ഏഷ്യാ കപ്പിലെ പോരാട്ടത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ബംഗ്ലാദേശ്. 266 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 259 റണ്‍സില്‍ എല്ലാവരും പുറത്തായി. 6 റണ്‍സിന്‍റെ വിജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്.
വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് രണ്ടാം പന്തില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ (0) നഷ്ടമായി. തൊട്ടു പിന്നാലെ തിലക് വര്‍മ്മയേയും (5) ഇന്ത്യക്ക് നഷ്ടമായി. ശുഭ്മാന്‍ ഗില്ലും കെല്‍ രാഹുലും (19) ചേര്‍ന്ന് കരകയറ്റിയെങ്കിലും ബംഗ്ലാദേശ് കൂട്ടുകെട്ട് പൊളിച്ചു. ഇഷാന്‍ കിഷന്‍ (5) നിരാശപ്പെടുത്തി. സുര്യകുമാര്‍ (26) മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും പുറത്തായി.
മറുവശത്ത് ശുഭ്മാന്‍ ഗില്‍ ഉറച്ചു നിന്നു ഒരു തകര്‍പ്പന്‍ സെഞ്ചുറി നേടി. 117 പന്തുകൾ നേരിട്ടാണ് ഗില്‍ മത്സരത്തിൽ തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. സ്കോറിങ്ങ് ഉയര്‍ത്താനുള്ള ശ്രമത്തിനിടെ ഗില്ലും പുറത്തായി. 133 പന്തുകളില്‍ 8 ഫോറും 5 സിക്സും ഉള്‍പ്പെടെ 121 റണ്‍സാണ് ഗില്‍ നേടിയത്.
അക്സര്‍ പട്ടേലിനും താക്കൂറിനുമായിരുന്നു ഫിനിഷിങ്ങ് ജോലി. സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്തും ബൗണ്ടറി കണ്ടെത്തിയും വിജയലക്ഷ്യം 12 പന്തില്‍ 17 റണ്‍സ് എന്ന നിലയിലാക്കി. എന്നാല്‍ താക്കൂര്‍ (11) ആദ്യ പന്തില്‍ പുറത്തായി. പിന്നാലെ ഒരു ഫോറടിച്ച് അക്സര്‍ പട്ടേലും (32 പന്തില്‍ 38) പുറത്തായി.
അവസാന 6 പന്തില്‍ 12 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ആദ്യ 3 പന്തുകള്‍ മിസ്സ് ആയപ്പോള്‍ നാലാം പന്ത് ഷമി ബൗണ്ടറി കണ്ടെത്തി. എന്നാല്‍ അടുത്ത പന്തില്‍ താരം റണ്ണൗട്ടായതോടെ ബംഗ്ലാദേശ് വിജയം രുചിച്ചു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സ് നേടി. 85 പന്തില്‍ 80 റണ്‍സുമായി ക്യാപ്റ്റൻ ഷാകിബ് അല്‍ ഹസനാണ് ബംഗ്ലാദേശിന്‍റെ ടോപ്പ് സ്കോറര്‍. തൗഹിദ് ഹസന്റെ അര്‍ധസെഞ്ച്വറിയും (81 പന്തില്‍ 54) നസൂം അഹ്മദിന്റെ അവസരോചിത ബാറ്റിങ്ങും (45 പന്തില്‍ 44) അവസാന ഓവറുകളില്‍ മെഹ്ദി ഹസനും (23 പന്തില്‍ പുറത്താവാതെ 29), തൻസീം ഹസൻ ശാകിബും (എട്ട് പന്തില്‍ പുറത്താവാതെ 14) അതിവേഗത്തിൽ സ്കോർ ചെയ്തതുമാണ് ബംഗ്ലാദേശിനെ മികച്ച സ്കോറിലെത്തിച്ചത്.
ഇന്ത്യക്കായി താക്കൂര്‍ 3 വിക്കറ്റ് നേടി. ഷമി 2 ഉം പ്രസീദ്, അക്സര്‍ പട്ടേല്‍, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.