ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോൾ ഇന്ത്യ വിജയത്തിന് അടുത്തേക്ക്. മത്സരത്തിൽ 6 വിക്കറ്റുകൾ മാത്രമാണ് ഇന്ത്യയ്ക്ക് വിജയിക്കാൻ ആവശ്യം. മറുവശത്ത് ബംഗ്ലാദേശിന് ഇനിയും 357 റൺസ് കൂടി സ്വന്തമാക്കിയാൽ മാത്രമേ മത്സരത്തിൽ വിജയം നേടാൻ സാധിക്കൂ.
മത്സരത്തിന്റെ മൂന്നാം ദിവസം കൃത്യമായി ഇന്ത്യയുടെ ബാറ്റർമാരും ബോളർമാരും ആധിപത്യം പുലർത്തുകയുണ്ടായി. ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ ശുഭ്മാൻ ഗില്ലും റിഷഭ് പന്തും സെഞ്ച്വറി സ്വന്തമാക്കി. ഇരുവരുടെയും മികവിൽ ബംഗ്ലാദേശിന് മുൻപിലേക്ക് ഒരു വമ്പൻ വിജയലക്ഷ്യം തന്നെയാണ് ഇന്ത്യ വച്ചത്.
രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് 67 റൺസ് സ്വന്തമാക്കുന്നതിനിടെ 3 വിക്കറ്റുകൾ നഷ്ടമായിരുന്നു. ശേഷമാണ് ഗില്ലും പന്തും ക്രീസിലുറച്ചത്. ഇരുവരും കൃത്യമായ രീതിയിൽ ബംഗ്ലാദേശ് ബോളർമാരെ സമ്മർദ്ദത്തിൽ ആക്കുകയുണ്ടായി. തങ്ങൾക്ക് ലഭിച്ച മോശം പന്തുകളെയൊക്കെയും അടിച്ചകറ്റാൻ ഇരുവർക്കും സാധിച്ചു.
പന്തായിരുന്നു ആക്രമണ മനോഭാവത്തോടെ മത്സരത്തെ നോക്കി കണ്ടത്. തന്റെ തിരിച്ചുവരവിൽ ഒരു തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കാൻ പന്തിന് സാധിച്ചു. 128 ബോളുകൾ മത്സരത്തിൽ നേരിട്ട പന്ത് 109 റൺസാണ് സ്വന്തമാക്കിയത്. 13 ബൗണ്ടറികളും 4 സിക്സറുകളും പന്തിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു.
മറുവശത്ത് 176 പന്തുകളിൽ 119 റൺസ് നേടിയ ഗിൽ പുറത്താവാതെ നിന്നു. 10 ബൗണ്ടറികളും 4 സിക്സറുകളും ഗില്ലിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ ഒരു വമ്പൻ കൂട്ടുകെട്ടാണ് ഇന്ത്യക്കായി കെട്ടിപ്പടുത്തത്. ഇതിന്റെ ബലത്തിൽ രണ്ടാം ഇന്നിങ്സിൽ 287 റൺസിന് 4 വിക്കറ്റുകൾ എന്ന നിലയിൽ ഇന്ത്യ ഡിക്ലയർ ചെയ്യുകയുണ്ടായി.
515 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ നാലാം ഇന്നിങ്സിൽ ബംഗ്ലാദേശിന് മുൻപിലേക്ക് വെച്ചത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശിന് തരക്കേടില്ലാത്ത തുടക്കമാണ് ഓപ്പണർമാർ നൽകിയത്. പക്ഷേ ഓപ്പണർ സക്കീർ ഹസനെ പുറത്താക്കി ബുമ്ര ഇന്ത്യക്കായി ആദ്യ വിക്കറ്റ് സമ്മാനിച്ചു.
ശേഷം അശ്വിൻ കളംനിറഞ്ഞതോടെ ഇന്ത്യ മത്സരത്തിൽ മുൻതൂക്കം നേടിയെടുക്കുകയായിരുന്നു. മൂന്നാം ദിവസം ബംഗ്ലാദേശിന്റെ 4 വിക്കറ്റുകൾ സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. 158 റൺസ് മാത്രമാണ് ബംഗ്ലാദേശിന് നേടാൻ സാധിച്ചത്. വിജയത്തിലേക്ക് ഇനിയും 357 റൺസ് അകലെയാണ് ബംഗ്ലാദേശ് നിൽക്കുന്നത്.
60 പന്തുകളിൽ 51 റൺസ് നേടിയ നായകൻ ഷാന്റോയാണ് നിലവിൽ ബംഗ്ലാദേശിനായി ക്രീസിലുള്ളത്. എത്രയും പെട്ടെന്ന് തന്നെ ബംഗ്ലാദേശിന്റെ വിക്കറ്റുകൾ സ്വന്തമാക്കി വിജയം നേടാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ.