അരങ്ങേറ്റം ഗംഭീരമാക്കി സൂര്യകുമാര്‍ യാദവ്. പരമ്പര സമനിലയില്‍

ഇന്ത്യ – ഇംഗ്ലണ്ട് ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യക്ക് 8 റണ്‍സ് വിജയം. ഇന്ത്യ ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിനു നിശ്ചിത 20 ഓവറില്‍ 177 റണ്‍സില്‍ എത്താനേ സാധിച്ചുള്ളു. മത്സരം വിജയിച്ച ഇന്ത്യ പരമ്പര സമനിലയിലാക്കി.

ഒരു ഘട്ടത്തില്‍ മത്സരം കൈവിട്ടു എന്നു തോന്നിച്ചെങ്കിലും നിര്‍ണായക വിക്കറ്റുകള്‍ നേടി ഇന്ത്യ മത്സരത്തിലേക്ക് തിരികെ വരികയായിരുന്നു. 16ാം ഓവര്‍ എറിഞ്ഞ ടാക്കൂര്‍ അപകടകാരിയായ സ്റ്റോക്ക്സിനെയും, ഇയാന്‍ മോര്‍ഗനെയും തുടര്‍ച്ചയായ പന്തുകളില്‍ പുറത്താക്കി മത്സരം ഇന്ത്യക്ക് അനുകൂലമാക്കി.

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിനു മോശം തുടക്കമാണ് ലഭിച്ചത്. കഴിഞ്ഞ മത്സരത്തിലെ ഹീറോ ജോസ് ബട്ട്ലറെ പുറത്താക്കി, ഭുവനേശ്വര്‍ കുമാര്‍ മികച്ച തുടക്കം സമ്മാനിച്ചു. അധികം വൈകാതെ മലാന്‍ (14) പുറത്തായെങ്കിലും ജേസണ്‍ റോയി – ജോണി ബെയര്‍സ്റ്റോ എന്നിവര്‍ ഇംഗ്ലണ്ടിനു മുന്നോട്ട് നയിച്ചത്. മികച്ച ഫോം തുടര്‍ന്ന ജേസണ്‍ റോയി 27 പന്തില്‍ 40 റണ്‍ നേടി.

പിന്നാലെ എത്തിയ ബെന്‍ സ്റ്റോക്ക്സ് സ്കോറിങ്ങ് വേഗത ഉയര്‍ത്തി. 23 പന്തില്‍ നാലു ഫോറും 3 സിക്സും നേടിയ സ്റ്റോക്ക്സ് 46 റണ്‍ നേടി. അവസാന ഓവറില്‍ 23 റണ്‍സ് വേണ്ട ഇംഗ്ലണ്ടിനു വേണ്ടി ആര്‍ച്ചര്‍ ശ്രമിച്ചെങ്കിലും 8 റണ്‍ അകലെ അവസാനിച്ചു.ഇന്ത്യക്കു വേണ്ടി ടാക്കൂര്‍ 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍, പാണ്ട്യ, രാഹുല്‍ ചഹര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍ ഒരു വിക്കറ്റ് വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കു വേണ്ടി സൂര്യകുമാര്‍ യാദവിന്‍റെ അര്‍ദ്ധസെഞ്ചുറി പ്രകടനമാണ് മികച്ച സ്കോറിലേക്ക് എത്തിച്ചത്. അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ സിക്സ് നേടിയ സൂര്യകുമാര്‍ യാദവ് 31 പന്തില്‍ നിന്നും 57 റണ്‍സ് നേടി. ഇന്ത്യയുടെ മുന്‍നിര താരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ മധ്യനിരയിലെ പ്രകടനമാണ് ഇന്ത്യയെ 185 എന്ന സ്കോറിലെത്തിച്ചത്.

സ്‌കോര്‍ 21ല്‍ എത്തിയപ്പോള്‍ ഓപ്പണര്‍ രോഹിത് ശര്‍മയെ (12) നഷ്ടമായ ഇന്ത്യക്ക് അധികം വൈകാതെ മോശം ഫോമിലുള്ള കെല്‍ രാഹുലിനെയും (14) നഷ്ടമായി. പിന്നാലെ എത്തിയ കൊഹ്ലി ആദില്‍ റഷീദിന്റെ പന്തില്‍ 1 റണ്‍ മാത്രം എടുത്ത് പുറത്തായി.

70 ന് 3 എന്ന നിലയിലേക്ക് ഇന്ത്യ വീണെങ്കിലും റിഷഭ് പന്തുമൊത്ത് (30) ഇന്ത്യന്‍ ഇന്നിംഗ്സ് മുന്നോട്ട് നയിച്ചു. സൂര്യകുമാര്‍ യാദവ് ഡേവിഡ് മലാന്റെ സംശയകരമായ ക്യാച്ചില്‍ പുറത്തായി. 31 പന്തില്‍ 6 ഫോറും 3 സിക്സും സഹിതം 57 റണ്‍സാണ് അരങ്ങേറ്റ മത്സരത്തില്‍ നേടിയത്.

18 പന്തില്‍ 37 റണ്‍സ് നേടിയ ശ്രേയസ്സ് അയ്യര്‍ ഇന്ത്യയെ 150 റണ്‍സ് കടത്തി. ഹാര്‍ദിക് പാണ്ഡ്യയ്ക്ക് തിളങ്ങാനായില്ല. എട്ടു പന്തില്‍ നിന്ന് 11 റണ്‍സ് മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം. വാഷിങ്ടണ്‍ സുന്ദറാണ് (4) പുറത്തായ മറ്റൊരു താരം. ശാര്‍ദുല്‍ താക്കൂര്‍ നാലു പന്തില്‍ 10 റണ്‍സുമായി പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്, സ്റ്റോക്ക്സ്, സാം കറന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Previous articleബുമ്രക്ക് കല്യാണ ഉപദേശം നൽകി യുവരാജ് സിംഗ് : പേസ് ബൗളറുടെ കല്യാണത്തിനൊപ്പം വൈറലായി ബുംറ: യുവരാജ് ഇൻസ്റ്റാഗ്രാം വീഡിയോ
Next articleആദ്യ പന്തിൽ സിക്സ് : ടി:20 ക്രിക്കറ്റിലെ അപൂർവ്വ പട്ടികയിൽ ഇടം നേടി രോഹിത് ശർമ്മ