ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക് ഉഗ്രൻ തുടക്കം. ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ കേവലം 246 റൺസിന് ഇംഗ്ലണ്ടിനെ പുറത്താക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. സ്പിൻ ബോളർമാരുടെ മികച്ച പ്രകടനമാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് മുൻതൂക്കം നൽകിയത്.
രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, ബുമ്ര എന്നിവർ ഇന്ത്യയ്ക്കായി മത്സരത്തിൽ മികവ് പുലർത്തുകയുണ്ടായി. ഇതോടെ ഇന്ത്യ ഇംഗ്ലണ്ടിനെ എറിഞ്ഞിടുകയായിരുന്നു. മത്സരത്തിൽ കൃത്യമായ ആധിപത്യം പുലർത്താൻ ഇന്ത്യക്കു മുൻപിലേക്ക് വലിയ അവസരമാണ് കൈവന്നിരിക്കുന്നത്.
ഹൈദരാബാദിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ദിനം പിച്ച് ബാറ്റിംഗിനെ അനുകൂലിക്കുമെന്ന കണക്കുകൂട്ടലിൽ ആയിരുന്നു ഇംഗ്ലണ്ടിന്റെ ഈ തീരുമാനം. തരക്കേടില്ലാത്ത തുടക്കം തന്നെയാണ് ഇംഗ്ലണ്ടിന് തങ്ങളുടെ ഓപ്പണർമാരായ ക്രോളിയും(20) ഡക്കറ്റും(35) നൽകിയത്.
ഇരുവരും ചേർന്ന് 55 റൺസിന്റെ ആദ്യ വിക്കറ്റ് കൂട്ടുകെട്ട് കെട്ടിപ്പടുത്തു. എന്നാൽ ശേഷം തുടർച്ചയായി വിക്കറ്റുകളിൽ നഷ്ടമായത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. പിന്നീട് ജോ റൂട്ടും(29) ജോണി ബെയർസ്റ്റോയു(37)മാണ് ഇംഗ്ലണ്ടിനായി ക്രീസിലുറക്കാൻ ശ്രമിച്ചത്. പക്ഷേ സ്പിന്നർമാരുടെ കടന്നു വരവ് ഇരുവരെയും വലിയ രീതിയിൽ തന്നെ ബാധിച്ചു.
പിച്ചിൽ നിന്ന് തങ്ങൾക്ക് ലഭിച്ച ആനുകൂല്യങ്ങൾ അങ്ങേയറ്റം ഉപയോഗിക്കാൻ ഇന്ത്യയുടെ സ്പിന്നർമാർക്ക് സാധിച്ചിരുന്നു. ഇതോടെ ഇംഗ്ലണ്ടിന്റെ മുന്നോട്ടുപോക്ക് കൂടുതൽ ദുസ്സഹമായി മാറി. ഒരുവശത്ത് നായകൻ സ്റ്റോക്സ് ക്രീസിലുറയ്ക്കാൻ ശ്രമിച്ചെങ്കിലും മറുവശത്ത് തുടർച്ചയായി വിക്കറ്റുകൾ നേടി ഇന്ത്യൻ സ്പിന്നർമാർ മത്സരം പിടിച്ചെടുക്കുന്നതാണ് കാണാൻ സാധിച്ചത്.
ഇംഗ്ലണ്ടിനായി നായകൻ സ്റ്റോക്സ് 88 പന്തുകളിൽ 70 റൺസാണ് മത്സരത്തിൽ നേടിയത്. ഇന്നിംഗ്സിൽ 6 ബൗണ്ടറികളും 3 സിക്സറുകളുമാണ് ഉൾപ്പെട്ടത്. ഒപ്പം വാലറ്റത്ത് അരങ്ങേറ്റ മത്സരം കളിക്കുന്ന ഹാർട്ട്ലിയും പൊരുതുകയുണ്ടായി.
ഇങ്ങനെ ഇംഗ്ലണ്ട് മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 246 എന്ന സ്കോറിൽ എത്തുകയായിരുന്നു. ഇന്ത്യക്കായി അത്യുഗ്രൻ പ്രകടനങ്ങളാണ് സ്പിന്നർമാർ കാഴ്ചവച്ചത്. രവീന്ദ്ര ജഡേജ മത്സരത്തിൽ 88 റൺസ് വിട്ടുനൽകി 3 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. രവിചന്ദ്രൻ അശ്വിൻ 68 റൺസ് വിട്ടു നൽകി 3 വിക്കറ്റുകളാണ് മത്സരത്തിൽ നേടിയത്.
അക്ഷർ പട്ടേൽ 33 റൺസ് മാത്രം നൽകിയാണ് 2 വിക്കറ്റുകൾ സ്വന്തമാക്കിയത്. ബൂമ്രയും രണ്ടു വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. ഇവരുടെ മികച്ച പ്രകടനത്തിന്റെ ബലത്തിൽ ശക്തമായ രീതിയിൽ ഇന്നിംഗ്സ് ഫിനിഷ് ചെയ്യാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ആദ്യ ഇന്നിങ്സിൽ തന്നെ ഒരു തകർപ്പൻ ലീഡ് കണ്ടെത്തുക എന്നതാണ് ഇന്ത്യയുടെ നിലവിലെ ലക്ഷ്യം.