സിഡ്‌നിയിൽ നടക്കുന്ന ഇന്ത്യ : ഓസ്ട്രേലിയ ക്രിക്കറ്റ് ടെസ്റ്റിന് ഒടുവിൽ സമനിലയോടെ അന്ത്യം .അഞ്ചാം ദിനം ഓസീസ് തീപ്പൊരി ബൗളിങിനോട് പൊരുതിയാണ് ഇന്ത്യ വീരോചിത സമനില പിടിച്ചെടുത്തത് . രണ്ടാം ഇന്നിംഗ്‌സില്‍ 407 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയെ റിഷഭ് പന്ത്, ചേതേശ്വര്‍ പൂജാര എന്നിവരുടെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറികളും രവിചന്ദ്ര അശ്വിന്‍റേയും ഹനുമ വിഹാരിയുടേയും പ്രതിരോധവുമാണ് അവസാനദിനം കാത്തത്. ഇന്ത്യ 334/5 എന്ന സ്‌കോറിൽ എത്തിയപ്പോൾ അഞ്ചാംദിനം അവസാനിക്കാന്‍
ഒരോവര്‍ ശേഷിക്കേ ഓസീസ് സമനില സമ്മതിക്കുകയായിരുന്നു.
ഓസീസ് പേസർ ഹേസൽവുഡിന്റെ 89-ാം ഓവറിലെ ഒന്നാന്തരമൊരു പന്ത് പൂജാരയുടെ സ്റ്റംപ് കവർന്നിരുന്നു. ഇതോടെ സിഡ്നി ടെസ്റ്റിൽ തോൽവി മണത്ത ഇന്ത്യക്ക് രക്ഷകരായത് ആറാം വിക്കറ്റിൽ ഒന്നിച്ച രവിചന്ദ്രൻ അശ്വിൻ : ഹനുമ വിഹാരി സഖ്യമാണ് .ഇരുവരും 259 പന്തുകളാണ് നേരിട്ടത് .അശ്വിന്‍ 128 പന്തില്‍ 39 റണ്‍സുമായും വിഹാരി 161 പന്തില്‍ 23 റണ്‍സുമായും പുറത്താകാതെ നിന്നു.
അതേസമയം പരിക്കിനെ അവഗണിച്ചായിരുന്നു വിഹാരിയുടെ ബാറ്റിംഗ് .ഹാംസ്ട്രിങ് ഇഞ്ചുറി കാരണം താരം ബാറ്റിങ്ങിന് പോലും പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുത്തിരുന്നില്ല. അതിനാൽ തന്നെ റൺസിനായി പലപ്പോഴും ഓടുവാൻ താരത്തിന് കഴിഞ്ഞില്ല .എന്നിരുന്നാലും ഓസീസ് ബൗളിങ്ങിനെ സധൈര്യം നേരിട്ട താരം അശ്വിനൊപ്പം ഓസീസ് വിജയം തട്ടിത്തെറിപ്പിച്ചു . 161 പന്തുകളിൽ 4 ഫോറിന്റെ അകമ്പടിയോനിടെയാണ് വിഹാരി 23 റൺസെടുത്തത് .
നേരത്തെ ഓസീസ് എതിരായ ടെസ്റ്റ് പരമ്പരയിലെ താരത്തിന്റെ മോശം ബാറ്റിംഗ് പ്രകടനത്തിന്റെ പേരിൽ ഏറെ വിമർശനംഏറ്റുവാങ്ങിയിരുന്നു .പരമ്പരയിലെ 5 ഇന്നിങ്സിൽ നിന്നും വിഹാരി 72 റൺസ് മാത്രമാണ് അടിച്ചെടുത്തത് . സിഡ്നി ടെസ്റ്റിൽ പ്ലെയിങ് ഇലവനിൽ നിന്ന് താരത്തെ ഒഴിവാക്കണം എന്നും പലരും ആവശ്യമുന്നയിച്ചിരുന്നു .പക്ഷേ ടീം മാനേജ്‌മന്റ് അദ്ധേഹത്തിന്റെ കഴിവിൽ വിശ്വാസം അർപ്പിക്കുകയായിരുന്നു .
അതേസമയം സിഡ്നി ടെസ്റ്റിൽ ഇന്ത്യൻ ടീമിന്റെ രക്ഷകനായ വിഹാരിയെ അഭിനന്ദിക്കുകയാണ് ക്രിക്കറ്റ് ലോകമിപ്പോൾ .വിഹാരിയുടെ ഇന്നിംഗ്‌സിനെ സെഞ്ച്വറി നേടിയ തുല്യമെന്നാണ് സഹതാരം രവിചന്ദ്രൻ അശ്വിൻ വിശേഷിപ്പിച്ചത് .കൂടാതെ ഓസ്‌ട്രേലിയൻ മണ്ണിലെ ഈ ബാറ്റിംഗ് പ്രകടനത്തെ കുറിച്ചോർത്ത് വിഹാരിക്ക് എന്നും അഭിമാനിക്കാമെന്നും അശ്വിൻ മത്സരശേഷം കൂട്ടിച്ചേർത്തു .
ഇതോടെ നാല് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരം വിജയികളെ തീരുമാനിക്കും. ഓരോ മത്സരങ്ങള്‍ ജയിച്ച് തുല്യത(1-1) പാലിക്കുകയാണ് ഇരു ടീമുകളും. നാലാം ടെസ്റ്റ് ബ്രിസ്ബണിൽ ജനുവരി പതിനഞ്ചാം തീയ്യതി ആരംഭിക്കും .