സെഞ്ച്വറി. ഗില്ലിന്റെയും അയ്യരുടെയും കംഗാരു ഫ്രൈ. അടിയോടടിയിൽ ഓസീസ് ഭസ്മം.

ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ തകർപ്പൻ സെഞ്ചുറികൾ സ്വന്തമാക്കി ശുഭമാൻ ഗില്ലും ശ്രേയസ് അയ്യരും. പൂർണ്ണമായും ഓസ്ട്രേലിയൻ ബോളർമാരുടെ മേൽ ആധിപത്യം സ്ഥാപിച്ചാണ് ഇരുവരും സെഞ്ച്വറികൾ സ്വന്തമാക്കിയത്. വലിയ അപകടത്തിലേക്ക് പോയിരുന്ന ഇന്ത്യൻ നിരയെ കൈപിടിച്ചു കയറ്റുന്ന ബാറ്റിംഗ് പ്രകടനമായിരുന്നു ഇരുവരും കാഴ്ചവച്ചത്.

ശ്രേയസ് അയ്യര്‍ തന്റെ ഏകദിന കരിയറിലെ 3ആം സെഞ്ചുറി സ്വന്തമാക്കിയപ്പോൾ ഗില്ലിന്റെ 6ആം അന്താരാഷ്ട്ര ഏകദിന സെഞ്ചുറിയാണ് മത്സരത്തിൽ പിറന്നത്. ഇരു ബാറ്റർമാരുടെയും മികച്ച പ്രകടനത്തിന്റെ ബലത്തിൽ ഇന്ത്യ മത്സരത്തിൽ ശക്തമായ നിലയിൽ എത്തിയിട്ടുണ്ട്.

മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആ തീരുമാനം തെറ്റായിരുന്നു എന്ന് തോന്നിക്കുന്ന തുടക്കമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ഋതുരാജിന്റെ(8) വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും ശുഭമാൻ ഗില്ലും ശ്രേയസ് അയ്യരും ചേർന്ന് ഓസ്ട്രേലിയയെ വരിഞ്ഞു മുറുകുന്നതാണ് കണ്ടത്. പരിചയസമ്പന്നരായ എല്ലാ ഓസ്ട്രേലിയൻ ബോളർമാരെയും കൃത്യമായ ഇടവേളകളിൽ ബൗണ്ടറി കടത്താൻ ഇരു ബാറ്റർമാർക്കും സാധിച്ചു.

ആദ്യ മത്സരത്തിൽ ശ്രേയസ് പരാജയമായെങ്കിലും രണ്ടാം മത്സരത്തിൽ അതിന് വിപരീതമായ രീതിയിലാണ് ബോളുകളെ നേരിട്ടത്. തീർത്തും ആക്രമണപരമായി തന്നെയായിരുന്നു അയ്യർ മത്സരത്തെ സമീപിച്ചത്.

മത്സരത്തിൽ 37 പന്തുകളിൽ നിന്നായിരുന്നു ശുഭ്മാൻ ഗിൽ തന്റെ അർത്ഥസെഞ്ച്വറി പൂർത്തീകരിച്ചത്. അയ്യർ 41 പന്തുകളിൽ നിന്ന് തന്റെ അടുത്ത സെഞ്ച്വറി പൂർത്തീകരിച്ചു. ഇതിനുശേഷവും ഇരു ബാറ്റർ മാരും ആക്രമണപരമായ രീതിയിൽ തന്നെയാണ് മത്സരത്തിൽ കളിച്ചത്. ഇന്ത്യയുടെ സ്കോറിങ് റേറ്റ് വലിയ രീതിയിൽ ഉയർത്താനും ഇരുവർക്കും സാധിച്ചിരുന്നു. ശേഷം 86 പന്തുകളിൽ നിന്നായിരുന്നു ശ്രേയസ് അയ്യർ തന്റെ സെഞ്ചുറി സ്വന്തമാക്കിയത്. ഇന്നിങ്സിൽ 10 ബൗണ്ടറികളും 3 സിക്സറുകളും ഉൾപ്പെട്ടു.

ശുഭമാൻ ഗിൽ 92 പന്തുകളിൽ നിന്നായിരുന്നു തന്റെ സെഞ്ച്വറി നേടിയത്. ഇന്നിംഗ്സിൽ 6 ബൗണ്ടറികളും 4 സിക്സറുകളും ഉൾപ്പെട്ടു. ശുഭ്മാൻ ഗില്ലിന്റെ ഏകദിന കരിയറിലെ 6ആം സെഞ്ച്വറിയാണ് മത്സരത്തിൽ പിറന്നത്. ഇരു ബാറ്റർമാരുടെയും മികവുറ്റ പ്രകടനത്തിൽ ഇന്ത്യ ശക്തമായ നിലയിൽ എത്തിയിട്ടുണ്ട്. വമ്പൻ ബാറ്റിംഗ് നിര ഇനിയും വരാനുള്ള സാഹചര്യത്തിൽ ഇന്ത്യയുടെ സ്കോർ റെക്കോർഡുകൾ ഭേദിക്കും എന്ന കാര്യത്തിൽ സംശയമില്ല. മറുവശത്ത് ഓസ്ട്രേലിയയെ സംബന്ധിച്ച് ഇന്ത്യൻ ബാറ്റിങ്ങിനു മുൻപിൽ ഉത്തരമില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്.