ഓസ്ട്രേലിയക്കെതിരായ നാലാമത്തെ ട്വന്റി20യിൽ ആവേശോജ്ജ്വലമായ വിജയം സ്വന്തമാക്കി ഇന്ത്യ. അത്യന്തം ആവേശകരമായ മത്സരത്തിൽ 20 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ഇന്ത്യയ്ക്കായി റിങ്കു സിംഗ് ആയിരുന്നു ബാറ്റിംഗിൽ തിളങ്ങിയത്. ബോളിംഗിൽ സ്പിന്നറായ അക്ഷർ പട്ടേൽ മികവ് പുലർത്തിയപ്പോൾ മത്സരത്തിൽ ഇന്ത്യ ഉജ്ജ്വലവിജയം സ്വന്തമാക്കുകയായിരുന്നു.
ഈ വിജയത്തോടെ പരമ്പര സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഇതുവരെ പരമ്പരയിൽ 4 മത്സരങ്ങൾ നടന്നപ്പോൾ 3 മത്സരങ്ങളിലും ഇന്ത്യയായിരുന്നു വിജയം സ്വന്തമാക്കിയത്. മൂന്നാം മത്സരത്തിൽ മാത്രമാണ് ഓസ്ട്രേലിയക്ക് വിജയം നേടാൻ സാധിച്ചത്.
മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കായി ഓപ്പണർമാരായ ജയസ്വാളും ഋതുരാജും തരക്കേടില്ലാത്ത തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 50 റൺസ് ഇന്ത്യക്കായി കൂട്ടിച്ചേർക്കുകയുണ്ടായി. മത്സരത്തിൽ ജയസ്വാൾ 28 പന്തുകളിൽ 6 ബൗണ്ടറികളും ഒരു സിക്സറുമടക്കം 37 റൺസാണ് നേടിയത്. ഋതുരാജ് 32 റൺസാണ് നേടിയത്.
എന്നാൽ ഇരുവർക്കും ശേഷമെത്തിയ ബാറ്റർമാർ പരാജയപ്പെട്ടത് ഇന്ത്യയെ കൂടുതൽ സമ്മർദ്ദത്തിലാക്കി. ശേഷം റിങ്കു സിംഗും ജിതേഷ് ശർമയും ചേർന്ന് അഞ്ചാം വിക്കറ്റിൽ ഇന്ത്യയ്ക്കായി ഒരു മികച്ച കൂട്ടുകെട്ട് കെട്ടിപ്പടുക്കുകയായിരുന്നു.
മത്സരത്തിൽ 29 പന്തുകളിൽ 4 ബൗണ്ടറികളും രണ്ട് സിക്സറുകളുമടക്കം 46 റൺസാണ് റിങ്കു നേടിയത്. 19 പന്തുകളിൽ ഒരു ബൗണ്ടറിയും 3 സിക്സറുകളുമടക്കം 35 റൺസ് ജിതേഷ് ശർമ നേടുകയുണ്ടായി. എന്നാൽ അവസാന ഓവറുകളിൽ ശക്തമായ തിരിച്ചുവരമാണ് ഓസ്ട്രേലിയ നടത്തിയത്. ഇതോടെ ഇന്ത്യയുടെ സ്കോർ 174 റൺസിൽ ഒതുങ്ങുകയായിരുന്നു.
റുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്ക് ഓപ്പണർ ഹെഡ് പതിവുപോലെ മികച്ച തുടക്കം നൽകി. പവർപ്ലേ ഓവറുകളിൽ ഇന്ത്യൻ ബോളർമാരെ ആക്രമിക്കാൻ ഹെഡിന് സാധിച്ചു. മത്സരത്തിൽ 16 പന്തുകളിൽ 31 റൺസാണ് ഹെഡ് നേടിയത്. എന്നാൽ ഇന്ത്യൻ സ്പിന്നർമാർ ബോളിംഗ് ക്രീസിലെത്തിയതോടെ മത്സരം ഇന്ത്യയുടെ കൈപിടിയിലേക്ക് എത്തുകയായിരുന്നു.
സ്പിന്നർമാരായ ബിഷണോയും അക്ഷർ പട്ടേലും കൃത്യമായ ലൈനും ലെങ്ത്തും പാലിച്ചതോടെ ഓസ്ട്രേലിയൻ ബാറ്റർമാർ മധ്യ ഓവറുകളിൽ ബുദ്ധിമുട്ടി. ഇതോടെ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചു. ഇങ്ങനെ ഓസ്ട്രേലിയ മത്സരത്തിൽ സമ്മർദ്ദത്തിലേക്ക് നീങ്ങുകയായിരുന്നു. അക്ഷർ പട്ടേൽ മത്സരത്തിൽ 16 റൺസ് മാത്രം വിട്ടുനൽകി 3 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. മത്സരത്തിൽ 20 റൺസിന്റെ പരാജയമാണ് ഓസ്ട്രേലിയ നേരിട്ടത്. ഇതോടെ ഇന്ത്യ പരമ്പര 3-1 എന്ന നിലയിൽ സ്വന്തമാക്കിയിട്ടുണ്ട്.