വമ്പൻ മാറ്റങ്ങളുമായി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യയുടെ ടെസ്റ്റ് സ്ക്വാഡ് പ്രഖ്യാപിച്ചു. ജൂൺ 7 മുതൽ 11 വരെ ലണ്ടനിലെ ഓവലിൽ ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ഫൈനലിനുള്ള സ്‌ക്വാഡാണ് ബിസിസിഐ പ്രഖ്യാപിച്ചത്. പ്രധാനമായും രണ്ടു മാറ്റങ്ങളാണ് ഇന്ത്യയുടെ സ്ക്വാഡിൽ വന്നിരിക്കുന്നത്. ഇതിൽ ഏറ്റവും നിർണായകം അജിങ്ക്യ രഹാനെ സ്ക്വാഡിലേക്ക് തിരിച്ചെത്തിയിട്ടുണ്ട് എന്നതാണ്. നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2023 സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിനായി മികച്ച പ്രകടനങ്ങളാണ് രഹാനെ കാഴ്ചവയ്ക്കുന്നത്. മാത്രമല്ല വിദേശ പിച്ചുകളിലും ടെസ്റ്റ് മത്സരങ്ങളിൽ വമ്പൻ റെക്കോർഡാണ് രഹാനയുടെ പേരിലുള്ളത്. 2022ൽ ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിലും രഹാനെ തകർപ്പൻ ഇന്നിങ്സുകൾ കാഴ്ചവച്ചിരുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് രഹാനെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ടീമിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്.
എന്നാൽ സ്‌ക്വാഡിൽ ജസ്പ്രീറ്റ് ബുമ്രയെ ഉൾപ്പെടുത്തിയിട്ടില്ല എന്നതും പ്രധാനപ്പെട്ട കാര്യമാണ്. പരിക്കു മൂലം ഏറെക്കാലമായി ഇന്ത്യക്കായി കളിക്കാതിരിക്കുന്ന ബൂമ്ര ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലൂടെ തിരികെയെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സ്ക്വാഡ് അംഗങ്ങളിൽ ബൂമ്രയുടെ പേര് ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ രോഹിത് ശർമ തന്നെയാണ് ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ടീമിലെ ക്യാപ്റ്റൻ. ഒപ്പം ഓപ്പറായി ശുഭമാൻ ഗില്ലിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ചേതെശ്വർ പൂജാര, വിരാട് കോഹ്ലി, കെഎൽ രാഹുൽ എന്നിവരാണ് ഇന്ത്യയുടെ മുൻനിരയിലുള്ള മറ്റു ബാറ്റർമാർ.
ടീമിൽ വിക്കറ്റ് കീപ്പറായി ഉൾപ്പെടുത്തിയിരിക്കുന്നത് കെ എസ് ഭരതിനെ തന്നെയാണ്. ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഭരത് അത്ര മികച്ച പ്രകടനം കാഴ്ചവച്ചിരുന്നില്ല. അതിനാൽതന്നെ ഭരതിന് പകരം മറ്റൊരു വിക്കറ്റ് കീപ്പറെ ഇന്ത്യ ഉൾപ്പെടുത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ അപ്രതീക്ഷിതമായി വീണ്ടും ഭരതിനെ ഇന്ത്യ വിക്കറ്റ് കീപ്പറായി ഉൾപ്പെടുത്തിയിരിക്കുകയാണ്. സ്പിൻ വിഭാഗത്തിൽ രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ എന്നീ ത്രയങ്ങളാണ് സ്ക്വാഡിൽ അംഗമായുള്ളത്.
പേസ് ബോളിങ്ങിൽ ഷർദുൽ താക്കൂർ, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, ജയദേവ് ഉനാദ്കട്ട് എന്നിവരെ ഇന്ത്യ തങ്ങളുടെ സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ സമയങ്ങളിലെല്ലാം ഈ ബോളർമാർ മികച്ച പ്രകടനങ്ങളായിരുന്നു ഇന്ത്യക്കായി കാഴ്ചവച്ചത്. അതിനാൽ തന്നെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ബോളർമാർ മികവുകാട്ടും എന്നാണ് പ്രതീക്ഷിക്കുന്നത്. ബിസിസിഐ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് സ്ക്വാഡ് അംഗങ്ങളുടെ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
India’s Test squad WTC final: Rohit Sharma (Captain), Shubman Gill, Cheteshwar Pujara, Virat Kohli, Ajinkya Rahane, K L Rahul, KS Bharat (wk), Ravichandran Ashwin, Ravindra Jadeja, Axar Patel, Shardul Thakur, Mohd. Shami, Mohd. Siraj, Umesh Yadav, Jaydev Unadkat.