ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ആദ്യ 2 ഏകദിനങ്ങളിലും വളരെ മോശം ബാറ്റിംഗ് പ്രകടമാണ് സൂര്യകുമാർ യാദവ് കാഴ്ച വെച്ചിട്ടുള്ളത്. രണ്ടു മത്സരങ്ങളിലും ആദ്യ പന്തിൽ തന്നെ പൂജ്യനായി സൂര്യകുമാർ യാദവ് മടങ്ങുകയായിരുന്നു. മിച്ചൽ സ്റ്റാർക്കിന്റെ പന്തുകളുടെ ലെങ്തും ലൈനും കൃത്യമായി നിർണയിക്കുന്നതിൽ ഇരു മത്സരങ്ങളിലും സൂര്യകുമാർ യാദവ് പരാജയപ്പെടുകയുണ്ടായി. ഏകദിനങ്ങളിൽ തുടർച്ചയായി സൂര്യകുമാർ യാദവിന്റെ ബാറ്റിംഗ് പരാജയം ഇന്ത്യയെ ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സഞ്ജു സാംസനെ സൂര്യകുമാർ യാദവിന് പകരം പരിഗണിക്കുന്നതിൽ തെറ്റില്ല എന്നാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ പറയുന്നത്.
മിച്ചൽ സ്റ്റാർക്കിന്റെ പന്തുകൾ നേരിടുക എന്നത് ദുർഘടമാണെന്ന് അംഗീകരിച്ചുകൊണ്ടുതന്നെയാണ് വസീം ജാഫർ തന്റെ പ്രസ്താവന വെളിപ്പെടുത്തിയിരിക്കുന്നത്. “സൂര്യകുമാർ യാദവ് മത്സരത്തിൽ നേരിട്ട ആദ്യ പന്തുകൾ തന്നെ 145 കിലോമീറ്റർ സ്പീഡ് ഉള്ളതായിരുന്നു. ഒരു ഇടംകയ്യൻ ബോളർ ആ സ്പീഡിൽ പന്ത് ഉള്ളിലേക്ക് സ്വിങ് ചെയ്യുമ്പോൾ, അതൊരു വെല്ലുവിളി തന്നെയാണ് എന്ന കാര്യത്തിൽ സംശയമില്ല. എന്നിരുന്നാലും മിച്ചൽ സ്റ്റാർക്കിന്റെ നിലവാരമുള്ള ബോളറിൽ നിന്നും സൂര്യകുമാർ യാദവ് അത്തരം പന്തുകൾ പ്രതീക്ഷിക്കേണ്ടിയിരുന്നു. സ്റ്റാർക്ക് എപ്പോഴും സ്റ്റമ്പിൽ ആക്രമിക്കാനും, ബോൾ ചെയ്യാനുമാണ് ശ്രമിക്കുന്നത്.”- വസീം ജാഫർ പറയുന്നു.
“മൂന്നാം മത്സരത്തിൽ ഇന്ത്യൻ ടീം മാനേജ്മെന്റ് സൂര്യകുമാർ യാദവിനെ തന്നെ പരിഗണിക്കുമോ എന്ന കാര്യം കണ്ടറിയേണ്ടതാണ്. അല്ലാത്തപക്ഷം സഞ്ജു സാംസന് ഇന്ത്യ അവസരം നൽകിയാലും അതൊരു മോശം ഓപ്ഷൻ ആവില്ല. കാരണം അവസരം ലഭിച്ചപ്പോഴൊക്കെയും മികച്ച രീതിയിൽ കളിച്ചിട്ടുള്ള കളിക്കാരനാണ് സഞ്ജു. അയാൾ ഒരു മികച്ച കളിക്കാരനുമാണ്”- വസീം ജാഫർ കൂട്ടിച്ചേർക്കുന്നു.
നിലവിൽ സഞ്ജു സാംസനെ ഇന്ത്യ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും കളിച്ച 11 ഏകദിനങ്ങളിൽ നിന്ന് 66 റൺസാണ് സഞ്ജു സാംസന്റെ ശരാശരി. മാത്രമല്ല ഏകദിനത്തിൽ 104 സ്ട്രൈക്ക് റേറ്റും സഞ്ജു സാംസണുണ്ട്. ഈ അവസരത്തിൽ സഞ്ജുവിനെ ടീമിൽ എടുക്കുക എന്നത് മോശം കാര്യമല്ല എന്നാണ് ജാഫർ പറയുന്നത്.