2022ലെ ട്വന്റി20 ലോകകപ്പിനു ശേഷം ഇന്ത്യൻ ടി20 ടീമിൽ ഇടം കണ്ടെത്താൻ സീനിയർ താരങ്ങളായ രോഹിത് ശർമയ്ക്കും വിരാട് കോലിക്കും സാധിച്ചിട്ടില്ല. ലോകകപ്പിന് ശേഷം ഹർദിക് പാണ്ട്യയുടെ നായകത്വത്തിൽ യുവതാരങ്ങളടങ്ങിയ ടീമിനെയാണ് ഇന്ത്യ ട്വന്റി20യിൽ അണിനിരത്തുന്നത്. ഇതോടുകൂടി രോഹിത് ശർമയും വിരാട് കോഹ്ലിയും പൂർണമായും ഏകദിന മത്സരങ്ങളിലും ടെസ്റ്റ് മത്സരങ്ങളിലും ശ്രദ്ധ ചെലുത്താൻ തുടങ്ങി. എന്നാൽ ഇന്ത്യയുടെ ട്വന്റി20 ടീമിൽ ഈ സീനിയർ ബാറ്റർമാർ സ്ഥാനം അർഹിക്കുന്നുണ്ട് എന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി.
കോഹ്ലിയേയും രോഹിത്തിനെയും ഇന്ത്യ ട്വന്റി20യിൽ നിന്ന് ഒഴിവാക്കാൻ പാടില്ല എന്നാണ് ഗാംഗുലിയുടെ പക്ഷം. 2023ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ വിരാട് കോഹ്ലിയുടെ തകർപ്പൻ പ്രകടനം കണക്കിലെടുത്താണ് ഗാംഗുലിയുടെ വാദം. “നമ്മൾ മികച്ച കളിക്കാരെ അണിനിരത്തിയാണ് ടീം തിരഞ്ഞെടുക്കേണ്ടത്. ആ കളിക്കാർ ആരൊക്കെയാണ് എന്നതിൽ കാര്യമില്ല. എന്റെ അഭിപ്രായത്തിൽ വിരാട് കോഹ്ലിയും രോഹിത് ശർമയും ഇന്ത്യയുടെ ട്വന്റി20 ക്രിക്കറ്റിൽ ഇപ്പോഴും സ്ഥാനം അർഹിക്കുന്നുണ്ട്. എന്തുകൊണ്ടാണ് വിരാട് കോഹ്ലിയും രോഹിത് ശർമയും ഇപ്പോൾ ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളിൽ കളിക്കാത്തത് എന്നത് എനിക്കറിയില്ല. ഇക്കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗിൽ പോലും വിരാട് കോഹ്ലി മികച്ച ഫോമിലാണ് കളിച്ചത്. എന്നോട് ചോദിക്കുകയാണെങ്കിൽ ഇരുവർക്കും ഇപ്പോഴും ഇന്ത്യയുടെ ട്വന്റി20 ടീമിൽ ഇടം നൽകണമെന്ന അഭിപ്രായമേ ഞാൻ പറയൂ.”- സൗരവ് ഗാംഗുലി പറയുന്നു.
ഇതോടൊപ്പം റിങ്കൂസിംഗ്, ജിതേഷ് ശർമ, ഋതുരാജ് തുടങ്ങിയ യുവതാരങ്ങൾക്ക് ഇന്ത്യയുടെ ട്വന്റി20 സ്ക്വാഡിൽ സ്ഥാനമുറപ്പിക്കാൻ എന്താണ് ചെയ്യേണ്ടതെന്നും ഗാംഗുലി പറയുകയുണ്ടായി. “ഈ കളിക്കാരൊക്കെയും അവരുടെ പ്രകടനങ്ങൾ തുടരുകയാണ് വേണ്ടത്. കിട്ടുന്ന അവസരങ്ങളിലൊക്കെയും മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ ഇവർക്ക് സാധിക്കണം. ഇത് എല്ലായിപ്പോഴും സംഭവിക്കുന്നതാണ്. ഒരു ടീമിന്റെ സ്ക്വാഡിൽ ഉൾപ്പെടുത്താൻ സാധിക്കുക 15 പേരെയാണ്. 11 പേർക്ക് മാത്രമേ ടീമിനായി കളിക്കാൻ സാധിക്കൂ. അതുകൊണ്ടുതന്നെ കുറച്ച് ആളുകൾക്ക് മത്സരത്തിൽ കളിക്കാൻ അവസരം ലഭിക്കില്ല. എന്നിരുന്നാലും ഈ യുവതാരങ്ങൾക്കൊക്കെയും ഇനിയും അവസരങ്ങൾ വന്നുചേരും എന്ന് ഞാൻ വിശ്വസിക്കുന്നു.”- ഗാംഗുലി പറഞ്ഞു.
ഇന്ത്യയുടെ വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിൽ റിങ്കുസിംഗ്, ഋതുരാജ്, ജിതേഷ് ശർമ എന്നിവർ ഉൾപ്പെടുമെന്നായിരുന്നു ആദ്യം വന്ന വാർത്തകൾ. എന്നാൽ ഇവർ മൂന്നു പേരെയും ഇന്ത്യ ഒഴിവാക്കുകയുണ്ടായി. പകരമായി മലയാളി താരം സഞ്ജു സാംസണടക്കമുള്ള താരങ്ങളെയാണ് ഇന്ത്യ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഈ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവച്ചാൽ സഞ്ജു സാംസണ് ട്വന്റി20 ടീമിൽ സ്ഥിര സാന്നിധ്യമാവാൻ സാധിക്കും എന്നാണ് പ്രതീക്ഷ.