അഹമ്മദാബാദ് ടെസ്റ്റിന്റെ മൂന്നാം ദിവസം ഇന്ത്യൻ ടീമിന്റെ ഒരു തകർപ്പൻ തിരിച്ചുവരവ്. ആദ്യ രണ്ടുദിവസം ഓസ്ട്രേലിയ മത്സരത്തിൽ ആധിപത്യം സ്ഥാപിച്ച ശേഷമാണ് മൂന്നാം ദിവസം ഇന്ത്യ മികവ് കാട്ടിയത്. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 480 റൺസ് എന്ന ഭീമാകാരനായ സ്കോറായിരുന്നു ഓസ്ട്രേലിയ സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിൽ മൂന്നാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 289ന് 3 എന്ന നിലയിലാണ് ഇന്ത്യ. നിലവിൽ ഓസ്ട്രേലിയയുടെ ആദ്യ സ്കോറിനേക്കാൾ 191 റൺസ് മാത്രം പിന്നിലാണ് ഇന്ത്യ നിൽക്കുന്നത്. അതിനാൽതന്നെ മത്സരത്തിന്റെ നാലാം ദിവസം വളരെ നിർണായകമാണ്.
മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഉസ്മാൻ ഖവാജയുടെയും ക്യാമറോൺ ഗ്രീനിന്റെയും ബാറ്റിംഗ് മികവിൽ ഓസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ 480 എന്ന സ്കോറിൽ എത്തി. മറുപടി ബാറ്റിംഗിൽ വളരെ പക്വതയോടെയാണ് ഇന്ത്യ ആരംഭിച്ചത്. പിച്ച് മൂന്നാം ദിവസവും ബാറ്റിംഗിനെ അനുകൂലിച്ച സാഹചര്യത്തിൽ ശുഭ്മാൻ ഗിൽ ഇന്ത്യയ്ക്കായി ക്രീസിലുറച്ചു. മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ച്വറിയാണ് ഗിൽ നേടിയത്. 235 പന്തുകൾ നേരിട്ട ഗില്‍ 128 റൺസാണ് ആദ്യ ഇന്നിങ്സിൽ സ്വന്തമാക്കിയത്.
മറ്റു മുൻനിര ബാറ്റർമാരൊക്കെയും ഗില്ലിന് ആവശ്യമായ പിന്തുണ നൽകുന്നതും മൂന്നാം ദിവസം കണ്ടിരുന്നു. രോഹിത് 35ഉം പൂജാര 42ഉം റൺസ് ഇന്ത്യക്കായി നേടുകയുണ്ടായി. ഒപ്പം ഏറെ നാളുകൾക്കു ശേഷം വിരാട് കോഹ്ലിയുടെ(59*) ഒരു മാസ്മരിക തിരിച്ചുവരവ് ഇന്നിങ്‌സും പിറന്നു. അങ്ങനെ മൂന്നാം ദിവസം അവസാനിക്കുമ്പോൾ വളരെ മികച്ച നിലയിൽ തന്നെയാണ് ഇന്ത്യ നിലകൊള്ളുന്നത്.
മത്സരത്തിൽ രണ്ടു ദിവസങ്ങൾ അവശേഷിക്കുമ്പോൾ വിജയം തന്നെയാണ് ഇന്ത്യ മുന്നിൽ കാണുന്നത്. എന്നാൽ നാലാം ദിവസം മികച്ച റേറ്റിൽ റൺസ് കണ്ടെത്തിയാൽ മാത്രമേ ഇന്ത്യയ്ക്ക് മത്സരത്തിൽ വിജയത്തെപ്പറ്റി ചിന്തിക്കാൻ സാധിക്കൂ. അതിനാൽ തന്നെ നാലാം ദിവസം 200ന് മുകളിൽ ഒരു ലീഡ് കണ്ടെത്തി ഓസ്ട്രേലിയയെ സമ്മർദ്ദത്തിലാക്കാനാണ് ഇന്ത്യയുടെ നിലവിലെ ശ്രമം.