നാലാം ടെസ്റ്റിന്റെ നാലാം ദിവസവും ഇന്ത്യൻ അഴിഞ്ഞാട്ടം. ആദ്യ ഇന്നിംഗ്സിലെ ഓസ്ട്രേലിയയുടെ സ്കോറായ 480 മറികടക്കാൻ ഇന്ത്യയ്ക്ക് നാലാം ദിവസം സാധിച്ചിട്ടുണ്ട്. 91 റൺസിന്റെ ലീഡാണ് മത്സരത്തിൽ ഇന്ത്യ നേടിയത്. വിരാട് കോഹ്ലിയുടെയും ശുഭമാൻ ഗില്ലിന്‍റേയും തകർപ്പൻ ഇന്നിംഗ്സുകളാണ് ഇന്ത്യക്ക് ആദ്യ ഇന്നിങ്സിൽ മികച്ച സ്കോർ നൽകിയത്. ഇതോടെ മത്സരം സമനിലയിലാവാനുള്ള സാധ്യത വർദ്ധിച്ചിരിക്കുകയാണ്.
മൂന്നാം ദിവസത്തേതിന് സമാനമായ രീതിയിൽ നാലാം ദിവസവും ക്രീസിലുറച്ച് കളിക്കാൻ തന്നെയായിരുന്നു ഇന്ത്യയുടെ ബാറ്റർമാർ ശ്രമിച്ചത്. വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ഇന്നിംഗ്സിന് നേതൃത്വം നൽകിയത്. ഒപ്പം രവീന്ദ്ര ജഡേജയും(28) ശ്രീകാർ ഭരതും(40) കോഹ്ലിക്ക് ആവശ്യമായ പിന്തുണയും നൽകി. ഇതോടെ ഇന്ത്യയുടെ സ്കോർ കുതിക്കുകയായിരുന്നു. കോഹ്ലി ഇന്നിങ്‌സിൽ 364 പന്തുകളിൽ നിന്ന് 186 റൺസ് നേടുകയുണ്ടായി. 15 ബൗണ്ടറികളായിരുന്നു വിരാട് നേടിയത്. ഇന്നിംഗ്സിൽ അക്ഷർ പട്ടേലും നാലാം ദിവസം ബാറ്റിംഗിൽ മികവ് പുലർത്തി.
ഓസ്ട്രേലിയയുടെ സ്പിന്നർമാരെ അങ്ങേയറ്റം ആക്രമിച്ചായിരുന്നു അക്ഷർ പട്ടേൽ കളിച്ചത്. ഇന്നിംഗ്സിൽ 113 പന്തുകളിൽ നിന്ന് 79 റൺസ് ആയിരുന്നു അക്ഷറിന്റെ സമ്പാദ്യം. ഇന്നിങ്സിൽ 5 ബൗണ്ടറികളും നാല് സിക്സറുകളുമാണ് ഉൾപ്പെട്ടത്. എന്നാൽ അക്ഷർ പുറത്തായതിനു ശേഷം ഇന്ത്യയുടെ സ്കോറിങ് അവസാനിക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 571 റൺസാണ് ഇന്ത്യ നേടിയത്. 91 റൺസിന്റെ ലീഡാണ് ഇന്ത്യ ആദ്യ ഇന്നിങ്സിൽ സ്വന്തമാക്കിയിരിക്കുന്നത്.
മറുപടി ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയ ആദ്യ 6 ഓവറുകളിൽ 3 റൺസ് മാത്രമാണ് നേടിയിട്ടുള്ളത്. അഞ്ചാം ദിവസം മത്സരം സമനിലയിലാക്കാൻ ആവും ഓസ്ട്രേലിയ കൂടുതലായി ശ്രമിക്കുന്നത്. എന്നാൽ ഇന്ത്യയെ സംബന്ധിച്ച് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ മുമ്പിലുള്ളതിനാൽ തന്നെ വിജയത്തിൽ കുറഞ്ഞതോന്നും പ്രതീക്ഷിക്കാനാവില്ല. എന്തായാലും ടെസ്റ്റിലെ നിർണായകമായ ദിനമാണ് അഞ്ചാം ദിവസം.