ചേർന്ന് കൈപിടിച്ചു കയറ്റുകയായിരുന്നു.
തങ്ങളുടെ സ്വതസിദ്ധമായ ബാസ്ബോൾ ശൈലി ഉപേക്ഷിച്ച് ടെസ്റ്റ് ക്രിക്കറ്റിന്റെ പരമ്പരാഗത ശൈലിയിലാണ് ഇംഗ്ലണ്ട് തങ്ങളുടെ ഇന്നിംഗ്സിന്റെ രണ്ടാം ഭാഗത്തിൽ കളിച്ചത്. ആദ്യ മത്സരങ്ങളിലെ ബാറ്റിംഗ് പ്രകടനം വച്ചുനോക്കുമ്പോൾ ഇംഗ്ലണ്ടിന് വലിയ ആശ്വാസം പകരുന്നതാണ് നാലാം ടെസ്റ്റിലെ ഈ മികച്ച പ്രകടനം.
മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ക്രോളിയും ഡക്കറ്റും ബാസ്ബോൾ ശൈലിയിൽ തന്നെ ഇന്നിങ്സ് ആരംഭിക്കാനാണ് ശ്രമിച്ചത്. ക്രോളി മത്സരത്തിൽ 42 പന്തുകളിൽ 42 റൺസ് നേടി. എന്നാൽ ഇന്ത്യക്കായി അരങ്ങേറ്റക്കാരനായ ആകാശ് ദീപ് മികവ് പുലർത്തി.
ഇതോടെ ഇംഗ്ലണ്ടിന്റെ മുൻനിര തകർന്നു വീഴുകയായിരുന്നു. ഒരു സമയത്ത് ഇംഗ്ലണ്ട് 5 വിക്കറ്റ് നഷ്ടത്തിൽ 112 എന്ന നിലയിൽ പോലും എത്തുകയുണ്ടായി. പിന്നീടാണ് റൂട്ടും ബെൻ ഫോക്സും ചേർന്ന് ഇംഗ്ലണ്ടിനെ പതിയെ കൈപിടിച്ചു കയറ്റിയത്. ഒരു ടെസ്റ്റ് മത്സരത്തിന്റേതായ ശൈലിയിൽ പതിയെയാണ് ഇരുവരും ബാറ്റ് വീശിയത്. ഫോക്സ് മത്സരത്തിൽ 47 റൺസ് സ്വന്തമാക്കുകയുണ്ടായി.
മാത്രമല്ല ആറാം വിക്കറ്റിൽ റൂട്ടുമായി ചേർന്ന് 113 റൺസിന്റെ കൂട്ടുകെട്ടാണ് ഫോക്സ് കെട്ടിപ്പടുത്തത്. ഫോക്സ് പുറത്തായ ശേഷവും റൂട്ട് തന്റേതായ ശൈലിയിൽ ബാറ്റിംഗ് തുടർന്നു. ശേഷം എട്ടാം വിക്കറ്റിൽ റോബിൻസനുമായി ചേർന്ന് റൂട്ട് ഇംഗ്ലണ്ടിന് ശക്തമായ ഒരു സ്കോർ സമ്മാനിക്കുകയായിരുന്നു. റോബിൻസൺ ഇന്നിംഗ്സിൽ 96 പന്തുകളിൽ 58 റൺസാണ് നേടിയത്. എട്ടാം വിക്കറ്റിൽ 102 റൺസിന്റെ കൂട്ടുകെട്ട് ഇരുവരും ചെന്ന് കെട്ടിപ്പടുത്തു. ഇതിനിടെ തന്റെ മറ്റൊരു ടെസ്റ്റ് സെഞ്ച്വറി കൂടി റൂട്ട് സ്വന്തമാക്കുകയുണ്ടായി. മത്സരത്തിന്റെ നാലാം ദിവസവും വളരെ സൂക്ഷ്മമായി തന്നെയാണ് റൂട്ട് ബാറ്റ് ചെയ്തത്.
മറുവശത്ത് വിക്കറ്റുകൾ നഷ്ടപ്പെടുമ്പോഴും ഒരുവശത്ത് റൂട്ട് ഇന്ത്യയ്ക്ക് ഭീഷണി സൃഷ്ടിച്ചിരുന്നു. റൂട്ടിന്റെ മികവിൽ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സ് സ്കോർ 353 റൺസിൽ എത്തുകയായിരുന്നു. ഇന്നിംഗ്സിൽ 274 പന്തുകൾ നേരിട്ട റൂട്ട് 122 റൺസാണ് സ്വന്തമാക്കിയത്. 10 ബൗണ്ടറികളാണ് റൂട്ടിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്.
മറുവശത്ത് ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ എന്നിവർ 4 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. ആകാശ് ദീപ് മൂന്നും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റുകൾ നേടി മികച്ച പിന്തുണയും നൽകി. എന്നിരുന്നാലും ശക്തമായ ഒരു സ്കോർ സ്വന്തമാക്കാൻ ഇംഗ്ലണ്ടിന് സാധിച്ചിട്ടുണ്ട്. ആദ്യ ഇന്നിംഗ്സിൽ എന്തു വില കൊടുത്തും ഈ സ്കോർ മറികടക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം.