വിമർശനങ്ങൾക്ക് മേൽ ഫീനിക്സ് പക്ഷിയെപ്പോൽ കെഎൽ രാഹുലിന്റെ ഒരുഗ്രൻ പ്രകടനം. ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ രാഹുലിന്റെ മികവിൽ ഇന്ത്യ 5 വിക്കറ്റുകൾക്കായിരുന്നു വിജയം കണ്ടത്. ഇന്ത്യയുടെ മുൻനിര ബാറ്റർമാർ പൂർണമായും പരാജയപ്പെട്ട മത്സരത്തിൽ രാഹുലിന്റെയും ജഡേജയുടെയും തകർപ്പൻ കൂട്ടുകെട്ടാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഈ വിജയത്തോടെ ഇന്ത്യ പരമ്പരയിൽ 1-0ന് മുൻപിൽ എത്തിയിട്ടുണ്ട്.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആ തീരുമാനം ശരിവെക്കുന്ന തുടക്കമാണ് മുഹമ്മദ് സിറാജ് ഇന്ത്യയ്ക്ക് നൽകിയത്. ഓപ്പണർ ട്രാവിസ് ഹെഡ്ഡിനെ(5) തുടക്കത്തിലെ പുറത്താക്കാൻ മുഹമ്മദ് സിറാജിന് സാധിച്ചു. പക്ഷേ പിന്നീട് മൂന്നാം വിക്കറ്റിൽ മിച്ചൽ മാർഷും സ്മിത്തും ചേർന്ന ഒരു തകർപ്പൻ കൂട്ടുകെട്ട് ഓസ്ട്രേലിയയ്ക്ക് സമ്മാനിച്ചു. മാർഷ് 65 പന്തുകളിൽ 81 റൺസ് നേടിയപ്പോൾ, സ്മിത്ത് 30 പന്തുകളിൽ 22 റൺസ് നേടി. എന്നാൽ പിന്നീടെത്തിയ ബാറ്റർമാർക്ക് ഇന്ത്യൻ ബോളർമാരുടെ മുൻപിൽ പിടിച്ചുനിൽക്കാനായില്ല. കൃത്യമായ ഇടവേളകളിൽ ഷാമിയും മുഹമ്മദ് സിറാജും രവീന്ദ്ര ജഡേജയും വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഓസ്ട്രേലിയൻ ഇന്നിംഗ്സ് 188 റൺസിൽ അവസാനിക്കുകയായിരുന്നു. ഷാമിയും സിറാജും മത്സരത്തിൽ മൂന്നു വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, രണ്ട് വിക്കറ്റുകൾ നേടി ജഡേജയും പിന്തുണ നൽകി.
മറുപടി ബാറ്റിംഗിൽ വളരെ ഞെട്ടിക്കുന്ന തുടക്കം തന്നെയാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ഓപ്പണർ ഇഷാൻ കിഷനും(3) വിരാട് കോഹ്ലിയും(4) സൂര്യകുമാർ യാദവും(0) 5 ഓവറിനുള്ളിൽ തന്നെ കൂടാരം കയറുകയുണ്ടായി. ഇതോടെ ഇന്ത്യ 16ന് 3 എന്ന നിലയിൽ തകരുകയായിരുന്നു. എന്നാൽ അഞ്ചാമതായി ക്രീസിലെത്തിയ കെഎൽ രാഹുൽ ഇന്ത്യക്കായി കൂടാരം തീർത്തു. വളരെ പ്രയാസമേറിയ പിച്ചിൽ അതിസൂക്ഷ്മമായി കളിച്ചു തുടങ്ങിയ രാഹുൽ മത്സരം പതിയെ കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു.
മത്സരത്തിൽ രാഹുൽ 92 പന്തുകളിൽ 75 റൺസ് നേടി. ഒപ്പം നായകൻ ഹർദിക്ക് പാണ്ട്യയും(25) രാഹുലിന് മികച്ച പിന്തുണ നൽകി. പാണ്ട്യ പുറത്തായ ശേഷം ക്രീസിലെത്തിയ രവീന്ദ്ര ജഡേജയും(45) ഓസ്ട്രേലിയക്ക് ഭീഷണി സൃഷ്ടിച്ചതോടെ ഇന്ത്യ വിജയത്തിലേക്ക് കുതിച്ചു. ആറാം വിക്കറ്റിൽ രാഹുലും ജഡേജയും ചേർന്ന് റൺസിന്റെ കൂട്ടുകെട്ടായിരുന്നു കെട്ടിപ്പടുത്തത്. മത്സരത്തിൽ 5 വിക്കറ്റുകൾക്കായിരുന്നു ഇന്ത്യ വിജയം കണ്ടത്.
ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു വിജയം തന്നെയാണ് വാങ്കഡെയിൽ ലഭിച്ചത്. സാധാരണ വാങ്കഡെയിൽ കാണുന്നതിൽ നിന്നും വ്യത്യസ്തമായി ബോളിങ്ങിനെ വളരെയധികം അനുകൂലിക്കുന്ന പിച്ചിലായിരുന്നു മത്സരം നടന്നത്. അതിനാൽതന്നെ ഓസ്ട്രേലിയയുടെ നിലവാരമുള്ള ബോളർമാർക്കെതിരെ പൊരുതിയാണ് ഇന്ത്യ ഈ വിജയം നേടിയത്. ഒപ്പം കെ എൽ രാഹുൽ ഫോമിലേക്ക് തിരികെയെത്തിയതും ഇന്ത്യയ്ക്ക് ലോകകപ്പിന് മുൻപ് ആശ്വാസം നൽകുന്നു.