ബോർഡർ-ഗവാസ്കർ ട്രോഫിയിലെ നാലാം ടെസ്റ്റിന്റെ ആദ്യദിനം ഓസ്ട്രേലിയൻ ആധിപത്യം. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയ ആദ്യദിനം കളി നിർത്തുമ്പോൾ 255ന് 4 എന്ന നിലയിലാണ്. ഓപ്പണർ ഉസ്മാൻ ഖവാജയുടെ തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് മത്സരത്തിന്റെ ആദ്യദിനം ഓസ്ട്രേലിയക്ക് മേൽക്കൈ നൽകിയത്. ഒരു തകര്‍പ്പന്‍ സെഞ്ച്വറി തന്നെയാണ് ഖവാജ ആദ്യദിനം സ്വന്തമാക്കിയത്. ഈ ടെസ്റ്റ് പരമ്പരയിൽ ഇത് ആദ്യമായാണ് ഇത്തരത്തിൽ ബാറ്റിംഗിന് അനുകൂലമായ പിച്ച് കാണപ്പെട്ടത്.
മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ അതി സൂക്ഷ്മമായി തന്നെയാണ് കളിച്ചത്. ഇന്ത്യയുടെ പേസർമാർക്ക് കൃത്യമായ ലെങ്ത് കണ്ടെത്താൻ സാധിക്കാതെ വന്നത് മത്സരത്തിന്റെ ആദ്യ സമയങ്ങളിൽ കാണാനായി. എന്നാൽ അശ്വിൻ ബോളിംഗ് ക്രീസിലെത്തിയതോടെ മത്സരം മാറി. അപകടകാരിയായ ട്രാവസ് ഹെഡിനെ അശ്വിൻ 32 റൺസിൽ വീഴ്ത്തുകയുണ്ടായി. ശേഷം രണ്ടാം സ്പെല്ലിൽ മുഹമ്മദ് ഷാമി ലാബുഷെയ്നെ കൂടാരം കയറ്റിയതോടെ ഇന്ത്യ മത്സരത്തിൽ ആധിപത്യം നേടി.
എന്നാൽ മൂന്നാം വിക്കറ്റിൽ ഒരു തകർപ്പൻ കൂട്ടുകെട്ടായിരുന്നു നായകൻ സ്റ്റീവ് സ്മിത്തും ഖവാജയും ചേർന്ന് കെട്ടിപ്പടുത്തത്. ഇരുവരും ചേർന്ന് 72 റൺസ് കൂട്ടിച്ചേർത്തു. 38 റൺസാണ് സ്റ്റീവ് സ്മിത്ത് മത്സരത്തിൽ നേടിയത്. ഉസ്മാൻ ഖവാജ മത്സരത്തിലുടനീളം ഓസ്ട്രേലിയയ്ക്കായി കോട്ട തീർത്തു. നിലവിൽ 250 പന്തുകൾ ഇന്നിങ്സിൽ നേരിട്ട ഖവാജ 104 റൺസ് നേടി പുറത്താവാതെ നിൽക്കുകയാണ്.
അവസാന സെഷനിൽ ക്യാമറോൺ ഗ്രീനും(49) ഖവാജക്കൊപ്പം ചേർന്നതോടെ ഓസ്ട്രേലിയ കൃത്യമായ ആധിപത്യം നേടിയെടുക്കുകയായിരുന്നു. ഓസ്ട്രേലിയയെ സംബന്ധിച്ച വളരെയധികം സംതൃപ്തി നൽകുന്ന പ്രകടനം തന്നെയാണ് ആദ്യദിനം കാഴ്ചവച്ചിരിക്കുന്നത്. രണ്ടാം ദിനവും പരമാവധി റൺസ് സ്വന്തമാക്കി ഇന്ത്യയെ കൂടുതൽ സമ്മർദ്ദത്തിലേക്ക് തള്ളി വിടാനാണ് ഓസ്ട്രേലിയയുടെ ഇപ്പോഴത്തെ ശ്രമം. ഇന്ത്യക്കായി ആദ്യദിനം മുഹമ്മദ് ഷാമി രണ്ട് വിക്കറ്റുകൾ വീഴ്ത്തി മികവു കാട്ടുകയുണ്ടായി.