ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിന് കൂടുതൽ ആവേശം വിതറി രണ്ടാം ദിനം. ഇരു ടീമുകളും കൃത്യമായ രീതിയിൽ മത്സരത്തിലേക്ക് തിരിച്ചു വരുന്നതു തന്നെയാണ് രണ്ടാം ദിവസം കണ്ടത്. മത്സരത്തിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ 263 റൺസായിരുന്നു ആദ്യ ഇന്നിങ്സിൽ നേടിയത്. ഇതിന്റെ മറുപടി ബാറ്റിംഗ് ഇന്ത്യ ആദ്യദിനം തന്നെ ആരംഭിച്ചിരുന്നു. ആദ്യദിനത്തിലേതുപോലെ രണ്ടാം ദിനവും സ്പിന്നിനെ അങ്ങേയറ്റം പിന്തുണക്കുന്ന പിച്ചു തന്നെയാണ് ഡൽഹിയിൽ കാണാനായത്.
രണ്ടാം ദിവസത്തിന്റെ തുടക്കത്തിൽ തന്നെ പിച്ചിന്റെ ആനുകൂല്യം പൂർണമായും ഉപയോഗിക്കാൻ ഓസീസിന് സാധിച്ചു. ഇന്ത്യയുടെ മുൻനിരയെ നതാൻ ലയൺ വരിഞ്ഞുമുറുകുകയായിരുന്നു. രോഹിത്തിനു(32)ശേഷം 44 റൺസെടുത്ത കോഹ്ലി മാത്രമാണ് ഇന്ത്യയുടെ മുൻനിരയിൽ പിടിച്ചുനിന്നത്. ഇങ്ങനെ 139ന് 7 എന്ന നിലയിൽ ഇന്ത്യ തകരുന്നതാണ് രണ്ടാം ദിവസം കണ്ടത്. എന്നാൽ ആദ്യ ടെസ്റ്റിലെതുപോലെ തന്നെ രണ്ടാം ടെസ്റ്റിലും ഇന്ത്യയുടെ ഓൾറൗണ്ടർമാർ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചു.
അക്ഷർ പട്ടേൽ ഇന്നിംഗ്സിൽ 115 പന്തുകൾ നേരിട്ട് 74 റൺസ് നേടിയപ്പോൾ, അശ്വിൻ 37 റൺസ് നേടി അക്ഷറിന് മികച്ച പിന്തുണ നൽകുകയുണ്ടായി. എട്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 114 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യക്കായി കെട്ടിപ്പടുത്തത്. വലിയ തകർച്ചയിലേക്ക് പോയ ഇന്ത്യയെ ഇരുവരും ചെർന്ന് കൈപിടിച്ചു കയറ്റി. അങ്ങനെ ഇന്ത്യയുടെ സ്കോർ 262 റൺസിൽ എത്തുകയായിരുന്നു. കേവലം ഒരു റൺ ലീഡ് മാത്രമാണ് ഇന്ത്യ ആദ്യ ഇന്നിങ്സിൽ വഴങ്ങിയത്.
രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് ട്രാവിസ് ഹെഡ്(39*) വളരെ പോസിറ്റീവായ ഒരു തുടക്കം തന്നെയാണ് നൽകിയത്. രണ്ടാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 61ന് 1 എന്ന നിലയിലാണ് ഓസ്ട്രേലിയ. 6 റണ്‍ നേടിയ ഖവാജയാണ് പുറത്തായത്. 16 റണ്‍സുമായി ലംബുഷെയ്നാണ് ക്രീസില്‍.എത്രയും വേഗം ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് അവസാനിപ്പിച്ച് മത്സരം വിജയിക്കാൻ തന്നെയാവും മൂന്നാം ദിവസം ഇന്ത്യയുടെ ശ്രമം.