ഇന്ത്യയെ രക്ഷിച്ച് ന്യൂസിലാൻഡിന്റെ കട്ട ഹീറോയിസം. ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റിൽ ഒരു മിന്നും വിജയമാണ് ന്യൂസിലാൻഡ് നേടിയത്. കെയിൻ വില്യംസിന്റെയും ഡാരിൽ മിച്ചലിന്റെയും തകർപ്പൻ ബാറ്റിംഗ് പ്രകടനങ്ങളാണ് ന്യൂസിലാൻഡിനെ മത്സരത്തിൽ വിജയത്തിലെത്തിച്ചത്. മത്സരത്തിൽ 2 വിക്കറ്റുകൾക്കായിരുന്നു ന്യൂസിലാൻഡിന്റെ വിജയം. ശ്രീലങ്ക മത്സരത്തിൽ പരാജയപ്പെട്ടതോടെ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഇന്ത്യയ്ക്ക് ഇനി ഓസ്ട്രേലിയയോടുള്ള അവസാന മത്സരത്തിലെ ഫലം ആശ്രയിക്കേണ്ട ആവശ്യമില്ല.
മത്സരത്തിൽ ശ്രീലങ്കയായിരുന്നു ആദ്യം ബാറ്റ് ചെയ്തത്. ആദ്യ ഇന്നിങ്സിൽ 355 റൺസ് ശ്രീലങ്ക നേടുകയുണ്ടായി. മറുപടി മാറ്റങ്ങൾ ഡാരിൽ മിച്ചൽ (102) ന്യൂസിലാൻഡിനായി തകർപ്പൻ സെഞ്ച്വറി നേടി. അങ്ങനെ ആദ്യ ഇന്നിങ്സിൽ ശ്രീലങ്കയ്ക്ക് മുൻപിൽ 18 റൺസിന്റെ ലീഡ് കിവികൾ നേടി. രണ്ടാം ഇന്നിങ്സിൽ വളരെ കരുതലോടെ തന്നെയായിരുന്നു ശ്രീലങ്ക കളിച്ചത്. എഞ്ചലോ മാത്യൂസ് സെഞ്ച്വറി നേടിയതോടെ ശ്രീലങ്കൻ സ്കോർ കുതിച്ചു. രണ്ടാം ഇന്നിങ്സിൽ 302 റൺസായിരുന്നു ശ്രീലങ്കയുടെ സമ്പാദ്യം. അതോടെ ന്യൂസിലാന്റിന്റെ വിജയലക്ഷ്യം 285 റൺസായി മാറി.
മത്സരത്തിന്റെ അഞ്ചാം ദിവസം മഴ വലിയ രീതിയിൽ ഭീഷണി ഉണ്ടാക്കിയിരുന്നു. അതിനാൽ തന്നെ 53 ഓവറുകൾ മാത്രമാണ് ബാക്കി ഉണ്ടായിരുന്നത്. അവസാനദിവസം കിവി വിക്കറ്റുകൾ പിഴുതെറിയാൻ ശ്രീലങ്ക പരമാവധി ശ്രമിച്ചു. എന്നാൽ വില്യംസനും(121*) ഡാരിൽ മിച്ചലും(81) ക്രീസിലൂറച്ചതോടെ കിവികൾ വിജയത്തിലേക്ക് കുതിച്ചു. ഒരു ഏകദിനത്തിന് സമാനമായ രീതിയിലായിരുന്നു അഞ്ചാം ദിവസം മിച്ചൽ കളിച്ചത്. അവസാന ഓവറുകളിൽ വില്യംസൺ തന്റെ പ്രതിഭയ്ക്കൊത്ത് ഉയർന്നതോടെ രണ്ട് വിക്കറ്റുകൾക്ക് ന്യൂസിലാൻഡ് വിജയം നേടുകയായിരുന്നു. മത്സരത്തിന്റെ അവസാന ബോളിലായിരുന്നു ന്യൂസിലാൻഡിന്റെ തകർപ്പൻ വിജയം.
ന്യൂസിലാന്റിന്റെ ഈ വിജയത്തോടെ ശ്രീലങ്ക ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ഫൈനൽ സാധ്യതകളിൽ നിന്ന് പുറത്തേക്ക് പോയിട്ടുണ്ട്. അതിനാൽ തന്നെ ഇന്ത്യയും ഓസ്ട്രേലിയയും തന്നെയാവും ജൂണിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഏറ്റുമുട്ടുക എന്നത് ഉറപ്പായിട്ടുണ്ട്. എന്തായാലും ഇന്ത്യയെ സംബന്ധിച്ച് ഒരുപാട് ആശ്വാസം നൽകുന്നതാണ് ന്യൂസിലാന്റിന്റെ ഈ വിജയം.