പാക്കിസ്ഥാനെതിരായ ഉജ്ജ്വല വിജയത്തിന് ശേഷം ഇന്ത്യൻ ടീമിനെ പ്രശംസിച്ചുകൊണ്ട് മുൻ താരം ശുഐബ് അക്തർ രംഗത്ത്. 2011 ലോകകപ്പിലെ പൂർണാധിപത്യം ഇന്ത്യ 2023 ഏകദിന ലോകകപ്പിലും ആവർത്തിക്കുകയാണ് എന്ന് അക്തർ പറഞ്ഞു. ആദ്യ മത്സരങ്ങളിലെ ശക്തമായ പോരാട്ടത്തിലൂടെ പൂർണ്ണ ആത്മവിശ്വാസം നേടിയെടുക്കാൻ ഇന്ത്യൻ ടീമിന് സാധിച്ചിട്ടുണ്ട് എന്ന് അക്തർ കരുതുന്നു.
പാക്കിസ്ഥാനെതിരായ മത്സരത്തിലെ ഇന്ത്യയുടെ പോരാട്ടവീര്യം കണക്കിലെടുത്താണ് അക്തറിന്റെ പ്രസ്താവന. മത്സരത്തിൽ രോഹിത് ശർമയായിരുന്നു ഇന്ത്യക്കായി ബാറ്റിംഗിൽ നട്ടെല്ലായത്. 63 പന്തുകളിൽ 86 റൺസ് നേടി രോഹിത് പാകിസ്ഥാൻ ബോളിങ്ങിനെ വട്ടം കറക്കുകയുണ്ടായി. നിലവിൽ ലോകകപ്പിലെ ആദ്യം 3 മത്സരങ്ങളിലും വിജയം നേടിയ ഇന്ത്യ പോയിന്റ്സ് ടേബിളിൽ ഒന്നാം സ്ഥാനത്താണ്. ഈ സമയത്താണ് അക്തറിന്റെ പ്രസ്താവന.
2011 ലോകകപ്പ് ചരിത്രം ഇന്ത്യ ആവർത്തിക്കുമെന്ന് താൻ വിശ്വസിക്കുന്നു എന്നാണ് അക്തർ പറഞ്ഞത്. “ഞാൻ വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു. 2011 ലോകകപ്പ് ചരിത്രം ഇന്ത്യ 2023ലും ആവർത്തിക്കാൻ പോവുകയാണ്. സെമിഫൈനൽ മത്സരങ്ങളിൽ അവർ പിഴവുകൾ വരുത്തിയില്ലെങ്കിൽ ലോകകപ്പ് വിജയിക്കാനുള്ള വലിയ സാധ്യത തന്നെ ഇന്ത്യൻ ടീമിനുണ്ട്. ഇന്ത്യക്ക് ഞാൻ അഭിനന്ദനങ്ങൾ അറിയിക്കുന്നു. പാകിസ്താനെതിരായ മത്സരത്തിൽ ഒരു തകർപ്പൻ പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചത്. നിങ്ങൾ ഞങ്ങളെ പൂർണ്ണമായും തകർത്തു. തകർത്തു തരിപ്പണമാക്കി.”- അക്തർ പറയുന്നു.
ഒരു കൊച്ചു കുട്ടികളുടെ ടീമിനെ പോലെ കണ്ട് പാകിസ്താനെ ഇന്ത്യ ഇല്ലാതാക്കി കളഞ്ഞു എന്നാണ് അക്തർ പറഞ്ഞത്. മത്സരം കണ്ടുകൊണ്ടിരിക്കാൻ തന്നെ വലിയ പ്രയാസമായിരുന്നു എന്ന് അക്തർ പറഞ്ഞു. “പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെ അപമാനിക്കുന്ന പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചത്. അവർ തീർത്തും പാക്കിസ്ഥാനെ ഇല്ലാതാക്കി കളഞ്ഞു. എനിക്കത് കണ്ടുകൊണ്ട് നിൽക്കാൻ പോലും കഴിഞ്ഞിരുന്നില്ല. രോഹിത് ശർമ വളരെ ക്രൂരമായിയാണ് പാകിസ്ഥാനെ അടിച്ചൊതുക്കിയത്.”- അക്തർ കൂട്ടിച്ചേർത്തു.
മത്സരത്തിലെ വിജയം ഇന്ത്യയെ സംബന്ധിച്ച് ഒരു ചരിത്രപരമായ നിമിഷമായിരുന്നു. ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യയുടെ തുടർച്ചയായ എട്ടാം വിജയമാണ് മത്സരത്തിൽ പിറന്നത്. 1992 ലോകകപ്പിൽ ആയിരുന്നു ആദ്യമായി ഇന്ത്യ പാക്കിസ്ഥാനോട് പോരാടി വിജയിച്ചത്. ശേഷം ഇത്രയധികം ഏകദിന ലോകകപ്പുകൾ നടന്നിട്ടും ഒരു മത്സരത്തിൽ പോലും പാകിസ്താന് ഇന്ത്യക്കെതിരെ വിജയം നേടാൻ സാധിച്ചില്ല. മാത്രമല്ല എല്ലാത്തരത്തിലും പാക്കിസ്ഥാനെ തുരത്തിയോടിച്ച വിജയം തന്നെയായിരുന്നു അഹമ്മദാബാദിൽ ഇന്ത്യ സ്വന്തമാക്കിയത്.