പത്തൊമ്പതാമത് ഏഷ്യൻ ഗെയിംസിലെ ക്രിക്കറ്റ് ടൂർണമെന്റിലേക്ക് ഇന്ത്യ തങ്ങളുടെ പുരുഷ ടീമിനെ അയക്കാൻ തയ്യാറായിരിക്കുകയാണ്. ഒരു വിപ്ലവകരമായ മാറ്റം തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. യുവതാരങ്ങൾ അടങ്ങിയ ഒരു ശക്തമായ നിരയെയാണ് ഇന്ത്യ ഏഷ്യൻ ഗെയിംസിൽ കിരീടം ചൂടാനായി അയക്കുന്നത്. പൂർണ്ണമായും 18 ടീമുകളാണ് ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റ് വിഭാഗത്തിൽ ഏറ്റുമുട്ടുക. ഇതിൽ ഏറ്റവുമധികം സാധ്യതകളുള്ള ടീം ഇന്ത്യയാണ് എന്ന് നിസംശയം പറയാനാവും. മാത്രമല്ല ഇന്ത്യയ്ക്ക് നേരിട്ട് ക്വാർട്ടർ ഫൈനലിലും കളിക്കാൻ സാധിക്കും. ഇത് ഇന്ത്യയെ സംബന്ധിച്ച് ഒരു ബംബർ തന്നെയാണ്.
റാങ്കിംഗ് അടിസ്ഥാനത്തിൽ നോക്കുമ്പോൾ ഏറ്റവും മികച്ച ടീമിന് നേരിട്ട് ഏഷ്യൻ ഗെയിംസ് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത ലഭിക്കാറുണ്ട്. ജൂൺ 1 പ്രകാരമുള്ള ഐസിസിയുടെ റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ ടീമിനെ ക്വാർട്ടർ ഫൈനലിലേക്ക് നേരിട്ട് തിരഞ്ഞെടുക്കുന്നത്. അങ്ങനെ നോക്കുമ്പോൾ ഇന്ത്യയാണ് നേരിട്ട് ക്വാർട്ടർ ഫൈനലിൽ കളിക്കാൻ പോകുന്ന ടീം. ഇത് ഇന്ത്യയ്ക്ക് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. കാര്യങ്ങൾ ഇങ്ങനെയാണെങ്കിൽ കേവലം മൂന്നു മത്സരങ്ങൾ മാത്രമാണ് ഇന്ത്യക്ക് വിജയിക്കേണ്ടി വരിക.
ഇതാദ്യമായാണ് ഇന്ത്യ ഏഷ്യൻ ഗെയിംസിനായി പുരുഷ ടീമിനെ അയക്കാൻ തയ്യാറാവുന്നത്. കഴിഞ്ഞതവണത്തെ ഏഷ്യൻ ഗെയിംസിൽ ശ്രീലങ്കയായിരുന്നു ക്രിക്കറ്റിൽ കിരീടം സ്വന്തമാക്കിയത്. എന്നാൽ ഇത്തവണ യുവതാരങ്ങൾ ഇന്ത്യക്കായി അണിനിരക്കുമ്പോൾ ഇന്ത്യ തന്നെയാണ് ഫേവറേറ്റ്സുകൾ എന്ന് പറയാതിരിക്കാൻ സാധിക്കില്ല. ഋതുരാജിന്റെ നേതൃത്വത്തിൽ 15 അംഗങ്ങൾ അടങ്ങിയ സ്ക്വാഡിനെയാണ് ബിസിസിഐ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നത്. ട്വന്റി20 ഫോർമാറ്റിലാണ് മത്സരങ്ങൾ നടക്കുന്നതെങ്കിലും വിരാട് കോഹ്ലി, രോഹിത് ശർമ, മുഹമ്മദ് സിറാജ്, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, തുടങ്ങിയ സീനിയർ താരങ്ങളെ ഇന്ത്യ സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മാത്രമല്ല മലയാളി താരം സഞ്ജു സാംസന്റെ പേരും സ്ക്വാഡിനൊപ്പം ചേർത്തിട്ടില്ല. ഇതേസമയം ഈ താരങ്ങളൊക്കെയും ഏകദിന ലോകകപ്പിനുള്ള ടീമിന്റെ ഭാഗമായേക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. 2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ തിളങ്ങിയ താരങ്ങളെ തിരഞ്ഞുപിടിച്ചാണ് ഇന്ത്യ ഏഷ്യൻ ഗെയിംസിനുള്ള ടീം ശക്തമാക്കിയിരിക്കുന്നത്. എന്തായാലും ശുഭപ്രതീക്ഷ തന്നെയാണ് ഇന്ത്യയ്ക്ക് ഉള്ളത്.