ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ 7 വിക്കറ്റുകളുടെ ആധികാരികമായ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ഇന്ത്യക്കായി ബോളിങ്ങിൽ തിളങ്ങിയത് വരുൺ ചക്രവർത്തി ആയിരുന്നു. ഇംഗ്ലണ്ട് നിരയിൽ നിർണായകമായ 3 വിക്കറ്റുകൾ സ്വന്തമാക്കാൻ വരുണിന് സാധിച്ചു.
23 റൺസ് മാത്രമായിരുന്നു വരുൺ വിട്ടുനൽകിയത്. ഇതിനുശേഷം വലിയ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ദിനേശ് കാർത്തിക്. വരുൺ ചക്രവർത്തിയെ ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് ഒഴിവാക്കാനുള്ള ഇന്ത്യൻ തീരുമാനം തെറ്റായിരുന്നു എന്നാണ് ദിനേശ് കാർത്തിക് പറയുന്നത്.
വരുൺ ചക്രവർത്തിയെ ഇന്ത്യ ചാമ്പ്യൻസ് ട്രോഫിയിൽ കളിപ്പിച്ചില്ലെങ്കിൽ അത് പൊറുക്കാനാവാത്ത തെറ്റായി മാറും എന്ന് ദിനേഷ് കാർത്തിക് തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിൽ കൂട്ടിച്ചേർക്കുകയുണ്ടായി. ഇനിയും വരുണിനെ ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ടീമിലെടുക്കാൻ സാധ്യതയുണ്ടോ എന്ന് ചോദ്യത്തിന് മറുപടിയായാണ് കാർത്തിക് ഇക്കാര്യം കുറിച്ചത്. ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് ശേഷമായിരുന്നു കാർത്തിക്കിന്റെ ഈ അഭിപ്രായ പ്രകടനം. മത്സരത്തിൽ ഇംഗ്ലണ്ടിന്റെ നടുവൊടിച്ചതിൽ പ്രധാന പങ്കുവഹിച്ചത് വരുൺ ചക്രവർത്തി തന്നെയായിരുന്നു. ഹാരി ബ്രുക്കിനെ ക്ലീൻ ബോൾഡായാണ് മത്സരത്തിൽ വരുൺ ആരംഭിച്ചത്.
പിന്നീട് ലിയാം ലിവിങ്സ്റ്റണിന്റെ വിക്കറ്റ് സ്വന്തമാക്കാനും വരുൺ ചക്രവർത്തിയ്ക്ക് സാധിച്ചു. 44 പന്തുകളിൽ 68 റൺസ് നേടിയ ഇംഗ്ലണ്ടിന്റെ ടോപ് സ്കോററായ ജോസ് ബട്ലറെയും വരുൺ ചക്രവർത്തിയാണ് മത്സരത്തിൽ പുറത്താക്കിയത്. മുൻപ് ദക്ഷിണാഫ്രിക്കെതിരെ ഇന്ത്യയുടെ ട്വന്റി20 പരമ്പരയിലും മികവാർന്ന പ്രകടനങ്ങൾ വരുൺ ചക്രവർത്തി കാഴ്ചവച്ചിരുന്നു. പിന്നീട് ഇന്ത്യയുടെ ആഭ്യന്തര ലീഗായ വിജയ് ഹസാരെ ട്രോഫിയിൽ തമിഴ്നാടിന് വേണ്ടിയും തട്ടുപൊളിപ്പൻ പ്രകടനമാണ് താരം കാഴ്ചവെച്ചത്.
വിജയ് ഹസാരെ ട്രോഫിയിൽ 6 മത്സരങ്ങളിൽ നിന്ന് 18 വിക്കറ്റുകളാണ് വരുൺ ചക്രവർത്തി സ്വന്തമാക്കിയത്. 12.72 എന്ന ശരാശരിയിലായിരുന്നു നേട്ടം. പക്ഷേ ഇതിന് ശേഷവും ഇന്ത്യ വരുണിനെ ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് ഒഴിവാക്കി. വരുൺ ചക്രവർത്തിയ്ക്ക് പകരം വാഷിംഗ്ടൺ സുന്ദറിനെയും രവീന്ദ്ര ജഡേജയെയും അക്ഷർ പട്ടേലിനെയുമാണ് ഇന്ത്യ തങ്ങളുടെ സ്ക്വാഡിൽ ഉൾപ്പെടുത്തിയത്. പക്ഷേ ഒരേ രീതിയിലുള്ള ഈ 3 താരങ്ങളെ ഉൾപ്പെടുത്തിയത് ഇന്ത്യൻ ടീമിനെ തിരിച്ചടിയായി മാറും എന്ന ആശങ്കയിലാണ് ആരാധകർ.