ഇന്ത്യൻ കോട്ടകൾ തകർത്ത് ഓസ്ട്രേലിയ. പണി തന്നത് ബാറ്റിങ് നിര. വിജയം 9 വിക്കറ്റുകൾക്ക്.

ബോർഡർ-ഗവാസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയക്ക് മിന്നും വിജയം. ജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ 9 വിക്കറ്റുകൾക്കാണ് ഓസ്ട്രേലിയ വിജയം കണ്ടത്. ഇതോടെ പരമ്പര 2-1 എന്ന നിലയിൽ എത്തിക്കാൻ ഓസ്ട്രേലിയക്ക് സാധിച്ചിട്ടുണ്ട്. ആദ്യ രണ്ടു മത്സരങ്ങളിൽ ദയനീയമായി പരാജയപ്പെട്ട മഞ്ഞപ്പടക്ക് വലിയ ആശ്വാസം നൽകുന്നത് തന്നെയാണ് ഇൻഡോറിലെ വിജയം. മത്സരത്തിൽ 11 വിക്കറ്റുകൾ സ്വന്തമാക്കിയ നതാൻ ലയണാണ് ഓസ്ട്രേലിയയുടെ വിജയശിൽപി.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയൻ സ്പിന്നർമാർ ഇന്ത്യയെ എറിഞ്ഞിട്ടു. കേവലം 109 റൺസ് മാത്രമായിരുന്നു ഇന്ത്യ തങ്ങളുടെ ആദ്യ ഇന്നിങ്സിൽ നേടിയത്. ഇന്ത്യക്കായി ആദ്യ ഇന്നിങ്സിൽ 22 റൺസ് നേടിയ വിരാട് കോഹ്ലിയായിരുന്നു ടോപ് സ്കോറർ. ശേഷം മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ മികച്ച ബാറ്റിംഗ് പ്രകടനം തന്നെ കാഴ്ച വയ്ക്കുകയുണ്ടായി. 60 റൺസ് നേടിയ ഉസ്മാൻ ഖവാജാ അവർക്കായി നിറഞ്ഞാടി. ഇതോടെ ഓസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ 197 എന്ന സ്കോറിലെത്തി. 88 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡായിരുന്നു ഓസ്ട്രേലിയ ഇന്ത്യക്ക് മേൽ നേടിയത്.

ശേഷം രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ വീണ്ടും തകരുന്നത് തന്നെയാണ് കാണാൻ സാധിച്ചത്. പൂജാര ഒഴികെയുള്ള ഇന്ത്യൻ ബാറ്റർമാർ  സ്പിന്നിന് മുൻപിൽ വീണ്ടും അടിയറവ് പറഞ്ഞു. 142 പന്തുകളിൽ 59 റൺസ് നേടിയ പൂജാര മാത്രമാണ് ഇന്ത്യക്കായി പിടിച്ചുനിന്നത്. അങ്ങനെ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് കേവലം 163 റൺസിൽ അവസാനിക്കുകയായിരുന്നു. കേവലം 76 റൺസ് മാത്രമായിരുന്നു ഓസ്ട്രേലിയക്ക് അവസാന ഇന്നിങ്സിൽ വിജയിക്കാൻ വേണ്ടിയിരുന്നത്.

മത്സരത്തിന്റെ മൂന്നാം ദിവസം ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയയെ അശ്വിൻ തുടക്കത്തിൽ ഞെട്ടിച്ചു. ഓപ്പണർ ഉസ്മാൻ ഖവാജയെ പൂജ്യനാക്കി മടക്കാൻ അശ്വിന് സാധിച്ചു. എന്നാൽ മൂന്നാം വിക്കറ്റിൽ ഒരു കിടിലൻ കൂട്ടുകെട്ട് ഓസ്ട്രേലിയക്കായി ട്രാവിസ് ഹെഡും ലാബുഷാനെയും ചേർന്ന് പടുത്തുയർത്തി. മത്സരത്തിൽ 9  വിക്കറ്റുകൾക്കാണ് ഓസ്ട്രേലിയ വിജയം കണ്ടത്. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ ഓസ്ട്രേലിയ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.

Previous articleസ്റ്റീവ് സ്മിത്ത് നല്ല രീതിയില്‍ നിയമത്തിലെ പഴുതുകള്‍ മുതലെടുത്തു. അങ്ങനെ ചെയ്യരുത് എന്ന് പാര്‍ഥീവ് പട്ടേല്‍.
Next articleടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഓസ്ട്രേലിയ ഫൈനലിൽ. ഇന്ത്യക്ക് യോഗ്യത നേടണമെങ്കില്‍ ?