സിഡ്നി ടെസ്റ്റിൽ അഞ്ചാം ദിനം അശ്വിന്റെ ബാറ്റിംഗ് കടുത്ത നടുവേദന സഹിച്ച് : വെളിപ്പെടുത്തലുമായി ഭാര്യ പ്രീതി അശ്വിൻ


  സിഡ്‌നി ക്രിക്കറ്റ്  ടെസ്റ്റിൽ അഞ്ചാം ദിനം  ഓസ്‌ട്രേലിയക്കെതിരെ  ഇന്ത്യ  എന്നും ഓർക്കപ്പെടുന്ന വീരോചിത  സമനില പിടിച്ചെടുത്തപ്പോൾ   ഇന്ത്യൻ  ബാറ്റിങ്ങിൽ പ്രധാന പങ്ക്‌ വഹിച്ച  താരങ്ങളില്‍  ഒരാളാണ് രവിചന്ദ്ര അശ്വിൻ . ഏഴാമനായി ക്രീസിലെത്തിയ അശ്വിന്‍, ഹനുമ വിഹാരിക്കൊപ്പം ആറാം വിക്കറ്റിൽ  വീരോചിത ചെറുത്തുനില്‍പ്പിലൂടെ ഇന്ത്യക്ക് സമനില നല്‍കുകുയായിരുന്നു. പരിക്കിനെ തോല്‍പിച്ചായിരുന്നു അശ്വിന്‍റെ ഇന്നിംഗ്‌സും. 

മത്സരശേഷം അശ്വിന്‍റെ രോഗവിവരങ്ങള്‍ ഭാര്യ പ്രീതി അശ്വിന്‍ ട്വിറ്ററിലൂടെ നടത്തിയ  വെളിപ്പെടുത്തലിലാണ് അശ്വിന്റെ പരിക്കിന്റെ വിവരം ക്രിക്കറ്റ് ലോകം അറിയുന്നത് .പ്രീതി അശ്വിൻ പ
റയുന്നത് ഇങ്ങനെ  ‘കടുത്ത നടുവേദനയോടെയാണ് കഴിഞ്ഞ രാത്രി അശ്വിന്‍ ഉറങ്ങാന്‍ പോയത്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ നിവര്‍ന്ന് നില്‍ക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ഷൂവിന്‍റെ ലേസ് കെട്ടാന്‍ കുനിയാന്‍ പോലും കഴിയുമായിരുന്നില്ല. എന്നിട്ടും ഇന്ന് അശ്വിന്‍ കാട്ടിയ പ്രകടനം കണ്ട് വിസ്‌മയിച്ചു’ എന്നാണ് പ്രീതി അശ്വിന്‍റെ ട്വീറ്റ്. 

പതിവിൽ നിന്ന് വ്യത്യസ്തമായി പരിക്കേറ്റ  ജഡേജക്ക് പകരം ഏഴാം നമ്പറിലാണ് അശ്വിൻ ബാറ്റിങ്ങിന് ഇറങ്ങിയത് .ടെസ്റ്റ് കരിയറില തന്നെ തന്റെ  ഏറ്റവും മികച്ച  ബാറ്റിംഗ് പ്രകടനങ്ങളിലൊന്നാണ് സിഡ്‌നി ടെസ്റ്റിന്‍റെ അഞ്ചാംദിനം അശ്വിന്‍ പുറത്തെടുത്തത് എന്ന് വിശേഷിപ്പിക്കാം . അര്‍ധ സെഞ്ചുറി നേടിയ റിഷഭ് പന്തും ചേതേശ്വര്‍ പൂജാരയും പുറത്തായ ശേഷമായിരുന്നു ഹനുമ വിഹാരിയെ കൂട്ടുപിടിച്ച്  ആറാം വിക്കറ്റിൽ അശ്വിന്‍റെ ഐതിഹാസിക പ്രതിരോധം. ക്രീസിൽ  അശ്വിൻ : വിഹാരി  സഖ്യം നിലയുറപ്പിച്ചതോടെ   സിഡ്നി ടെസ്റ്റിൽ വിജയം എന്ന ഓസീസ് സ്വപ്നം പൂവണിഞ്ഞില്ല .ബാറ്റിങ്ങിനിറങ്ങിയ   അശ്വിൻ  39 റൺസ് നേടി .ഇതിനിടെ സഹതാരം  വിഹാരിക്ക് പേശിവലിവ് വരികയും ചെയ്തു. അതിനാൽ വിഹരിക്ക് വിക്കറ്റിനിടയിൽ ഓടുവാനും സാധിച്ചില്ല

എന്നാൽ ബാറ്റിങിനിടെ സ്റ്റാര്‍ക്ക്, കമ്മിന്‍സ്, ഹേസല്‍വുഡ്   ഓസീസ് പേസ് ത്രയം ശരീരത്തിന് നേര്‍ക്ക് തുടര്‍ച്ചയായ ബൗണ്‍സറുകള്‍ കൊണ്ട് ആക്രമിച്ചെങ്കിലും അശ്വിന്‍ തളര്‍ന്നില്ല. 
ആറാം വിക്കറ്റില്‍ ഒത്തുചേർന്ന വിഹാരി : അശ്വിൻ സഖ്യം  പുറത്താകാതെ 259 പന്തില്‍ 62 റണ്‍സ് നേടിയപ്പോള്‍
ഇതില്‍ 39 റണ്‍സ് അശ്വിന്‍റെ സംഭാവനയായിരുന്നു. കടുത്ത പുറംവേദനയ്‌ക്കിടയിലും അശ്വിന്‍ 128 പന്തുകള്‍ പ്രതിരോധിച്ചു. വിഹാരി 161 പന്തില്‍ 23 റണ്‍സെടുത്താണ് പുറത്താകാതെ നിന്നത്. ഇതോടെയാണ് 407 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 131 ഓവറുകള്‍ അവസാന ഇന്നിംഗ്‌സില്‍ ഔള്‍ഔട്ടാവാതെ ടീം  പിടിച്ചുനിന്നത്.