കടുവകണ്ണീര്‍ വീണു. മഴ കളിയില്‍ ഇന്ത്യ വിജയം തട്ടിയെടുത്തു.

ഐസിസി ടി20 ലോകകപ്പിലെ പോരാട്ടത്തില്‍ വിജയവുമായി ഇന്ത്യ. അഡലെയ്ഡിലെ മഴ കളിയില്‍ ഒരു ഘട്ടത്തില്‍ വിജയത്തിലായിരുന്ന ബംഗ്ലാദേശിനെ തകര്‍പ്പന്‍ തിരിച്ചു വരവിലൂടെ കീഴക്കുകയായിരുന്നു. മഴ കളി തടസ്സപ്പെടുത്തിയതോടെ വിജയലക്ഷ്യം 16 ഓവറില്‍ 151 റണ്‍സ് ആക്കി മാറ്റിയിരുന്നു. വിജയ ലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിനു 16 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് നേടാനാണ് സാധിച്ചുള്ളു. 5 റണ്‍സിന്‍റെ വിജയം ഇന്ത്യ സ്വന്തമാക്കി.

വിജയത്തോടെ ഇന്ത്യ പോയിന്‍റ് പട്ടികയില്‍ ഒന്നാമത് എത്തി. സിംബാബ്വെക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശിനായി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. പവര്‍പ്ലേയില്‍ ഇന്ത്യന്‍ ബോളര്‍മാരെ അടിച്ചു പറത്തിയപ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 60 റണ്‍സ് പിറന്നു. ഇന്നിംഗ്സിനിടെ മഴ പെയ്യും എന്ന് പ്രവചനമുണ്ടായിരുന്നു. അതിനാല്‍ തന്നെ അതു കണ്ടു കൊണ്ടാണ് ബംഗ്ലാദേശ് ബാറ്റര്‍മാര്‍ ബാറ്റ് വീശിയത്.

അത് ഫലം കാണുകയും ചെയ്തു. 7 ഓവറില്‍ 66 റണ്‍സ് നേടി നില്‍ക്കേ മഴ പെയ്തു. DLS പ്രകാരം 17 റണ്‍സിനായിരുന്നു ബംഗ്ലാദേശ് മുന്നില്‍. മഴ മാറിയതോടെ വിജയലക്ഷ്യം അടുത്ത 9 ഓവറില്‍ 85 റണ്‍സ് ആക്കി കുറച്ചു.

രണ്ടാം പന്തില്‍ തന്നെ അപകടകാരിയായ ലിറ്റണ്‍ ദാസ് റണ്ണൗട്ടായതോടെ ഇന്ത്യക്ക് പ്രതീക്ഷയായി. 27 പന്തില്‍ 7 ഫോറും 3 സിക്സും സഹിതം 60 റണ്‍സ് നേടിയ താരത്തെ കെല്‍ രാഹുലാണ് പുറത്താക്കിയത്. തൊട്ടു പിന്നാലെ ഷാന്‍റോയെ (21) ഷമി മടക്കിയെങ്കിലും ബൗണ്ടറികളുമായി ഷാക്കീബ് ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തി.

അര്‍ഷദീപ് എത്തി അഫീഫിനെയും (3) ഷാക്കീബിനെയും (13) പുറത്താക്കി. ഹര്‍ദ്ദിക്ക് പാണ്ട്യ യാസിര്‍ അലിയേയും (1)മൊസ്ദെക്കിനെയും (6) പുറത്താക്കി.

അവസാന രണ്ടോവറില്‍ 31 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. 11 റണ്‍സ് ഹര്‍ദ്ദിക്ക് വഴങ്ങിയപ്പോള്‍ അവസാന ഓവറില്‍ അര്‍ഷദീപിനെയാണ് രോഹിത് പന്തേല്‍പ്പിച്ചത്. രണ്ടാം പന്തില്‍ നൂറുല്‍ ഹസ്സന്‍ സിക്സടിച്ചു. എന്നാല്‍ പിന്നീട് മനോഹരമായി അര്‍ഷദീപ് ഓവര്‍ പൂര്‍ത്തിയാക്കിയതോടെ ഇന്ത്യ വിജയം സ്വന്തമാക്കി.

ഇന്ത്യക്കായി ഹര്‍ദ്ദിക്ക് പാണ്ട്യയും അര്‍ഷദീപും 2 വിക്കറ്റ് വീതം വീഴ്ത്തി. ഷമിക്കാണ് ശേഷിച്ച ഒരു വിക്കറ്റ്.

ഓപ്പണര്‍ കെ.എൽ. രാഹുലും വിരാട് കോലിയും തകർത്തടിച്ച മത്സരത്തിൽ ബംഗ്ലദേശിനെതിരെ 185 റണ്‍സ് വിജയലക്ഷ്യമുയർത്തി ടീം ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുത്തു.

തുടര്‍ച്ചയായി മൂന്നു മത്സരങ്ങളിൽ നിരാശപ്പെടുത്തുന്ന പ്രകടനവുമായെത്തിയ കെ.എല്‍. രാഹുൽ ബംഗ്ലദേശിനെതിരെ അർധ സെഞ്ചറി തികച്ചു. 32 പന്തുകളിൽനിന്ന് 50 റൺസാണു താരം നേടിയത്. വിരാട് കോലി 44 പന്തിൽ 64 റൺസുമായി പുറത്താകാതെനിന്നു. ബംഗ്ലാദേശിനായി ഹസ്സന്‍ 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷാക്കീബ് 2 വിക്കറ്റ് വീഴ്ത്തി.

ഇത്തവണത്തെ ലോകകപ്പിൽ കിരീടം നേടുന്നതല്ല തങ്ങളുടെ ലക്ഷ്യമെന്നും മറിച്ച് ഇന്ത്യയെപ്പോലെ വമ്പൻ ടീമുകളെ അട്ടിമറിക്കുക എന്നതാണെന്നും ബംഗ്ലാദേശ് നായകൻ ഷാക്കിബ് അൽ ഹസൻ മത്സരത്തിനു മുന്നോടിയായി പറഞ്ഞിരുന്നു.

Previous articleശ്രീലങ്കൻ ഇതിഹാസത്തെ പിന്നിലാക്കി ലോകകപ്പിലെ ചരിത്ര നേട്ടം സ്വന്തമാക്കി ഒന്നാമതായി വിരാട് കോഹ്ലി.
Next articleബംഗ്ലാദേശിന്‍റെ ആഘോഷങ്ങളെ തല്ലികെടുത്തിയ കെല്‍ രാഹുലിന്‍റെ ഉഗ്രന്‍ ത്രോ. കളി മാറ്റിയ നിര്‍ണായക പുറത്താക്കല്‍