ഇൻഡോറിൽ ഇന്ത്യൻ റൺമഴ. 399 റൺസ്. അയ്യർക്കും ഗില്ലിനും പുറമെ സൂര്യയുടെ വെടിക്കെട്ട്.

ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഒരു പടുകൂറ്റൻ സ്കോർ സ്വന്തമാക്കി ഇന്ത്യ. മത്സരത്തിൽ 6 വിക്കറ്റ് 399 റൺസാണ് ഇന്ത്യ സ്വന്തമാക്കിയത്. ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണിത്. ഇൻഡോർ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ ഇന്ത്യൻ ബാറ്റർമാരുടെ ഒരു താണ്ഡവം തന്നെയാണ് മത്സരത്തിൽ കണ്ടത്.

ഓസ്ട്രേലിയൻ ബോളന്മാരെ എല്ലാ തരത്തിലും അടിച്ചകറ്റിയാണ് ഇന്ത്യ ഇത്തരം ഒരു വമ്പൻ സ്കോർ സ്വന്തമാക്കിയത്. മത്സരത്തിൽ ഇന്ത്യയ്ക്കായി ശുഭമാൻ ഗില്ലും ശ്രേയസ് അയ്യരും സെഞ്ചുറികൾ സ്വന്തമാക്കി. ഒപ്പം സൂര്യകുമാർ യാദവ്, കെഎൽ രാഹുൽ തുടങ്ങിയവരും മത്സരത്തിൽ മികവുറ്റ പ്രകടനങ്ങളുമായി ഇന്ത്യയുടെ നട്ടെല്ലായി.

ഇൻഡോറിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ ഓപ്പണർ ഋതുരാജിനെ(8) കൂടാരം കയറ്റാൻ ഓസ്ട്രേലിയക്ക് സാധിച്ചു. എന്നാൽ അതിനുശേഷം കാണാൻ സാധിച്ചത് ശ്രേയസ് അയ്യരും ശുഭമാൻ ഗില്ലും ചേർന്ന ഒരു തകർപ്പൻ കൂട്ടുകെട്ടായിരുന്നു. രണ്ടാം വിക്കറ്റിൽ ഓസ്ട്രേലിയയെ എല്ലാ തരത്തിലും അടിച്ചുകറ്റാൻ ഇരുവർക്കും സാധിച്ചു. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 200 റൺസിന്റെ കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്. ശുഭമാൻ ഗിൽ 97 പന്തുകളിൽ 6 ബൗണ്ടറികളും 4 സിക്സറുകളും ഉൾപ്പെടെ 104 റൺസ് നേടി.

ശ്രേയസ് അയ്യര്‍ 90 പന്തുകളിൽ 11 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 105 റൺസാണ് നേടിയത്. ഇരുവരും പുറത്തായ ശേഷമെത്തിയ രാഹുലും ഇഷാൻ കിഷനും മത്സരത്തിൽ അടിച്ചു തകർക്കുകയുണ്ടായി. ഇഷാൻ കിഷൻ മത്സരത്തിൽ 18 പന്തുകളിൽ 31 റൺസുമായി സ്കോറിങ് റേറ്റ് ഉയർത്തി. കെ എൽ രാഹുൽ 38 പന്തുകളിൽ 52 റൺസുമായി ഇന്നിങ്സിന്റെ നേടുംതൂണായി.

ഒപ്പം അവസാന ഓവറുകളിൽ സൂര്യകുമാർ യാദവ് കൂടി അടിച്ചുതകർത്തത്തോടെ ഇന്ത്യ ഒരു കൂറ്റൻ സ്കോറിൽ എത്തുകയായിരുന്നു. അവസാന 10 ഓവറുകളിൽ ഓസ്ട്രേലിയൻ ബോളർമാർക്ക് മേൽ ഒരു ട്വന്റി20 മത്സരത്തിലെതുപോലെ അഴിഞ്ഞാടാൻ സൂര്യകുമാർ യാദവിന് സാധിച്ചു.

മത്സരത്തിൽ കേവലം 24 പന്തുകളിൽ നിന്നായിരുന്നു സൂര്യകുമാർ യാദവ് തന്റെ അർത്ഥസെഞ്ച്വറി പൂർത്തിയാക്കിയത്. മത്സരത്തിൽ 37 പന്തുകൾ നേരിട്ട സൂര്യകുമാർ യാദവ് 6 ബൗണ്ടറികളുടെയും 6 സിക്സറുകളുടെയും അകമ്പടിയോടെ 72 റൺസാണ് നേടിയത്. ഇങ്ങനെ ഇന്ത്യ 399 എന്ന കൂറ്റൻ സ്കോറിൽ എത്തുകയായിരുന്നു. പരമ്പരയിലെ ആദ്യ മത്സരത്തിൽ വിജയം നേടിയ ഇന്ത്യയെ സംബന്ധിച്ച് പരമ്പര സ്വന്തമാക്കാനുള്ള വലിയ അവസരം തന്നെയാണ് വന്നു ചേർന്നിരിക്കുന്നത്.

Previous articleസെഞ്ച്വറി. ഗില്ലിന്റെയും അയ്യരുടെയും കംഗാരു ഫ്രൈ. അടിയോടടിയിൽ ഓസീസ് ഭസ്മം.
Next articleസൂര്യകുമാറിന്റെ ബീസ്റ്റ് മോഡ്. 36 പന്തുകളിൽ നേടിയത് 72 റൺസ്. ഞെട്ടിത്തരിച്ച് ഓസീസ്.