അവസരം കിട്ടുമ്പോഴൊക്കെ അവൻ മികവ് കാട്ടുന്നു, പക്ഷെ ഇന്ത്യ അവനെ അവഗണിക്കുന്നു. യുവ സ്പിന്നറെ പറ്റി കുംബ്ലെ.

വെസ്റ്റിൻഡീസിനെതിരെ ഡൊമിനിക്കയിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ തകർപ്പൻ പ്രകടനം തന്നെയാണ് ഇന്ത്യ കാഴ്ചവച്ചത്. മത്സരത്തിൽ ഇനിങ്‌സിനും 141 റൺസിനുമായിരുന്നു ഇന്ത്യ വിജയം കണ്ടത്. ഈ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് ഇന്ത്യയുടെ സ്പിൻ ബോളർമാരായ രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയുമായിരുന്നു. മത്സരത്തിന്റെ രണ്ട് ഇന്നിങ്സുകളിലും ഇരുവരും നിറഞ്ഞാടുകയുണ്ടായി. ഇവർക്കൊപ്പം ഇന്ത്യ കുൽദീപ് യാദവിനെയും വരുന്ന ടെസ്റ്റ് മത്സരങ്ങളിൽ പരിഗണിക്കണം എന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുൻ താരം അനിൽ കുംബ്ലെ. 2022 ഡിസംബറിൽ ബംഗ്ലാദേശിനെതിരെയാണ് കുൽദീപ് തന്റെ അവസാന ടെസ്റ്റ് മത്സരം കളിച്ചത്.

അതിനുശേഷം ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള സ്ക്വാഡിൽ കുൽദീപ് ഇടം പിടിച്ചിരുന്നു. പക്ഷേ വിൻഡിസിനെതിരായ പരമ്പരയിൽ കുൽദീപിനെ ഇന്ത്യ ഒഴിവാക്കുകയാണ് ഉണ്ടായത്. എന്നിരുന്നാലും പര്യടനത്തിലെ ഏകദിന ടീമിൽ കുൽദീപ് അണിനിരക്കുന്നുണ്ട്. കുൽദീപ്നെ ഇന്ത്യ ഇത്തരം പിച്ചുകളിൽ മികച്ച രീതിയിൽ ഉപയോഗിക്കണം എന്നാണ് കുംബ്ലെ പറയുന്നത്.

“കുൽദീപ് ഒരു വളരെ മികച്ച ബോളറാണ്. അതിനാൽ തന്നെ വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ അയാൾ വേണ്ടിയിരുന്നു. ലെഗ് സ്പിന്നർമാർ പൊതുവേ ആക്രമണ മനോഭാവമുള്ളവരാണ്. അവർ റൺസ് വിട്ടുനിൽക്കുമെങ്കിലും കൃത്യമായി വിക്കറ്റുകൾ വീഴ്ത്താറുണ്ട്. ലെഗ് സ്പിന്നറെ ടീമിൽ ഉൾപ്പെടുത്തി മികച്ച കളിക്കാരാക്കി മാറ്റേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ എന്തെങ്കിലും അവസരം ലഭിക്കുമ്പോൾ അവരെ ടീമിൽ കളിക്കാനായി പ്രാപ്തരാക്കണം.”- കുംബ്ലെ പറയുന്നു.

“ടെസ്റ്റ് മത്സരങ്ങളിൽ വളരെ നന്നായി പന്തറിയാൻ കുൽദീപിന് സാധിക്കും. അവസരം ലഭിച്ചപ്പോഴൊക്കെയും നല്ല പ്രകടനങ്ങൾ കാഴ്ചവെക്കാൻ അയാൾക്ക് സാധിച്ചിട്ടുണ്ട്. ഏകദിന ട്വന്റി20 ഫോർമാറ്റിൽ ഒരുപാട് റിസ്റ്റ് സ്പിന്നർമാർ നമുക്കുണ്ട്. എന്നാൽ ടെസ്റ്റ് മത്സരങ്ങളിൽ അവരെ ആരെയും നമുക്ക് കാണാൻ സാധിക്കുന്നില്ല. നിലവിൽ അശ്വിനും ജഡേജയും ഇന്ത്യൻ ടീമിനായി നല്ല പ്രകടനങ്ങൾ തന്നെയാണ് കാഴ്ചവയ്ക്കുന്നത്. ഇരുവരും നിലവാരമുള്ള സ്പിന്നർമാർ തന്നെയാണ്. മാത്രമല്ല നമുക്ക് മൂന്നാം സ്പിന്നറായി അക്ഷർ പട്ടേലുമുണ്ട്. അവനും അവസരങ്ങൾ ലഭിക്കുമ്പോൾ മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്. എന്നിരുന്നാലും ഞാൻ പറഞ്ഞതുപോലെ ഇവർക്കൊപ്പം കുൽദീപിനെയും നമ്മൾ പരിഗണിക്കേണ്ടതുണ്ട്. സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ അവനെയും കളിപ്പിക്കണം.”- കുംബ്ലെ കൂട്ടിച്ചേർക്കുന്നു.

കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യക്കായി മികച്ച പ്രകടനം തന്നെയാണ് സ്പിന്നർമാർ കാഴ്ചവച്ചിട്ടുള്ളത്. 2021-23 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിന്റെ അവസാന മത്സരങ്ങളിൽ ഇന്ത്യൻ സ്പിന്നർമാർ മികച്ചു നിന്നു. അതിന്റെ ഫലമായാണ് ഇന്ത്യയ്ക്ക് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്താൻ സാധിച്ചത്. 2023-25 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ സൈക്കിളിലും മികച്ച തുടക്കം തന്നെ ഇന്ത്യൻ സ്പിന്നർമാർക്ക് ലഭിച്ചിട്ടുണ്ട്. വരും മത്സരങ്ങളിലും ഈ പ്രകടനങ്ങൾ ആവർത്തിച്ച് വിജയം കാണാനാണ് ഇന്ത്യയുടെ ശ്രമം. ജൂലൈ 20നാണ് ഇന്ത്യയുടെ വെസ്റ്റിൻഡീസിനേതിരായ രണ്ടാം ടെസ്റ്റ് ആരംഭിക്കുക.

Previous articleദ്രാവിഡും പടിയിറങ്ങുന്നു, പകരക്കാരനായി എത്തുന്നത് സിംബാബ്വേയുടെ സൂപ്പർ താരം.
Next article“ധോണിയും കോഹ്ലിയുമല്ല, എന്റെ റോൾ മോഡൽ ആ ഇന്ത്യൻ താരം”, തുറന്ന് പറഞ്ഞ് റിങ്കു സിംഗ്.