ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ ഇന്നറിയാം : സൂപ്പർ താരങ്ങൾ തിരിച്ചെത്തിയേക്കും

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ  ആദ്യ രണ്ട്  മത്സരങ്ങൾക്കുള്ള  ഇന്ത്യൻ  ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ചേതൻ ശർമ്മയുടെ നേതൃത്വത്തിലുള്ള പുതിയ സെലക്ഷൻ കമ്മിറ്റി  തിരഞ്ഞെടുക്കുന്ന  ആദ്യത്തെ ടീമാണ്  ഇത്. സുനില്‍ ജോഷി, ദെബാശിഷ് മൊഹന്തി, ഹര്‍വീന്ദര്‍ സിംഗ്, എബി കുരുവിള എന്നിവരാണ് സെലക്ഷന്‍ കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.  

അതേസമയം കോച്ച് രവി ശാസ്‌ത്രി, ക്യാപ്റ്റൻ വിരാട് കോലി എന്നിവരും സൂം മീറ്റിംഗിലൂടെ സെലക്ട‍ർമാരുടെ യോഗത്തില്‍ പങ്കെടുക്കും. വൈകിട്ട് അഞ്ചിനാണ് യോഗം തുടങ്ങുക. യോഗത്തിന്റെ അവസാനം  ടീം അംഗങ്ങളെ  പ്രഖ്യാപിക്കാനാണ് സാധ്യത .

നായകന്‍ വിരാട് കോലിയും പേസര്‍  ഇഷാന്ത്  ശര്‍മ്മയും  ഇന്ത്യൻ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തും. കുഞ്ഞിന്‍റെ ജനനത്തിനായി ഓസ്‌ട്രേലിയന്‍ പര്യടനത്തിന്‍റെ  ആദ്യ ടെസ്റ്റിന് ശേഷം  നാട്ടിലേക്ക് മടങ്ങിയിരുന്നു നായകൻ  കോലി. അതേസമയം നേരത്തെ  ഐപിഎല്ലിനിടയിൽ  പരിക്കേറ്റതിനെ  തുടര്‍ന്ന് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിലായിരുന്നു ഇന്ത്യൻ പേസർ ഇഷാന്ത്  ശര്‍മ്മ. പരിക്ക് പൂർണ്ണമായി  ഭേദമായ താരം  മുഷ്‌താഖ് അലി ട്രോഫിയില്‍ ദില്ലിക്കായി കളിക്കുകയാണ് ഇപ്പോൾ .

പരിക്കേറ്റ മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ, ഉമേഷ് യാദവ്, ഹനുമ വിഹാരി  എന്നിവരെ ടെസ്റ്റ് പരമ്പരയിലെ
ആദ്യ 2  ടെസ്റ്റ് മത്സരങ്ങൾക്കായി  പരിഗണിക്കില്ല .പരിക്കേറ്റവരെല്ലാം പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കുക്കാനുള്ള തയ്യാറെടുപ്പിലാണ് .എന്നാൽ ഓസ‌്‌ട്രേലിയന്‍ പര്യടനത്തില്‍ പരിക്കേറ്റ ടീം ഇന്ത്യയുടെ സ്റ്റാര്‍ ബൗളര്‍മാരായ രവിചന്ദ്ര അശ്വിനും ജസ്‌പ്രീത് ബുമ്രയും ഇംഗ്ലണ്ട് പരമ്പരയില്‍ കളിക്കുവാൻ സാധ്യതയുണ്ട്. ഇരുവരും ബ്രിസ്‌ബേനില്‍ പുരോഗമിക്കുന്ന അവസാന ടെസ്റ്റില്‍ കളിക്കുന്നില്ല

ചെന്നൈയിൽ ഫെബ്രുവരി അഞ്ചിനാണ് ഒന്നാം ടെസ്റ്റിന് തുടക്കമാവുക. ഈ മാസം 27ന് താരങ്ങൾ എല്ലാം  ബയോബബിളിൽ പ്രവേശിക്കണം. ഓസീസ് പര്യടനത്തിന് ശേഷം താരങ്ങൾ ഇന്ത്യയിൽ
എത്തി ക്വാറന്റൈൻ അടക്കം നടപടികൾ  പൂർത്തിയാകേണ്ടതുമുണ്ട്

Previous articleതുടക്കത്തിലേ പുറത്തായി രോഹിത് , അർദ്ധ സെഞ്ചുറിയുമായി ഗിൽ :അഞ്ചാം ദിനം ഇന്ത്യ പൊരുതുന്നു
Next articleകന്നി സെഞ്ച്വറി നഷ്ടമായി ഗിൽ : നാലാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്‌