ഐസിസി ടി20 ലോകകപ്പിനു മുന്നോടിയായുള്ള രണ്ടാമത്തെ സന്നാഹ മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് അനായാസ വിജയം. ഓസ്ട്രേലിയ ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 17.5 ഓവറില്‍ മറികടന്നു. ഇന്നത്തെ മത്സരത്തില്‍ ക്യാപ്റ്റനായ രോഹിത് ശര്‍മ്മയുടെ അര്‍ദ്ധസെഞ്ചുറി മികവിലാണ് ഇന്ത്യന്‍ വിജയം.
41 പന്തില്‍ 5 ഫോറും 3 സിക്സുമായി 60 റണ്‍സാണ് രോഹിത് ശര്‍മ്മ നേടിയത്. നേരത്തെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. 9.2 ഓവറില്‍ 68 റണ്‍സാണ് കെല്‍ രാഹുലും രോഹിത് ശര്‍മ്മയും കൂട്ടിചേര്‍ത്തത്. 31 പന്തില്‍ 2 ഫോറും 3 സിക്സുമായി 39 റണ്‍സാണ് രാഹുല്‍ നേടിയത്.
രാഹുല്‍ ഔട്ടായതിനു ശേഷം എത്തിയ സൂര്യകുമാര്‍ യാദവ് മത്സരം ഫിനിഷിങ്ങിലേക്കെത്തിച്ചു. 27 പന്തില്‍ 38 റണ്‍സാണ് സൂര്യകുമാര്‍ യാദവ് നേടിയത്. 5 ഫോറും 1 സിക്സും ഇന്നിംഗ്സില്‍ പിറന്നു. മത്സരം വിജയിക്കാന്‍ 26 റണ്‍സുള്ളപ്പോള്‍ രോഹിത് ശര്‍മ്മ, ഹര്‍ദ്ദിക്ക് പാണ്ട്യക്കായി വഴി മാറി. കെയിന്‍ റിച്ചാര്‍ഡ്സണെ സിക്സ് കടത്തി ഹര്‍ദ്ദിക്ക് പാണ്ട്യയയാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്ക് മോശം തുടക്കമാണ് ലഭിച്ചത്. ആദ്യ നാലോവറില്‍ ഓസ്ട്രേലിയയുടെ 3 വിക്കറ്റുകളാണ് വീണത്. മോശം ഫോം തുടരുന്ന ഓപ്പണർ ഡേവിഡ് വാർണർ (ഏഴു പന്തിൽ ഒന്ന്), ക്യാപ്റ്റൻ ആരോൺ ഫിഞ്ച് (10 പന്തിൽ എട്ട്), മിച്ചൽ മാർഷ് (0) എന്നിവരാണ് പവര്‍പ്ലേയില്‍ പുറത്തായത്. 2 വിക്കറ്റുമായി അശ്വിനും ജഡേജയുമാണ് ഓസ്ട്രേലിയന്‍ തകര്‍ച്ചക്ക് കാരണമായത്.
11 ന് 3 എന്ന നിലയില്‍ നിന്നും സ്റ്റീവന്‍ സ്മിത്തും മാക്സ്വെല്ലും ചേര്‍ന്നാണ് മുന്നോട്ട് നയിച്ചത്. 46 പന്തിൽനിന്ന് ഇരുവരും ചേർന്ന് ഓസീസ് സ്കോർ ബോർഡിൽ ചേർത്തത് 61 റൺസാണ്. ഈ കൂട്ടുകെട്ട് ഓസീസ് ഇന്നിങ്സിന് അടിത്തറയിട്ടപ്പോൾ, അഞ്ചാം വിക്കറ്റിൽ മറ്റൊരു അർധസെഞ്ചുറി കൂട്ടുകെട്ടുമായി സ്മിത്ത് – സ്റ്റോയ്നിസ് സഖ്യം ഓസീസിന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചു. 49 പന്തിൽ ഇരുവരും കൂട്ടിച്ചേർത്തത് 76 റൺസ്. 48 പന്തില്‍ 57 റണ്‍സ് നേടി സ്റ്റീവന്‍ സ്മിത്ത് അവസാന ഓവറിലാണ് പുറത്തായത്. മാക്സ്വെല്‍ 37 റണ്‍സ് നേടിയപ്പോള്‍, സ്റ്റോണിസ് 25 പന്തില്‍ 41 റണ്‍സാണ് സ്വന്തമാക്കിയത്.
ഇന്ത്യയ്ക്കായി വിരാട് കോലി ഉൾപ്പെടെ ഏഴു ബോളർമാരാണ് ഇന്ന് പന്തെറിഞ്ഞത്. കഴിഞ്ഞ മത്സരത്തിൽ അവസാന ഓവറിൽ 21 റൺസ് വഴങ്ങിയ ഭുവനേശ്വർ കുമാറിന്റെ തിരിച്ചുവരവായിരുന്നു ഇന്ത്യൻ ബോളർമാരിൽ ഏറ്റവും മികച്ചത്. ഇത്തവണ 20–ാം ഓവറിൽ ആറു റൺസ് മാത്രം വഴങ്ങിയ ഭുവി ഒരു വിക്കറ്റും വീഴ്ത്തി. ആകെ നാല് ഓവറിൽ 27 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് സ്വന്തമാക്കി.
രണ്ട് ഓവറിൽ എട്ടു റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത രവിചന്ദ്രൻ അശ്വിന്‍ ബോളിങ്ങിൽ തിളങ്ങി. മൂന്ന് ഓവറിൽ 17 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത രാഹുൽ ചാഹർ, നാല് ഓവറിൽ 35 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത രവീന്ദ്ര ജഡേജ എന്നിവരും ഇന്ത്യയ്ക്ക് കരുത്തു പകർന്നു.