അഞ്ചാം ടെസ്റ്റ്‌ മൽസരത്തിൽ ഇന്ത്യൻ ടീമിൽ വമ്പൻ മാറ്റങ്ങൾ. സാധ്യത പ്ലെയിങ് ഇലവൻ ഇങ്ങനെ.

ബോക്സിന്റെ ഡേ ടെസ്റ്റ് മത്സരത്തിൽ 184 റൺസിന്റെ കനത്ത പരാജയം നേരിട്ടതോടെ ഇന്ത്യൻ ടീം ബോർഡർ- ഗവാസ്കർ ട്രോഫിയിൽ പിന്നിലേക്ക് പോയിട്ടുണ്ട്. അതിനാൽ തന്നെ അവസാന ടെസ്റ്റ് മത്സരത്തിൽ ഒരു മികച്ച വിജയം നേടിയാലെ ഇന്ത്യക്ക് പരമ്പര സമനിലയിൽ ആക്കാനെങ്കിലും സാധിക്കൂ. ജനുവരി 3 മുതൽ 7 വരെ സിഡ്നി മൈതാനത്താണ് ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റ് മത്സരം നടക്കുന്നത്. ഈ മത്സരത്തിൽ ഇന്ത്യ ചില മാറ്റങ്ങളുമായാവും മൈതാനത്ത് എത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് എന്തൊക്കെയാണ് എന്ന് നോക്കാം.

 ബാറ്റർമാർ 

കഴിഞ്ഞ മത്സരങ്ങളിൽ വളരെ മോശം പ്രകടനങ്ങൾ കാഴ്ചവച്ചതിനാൽ രോഹിത് ശർമ അഞ്ചാം മത്സരത്തിൽ കളിക്കാൻ സാധ്യത വളരെ കുറവാണ്. ഇതുവരെ ഈ പരമ്പരയിൽ 31 റൺസ് മാത്രമാണ് രോഹിത്തിന് നേടാൻ സാധിച്ചത്. അതുകൊണ്ട് അവസാന മത്സരത്തിൽ ഇന്ത്യ രോഹിത്തിന് വിശ്രമം നൽകിയേക്കും. പകരക്കാരനായി ശുഭ്മാൻ ഗിൽ ടീമിലേക്ക് തിരിച്ചെത്താനാണ് സാധ്യത. അങ്ങനെയെങ്കിൽ കെഎൽ രാഹുൽ ജയസ്വാളിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. ശേഷം ശുഭമാൻ ഗില്ലും വിരാട് കോഹ്ലിയുമാവും ഇന്ത്യക്കായി മൈതാനത്ത് എത്തുക.

മധ്യനിര 

വിരാട് കോഹ്ലി തന്നെയാവും ഇന്ത്യയുടെ മധ്യനിരയിലെ പ്രധാന താരം. പെർത്ത് ടെസ്റ്റ് മത്സരത്തിൽ സെഞ്ച്വറി സ്വന്തമാക്കിയെങ്കിലും മറ്റുള്ള മത്സരങ്ങളിൽ ഒന്നുംതന്നെ ഇമ്പാക്ട് പടർത്തുന്ന ഇന്നിംഗ്സുകൾ കാഴ്ചവയ്ക്കാൻ കോഹ്ലിയ്ക്ക് സാധിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ കോഹ്ലിയുടെ സ്ഥാനത്തെ സംബന്ധിച്ചുള്ള ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഇക്കാരണങ്ങളാൽ സിഡ്നി ടെസ്റ്റ് മത്സരം കോഹ്ലിയ്ക്ക് വളരെ പ്രധാനപ്പെട്ടതാണ്. നാലാമനായി കോഹ്ലിയും അഞ്ചാമനായി പന്തും തന്നെ സിഡ്നിയിൽ മൈതാനത്ത് എത്തും എന്നാണ് കരുതുന്നത്.

ഓൾറൗണ്ടർമാർ 

സിഡ്നി ടെസ്റ്റ് മത്സരത്തിലും രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, നിതീഷ് കുമാർ എന്നീ ഓൾറൗണ്ടർമാരാവും ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുക. നിതീഷ് മെൽബണിൽ മികച്ച ബാറ്റിംഗ് പ്രകടനമായിരുന്നു കാഴ്ചവച്ചത്. എട്ടാം നമ്പറിൽ വാഷിംഗ്ടൺ സുന്ദറിനും മികവ് പുലർത്താൻ സാധിക്കുന്നുണ്ട്. സിഡ്നിയിലെ പിച്ച് സ്പിന്നർമാരെ സഹായിക്കും എന്നതിനാൽ തന്നെ ഇന്ത്യ 2 സ്പിന്നർമാരുമായി തന്നെ മൈതാനത്ത് എത്താൻ സാധ്യതയുണ്ട്.

ബോളർമാർ 

സിഡ്നി ടെസ്റ്റിലും ജസ്പ്രീത് ബുമ്ര തന്നെയാവും ഇന്ത്യൻ പേസ് നിരയെ നയിക്കുന്നത്. ഒപ്പം ആകാശ് ദീപും മുഹമ്മദ് സിറാജും ഇന്ത്യൻ നിരയിൽ ഉൾപ്പെടും. മെൽബണിൽ മികച്ച പ്രകടനമായിരുന്നു ആകാശ് കാഴ്ചവെച്ചത്. എന്നാൽ വേണ്ട രീതിയിൽ വിക്കറ്റുകൾ സ്വന്തമാക്കാൻ ആകാശിന് സാധിച്ചില്ല. സിറാജ് മെൽബണിലെ ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്സിൽ 3 വിക്കറ്റുകൾ നേടി മികവ് പുലർത്തിയിരുന്നു. അതുകൊണ്ടുതന്നെ ഈ താരങ്ങൾ തന്നെ നാലാം മത്സരത്തിലും അണിനിരക്കാനാണ് സാധ്യത.

Previous articleറിഷഭ് പന്ത് സാഹചര്യം മനസിലാക്കി ബാറ്റ് ചെയ്യണം. ഷോട്ട് സെലക്ഷനെ പറ്റി രോഹിത് ശർമ.