2023ലെ 50 ഓവർ ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം. അതിനു മുന്നോടിയായി വെസ്റ്റിൻഡീസിനെതിരായ പര്യടനമാണ് ഇന്ത്യയ്ക്ക് ഇനിയുള്ളത്. എന്നാൽ ലോകകപ്പിന് മുൻപ് സന്തുലിതമായ ഒരു ബാറ്റിംഗ് നിരയെ കെട്ടിപ്പടുക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അത്യാവശ്യമാണ്. പ്രത്യേകിച്ച് ഇന്ത്യൻ പിച്ചുകളിൽ മത്സരം നടക്കുമ്പോൾ കൃത്യമായി ബാലൻസ് കണ്ടെത്താത്തപക്ഷം വിജയം കഠിനമായി മാറിയേക്കാം. ഇപ്പോൾ ഇന്ത്യൻ നിരയിലെ ചില പോരായ്മകൾ വ്യക്തമാക്കി കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ പരിശീലകനായ രവി ശാസ്ത്രി. ഇന്ത്യൻ മുൻനിരയിൽ കുറച്ച് ഇടങ്കയ്യൻ ബാറ്റർമാരെ ആവശ്യമാണ് എന്നാണ് രവി ശാസ്ത്രിയുടെ പക്ഷം.
2011 ലോകകപ്പിലടക്കം ഇന്ത്യൻ ടീമിൽ ആദ്യ ആറു പേരിൽ ഇടംകയ്യൻ ബാറ്റർമാർ അടങ്ങിയിരുന്നു. യുവരാജ് സിംഗ്, ഗൗതം ഗംഭീർ, സുരേഷ് റെയ്‌ന എന്നീ ഇടങ്കയ്യൻ ബാറ്റർമാർ ഇന്ത്യയ്ക്ക് വലിയ രീതിയിൽ സംഭാവനകൾ നൽകുകയും ചെയ്തു. അതേ രീതിയിൽ 2023ലും ഇന്ത്യന്‍ ഇടംകയ്യൻ ബാറ്റർമാരെ ആശ്രയിക്കേണ്ടിയിരിക്കുന്നു എന്നാണ് ശാസ്ത്രിയുടെ പക്ഷം. “കളിക്കാരുടെ ഫോം എന്നത് വളരെ പ്രാധാന്യമുള്ളതാണ്. അതേപോലെ തന്നെയാണ് ടീമിന് കൃത്യമായി ബാലൻസ് ഉണ്ടാക്കുക എന്നതും. മുൻനിരയിൽ ഒരു ഇടംകയ്യൻ ബാറ്ററുണ്ടെങ്കിൽ അത് വലിയ വ്യത്യാസം തന്നെ ഉണ്ടാക്കും. ഓപ്പണിങ്ങിൽ വേണമെന്നില്ല. ഒരുപക്ഷേ മൂന്നാം നമ്പറിലോ നാലാം നമ്പറിലോ ഇന്ത്യക്കായി ഇടംകയ്യൻ ബാറ്റർ ഇറങ്ങണം. ആദ്യ ആറു ബാറ്റർമാരിൽ 2 ഇടംകയ്യൻ ബാറ്റർമാരെ കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്.”- ശാസ്ത്രി പറഞ്ഞു.
“ടീമുകൾ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചപ്പോഴൊക്കെയും അവർക്ക് ടോപ്പ് ഓർഡറിൽ ഇടംകയ്യൻ ബാറ്റർമാർ ഉണ്ടായിരുന്നു. 2011 ൽ ഇന്ത്യ ലോകകപ്പ് ജേതാക്കളാകുമ്പോൾ ഇന്ത്യയ്ക്ക് ഗൗതം ഗംഭീർ, യുവരാജ് സിംഗ്, സുരേഷ് റെയ്‌ന എന്നീ ഇടങ്കയ്യൻ ബാറ്റർമാർ ഉണ്ടായിരുന്നു. 1974ൽ കളിചരൺ, ഫെഡറിക്സ്, ലോയിഡ് എന്നിവർ ഉണ്ടായിരുന്നു. 1979 വേൾഡ് കപ്പിലും ഇത് ദൃശ്യമായി. 1983ല്‍ ഇന്ത്യൻ ടീമിൽ മാത്രമാണ് ഇടംകയ്യൻമാർ വലിയ രീതിയിൽ ഉണ്ടാവാതിരുന്നത്. 1987ൽ അലൻ ബോർഡർ അടക്കമുള്ളവർ ഓസ്ട്രേലിയക്കായി ഇടംകയ്യൻ ബാറ്റർ എന്ന നിലയിൽ പോരാടി. 1996ൽ ശ്രീലങ്കയ്ക്കായി സനത് ജയസൂര്യ, രണതുങ്ക, ഗുരുസിൻഹ എന്നീ ഇടങ്കയ്യൻ ബാറ്റർമാർ ടോപ്പ് ഓർഡറിൽ കളിച്ചിരുന്നു. ശേഷം ഓസ്ട്രേലിയ കപ്പടിച്ച ടൂർണ്ണമെന്റിൽ ഗിൽക്രിസ്റ്റും ഹെയ്ഡനും അവരുടെ നട്ടെല്ലായി. ഇത്തരത്തിൽ കൃത്യമായ ഒരു മിക്സാണ് ഇന്ത്യയ്ക്ക് 2023 ഏകദിന ലോകകപ്പിൽ ആവശ്യം.”- ശാസ്ത്രീ കൂട്ടിച്ചേർത്തു.
നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ഇന്ത്യക്കായി രോഹിത് ശർമയും ഗില്ലുമാണ് ഓപ്പണിങ് ഇറങ്ങാൻ സാധ്യത. ശേഷം വിരാട് കോഹ്ലി, സഞ്ജു സാംസൻ, സൂര്യകുമാർ യാദവ് എന്നിവരൊക്കെയും ടീമിൽ ഉൾപ്പെടാൻ സാധ്യതകളുണ്ട്. പക്ഷേ എന്നിരുന്നാലും മികച്ച ഇടംകയ്യൻ ബാറ്റർമാരുടെ അഭാവം ഇന്ത്യൻ ടീമിൽ നിലനിൽക്കുന്നുണ്ട്. ഒരുപക്ഷേ ജെയ്സ്വാൾ അടക്കമുള്ള താരങ്ങൾ ടീമിലേക്ക് എത്തുകയാണെങ്കിൽ ഈ പോരായ്മ ഇല്ലാതാക്കാൻ സാധിച്ചേക്കും.