ഓസ്ട്രേലിയക്കെതിരെയുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ 6 വിക്കറ്റ് നഷ്ടത്തില്‍ 19.2 ഓവറില്‍ വിജയലക്ഷ്യം മറികടന്നു.
ലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയക്കായി ഗ്രീനും (30 പന്തില്‍ 61) ഫിഞ്ചും (22) മികച്ച തുടക്കമാണ് നല്‍കിയത്. ഒരു ഘട്ടത്തില്‍ ഓസ്ട്രേലിയക്ക് ഉമേഷ് യാദവിന്‍റെ ഓവറില്‍ സ്റ്റീവന്‍ സ്മിത്തിനേയും (35) മാക്സ്വെലിനെയും നഷ്ടമായെങ്കിലും മാത്യൂ വേഡിന്‍റെ പ്രകടനം ഓസ്ട്രേലിയയെ വിജയത്തില്‍ എത്തിച്ചു.
അവസാന 4 ഓവറില്‍ 55 റണ്‍സായിരുന്നു ഓസ്ട്രേലിയക്ക് വേണ്ടിയിരുന്നത്. ഹര്‍ഷല്‍ പട്ടേലിനെയും ഭുവനേശ്വര്‍ കുമാറിനെയും കടന്നാക്രമിച്ച മാത്യൂ വേഡ് ഓസ്ട്രേലിയയെ വിജയത്തില്‍ എത്തിച്ചു. 21 പന്തില്‍ 6 ഫോറും 2 സിക്സുമായി 45 റണ്‍സാണ് വേഡ് നേടിയത്.
ഇന്ത്യക്കായി അക്സര്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഉമേഷിന് രണ്ടും യൂസ്‌വേന്ദ്ര ചാഹല്‍ ഒരു വിക്കറ്റും നേടി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിൽ 208 റൺസാണെടുത്തത്. ഓപ്പണർ കെ.എൽ.രാഹുലിന്റെയും ഹാർദിക് പാണ്ഡ്യയുടെയും അർധസെഞ്ചുറിയാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. 35 പന്തുകൾ നേരിട്ട രാഹുൽ 55 റൺസെടുത്തു പുറത്തായി. നാല് ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു കെല്‍ രാഹുലിന്റെ ഇന്നിങ്സ്.
അവസാന നിമിഷങ്ങളില്‍ വെടിക്കെട്ട് പ്രകടനം നടത്തിയ ഹര്‍ദ്ദിക്ക് പാണ്ഡ്യ 30 പന്തുകള്‍ നേരിട്ട് 71 റൺസുമായി പുറത്താകാതെ നിന്നു. അഞ്ച് സിക്സുകളും ഏഴു ഫോറുകളും ഉള്‍പ്പെടുന്നതാണ് ഇന്ത്യന്‍ ഓള്‍റൗണ്ടറുടെ ഈ ഇന്നിംഗ്സ്.
വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും പുറത്തായപ്പോള്‍ സൂര്യകുമാർ യാദവിനൊപ്പമാണ് (25 പന്തിൽ 46) കെല്‍ രാഹുല്‍, ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്.
ഓസ്ട്രേലിയക്കായി നഥാൻ എല്ലിസ് മൂന്നും ഹെയ്സൽവുഡ് രണ്ടു വിക്കറ്റും വീഴ്ത്തി.