രണ്ടാം ടെസ്റ്റിൽ കൂടുതൽ അരങ്ങേറ്റക്കാരുണ്ടാവും. സൂചന നൽകി ഇന്ത്യൻ നായകൻ.

F1Bk1NkWwAANCKz scaled

ഡൊമിനിക്കയിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ വിൻഡീസിനെതിരെ ഏകപക്ഷിയമായ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ഒരു ഇന്നിംഗ്സിനും 141 റൺസിനും വെസ്റ്റിൻഡീസിനെ പരാജയപ്പെടുത്താൻ ഇന്ത്യയ്ക്ക് സാധിച്ചു. അതിനാൽ തന്നെ വരും മത്സരത്തിൽ കൂടി വിജയം നേടി പരമ്പര തൂത്തുവാരാനുള്ള ശ്രമത്തിലാണ് ഇന്ത്യ. എന്നാൽ വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ തങ്ങളുടെ ടീമിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും എന്ന് സൂചനയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഇപ്പോൾ നൽകുന്നത്. അടുത്ത മത്സരത്തിൽ, അരങ്ങേറ്റത്തിനായി കാത്തിരിക്കുന്ന കൂടുതൽ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തും എന്ന് രോഹിത് ശർമ പറയുകയുണ്ടായി.

മത്സരത്തിലെ ഇന്ത്യയുടെ പ്രകടനത്തെപ്പറ്റിയായിരുന്നു രോഹിത് ആദ്യം സംസാരിച്ചത്. “മത്സരത്തിൽ ബോളിങ്ങിൽ മികവാർന്ന പ്രകടനം പുറത്തെടുക്കാൻ ഞങ്ങൾക്ക് സാധിച്ചു. അതിൽ അതിയായ സന്തോഷമുണ്ട്. ആദ്യ ഇന്നിങ്സിൽ വിൻഡീസിനെ 150 റൺസിന് പുറത്താക്കിയതാണ് മത്സരത്തിൽ വഴിത്തിരിവായത്. ശേഷം ബാറ്റിംഗ് അല്പം ബുദ്ധിമുട്ടേറിയതാവും എന്ന് ഞങ്ങൾക്കറിയാമായിരുന്നു. ഡൊമിനിക്കയിൽ റൺസ് നേടുക എന്നത് അനായാസ കാര്യമല്ല. അതിനാൽ തന്നെ ഒരുതവണ മാത്രമേ ബാറ്റ് ചെയ്യാവൂ എന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. എത്ര റൺസ് നേടാൻ സാധിക്കുമോ അത്രയും നേടുക എന്നതായിരുന്നു ലക്ഷ്യം. 400 റൺസിന് മുകളിൽ നേടിയതിനു ശേഷം ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുക എന്നതും ടീമിന്റെ തീരുമാനമായിരുന്നു.”- രോഹിത് പറഞ്ഞു.

Read Also -  ഇന്ത്യൻ ടീമിൽ പൂജാരയ്ക്കും രഹാനെയ്ക്കും പകരക്കാരെ കണ്ടെത്തി ദിനേശ് കാർത്തിക്.

രണ്ടാം ടെസ്റ്റിൽ കുറച്ചു താരങ്ങൾക്ക് വിശ്രമം നൽകേണ്ടി വരും എന്ന സൂചനയും രോഹിത് നൽകുകയുണ്ടായി. “പരമ്പരയിൽ മികച്ച തുടക്കം ലഭിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇനി ആ തുടക്കം രണ്ടാം ടെസ്റ്റിലേക്ക് എത്തിക്കുകയാണ് വേണ്ടത്. ഇപ്പോഴും ഞങ്ങളുടെ സ്ക്വാഡിൽ അധികം ടെസ്റ്റ് മത്സരങ്ങളിൽ അണിനിരക്കാത്ത കുറച്ച് താരങ്ങളുണ്ട്. അടുത്ത മത്സരങ്ങളിൽ അവർക്ക് മൈതാനത്തിറങ്ങാൻ അവസരം നൽകണമെന്നാണ് ഞാൻ കരുതുന്നത്.”- രോഹിത് കൂട്ടിച്ചേർക്കുന്നു.

ഋതുരാജ് ഗൈക്വാഡ്, നവദീപ് സൈനി, മുകേഷ് കുമാർ തുടങ്ങിയവരൊക്കെയും ഇന്ത്യയുടെ ടെസ്റ്റ് സ്ക്വാഡിൽ ഇടം പിടിച്ചിട്ടുണ്ട്. ഇതിൽ നവദീപ് സൈനി ഒഴികെയുള്ള കളിക്കാർ ഇന്ത്യയ്ക്കായി തങ്ങളുടെ അരങ്ങേറ്റ മത്സരം പോലും കളിച്ചിട്ടില്ല. ഋതുരാജ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്കായി ഒരു ഏകദിനവും 9 ട്വന്റി20 മത്സരവും കളിച്ചിട്ടുണ്ട്. എന്നാൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറാൻ ഇതുവരെ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. മുകേഷ് കുമാർ സ്‌ക്വാഡിൽ അംഗമാണെങ്കിലും ഇതുവരെ ഇന്ത്യൻ ജേഴ്സി അണിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ഈ കളിക്കാരെ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ഉൾപ്പെടുത്തുമെന്നാണ് കരുതുന്നത്.

Scroll to Top