ഇന്ത്യക്കെതിരെയാ ടി20 പരമ്പരയുടെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനു 8 വിക്കറ്റിന്‍റെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 125 റണ്‍സ് വിജയലക്ഷ്യം 15.3 ഓവറില്‍ ഇംഗ്ലണ്ട് മറികടന്നു. തകര്‍പ്പന്‍ ബാറ്റിംഗുമായി ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ ടീമിനെ അനായാസം വിജയലക്ഷ്യം കടത്തി.
32 പന്തില്‍ 4 ഫോറും 3 സിക്സുമായി 49 റണ്‍സ് നേടിയ ജേസണ്‍ റോയും 24 പന്തില്‍ 2 ഫോറും 1 സിക്സുമായി 28 റണ്‍ നേടിയ ജോസ് ബട്ട്ലറും മികച്ച തുടക്കമാണ് നല്‍കിയത്. പിന്നാലെ വന്ന ജോണി ബെയര്‍സ്റ്റോ ആഞ്ഞു വീശിയതോടെ അനായാസം ഇംഗ്ലണ്ട് ലക്ഷ്യം കണ്ടെത്തി. ബെയര്‍സ്റ്റോ 26 റണ്‍ നേടിയപ്പോള്‍ 24 റണ്ണുമായി മലാന്‍ മികച്ച പിന്തുണ നല്‍കി. ഇന്ത്യക്കു വേണ്ടി ചഹല്‍, വാഷിങ്ങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ ശ്രേയസ്സ് അയ്യറുടെ അര്‍ദ്ധസെഞ്ചുറി പ്രകടനമാണ് പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്. 48 പന്തില്‍ 8 ഫോറും 1 സിക്സും നേടി 67 റണ്‍സ് നേടിയ അയ്യരാണ് ഇന്ത്യന്‍ ടോപ്പ് സ്കോറര്‍. റിഷഭ് പന്ത് (21), ഹര്‍ദ്ദിക്ക് പാണ്ട്യ (19) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്.
ഇംഗ്ലണ്ടിനു വേണ്ടി ആര്‍ച്ചര്‍ 3 വിക്കറ്റ് വീഴ്ത്തി. ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്, ജോര്‍ദ്ദാന്‍, സ്റ്റോക്ക്സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച്ച നടക്കും. 5 മത്സരങ്ങളടങ്ങിയ പരമ്പരയിലെ എല്ലാ മത്സരവും നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് നടക്കുക.