എന്തുകൊണ്ടാണ് സര്‍ഫറാസ് ഖാനെ തിരഞ്ഞെടുക്കാത്തത് ? കാരണം ചൂണ്ടികാട്ടി മുന്‍ ഓസ്ട്രേലിയന്‍ താരം.

അടുത്ത മാസം വെസ്റ്റ് ഇൻഡീസിനെതിരെ നടക്കാനിരിക്കുന്ന രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സർഫറാസ് ഖാൻ ഇടം നേടാത്തത് എന്തുകൊണ്ടാണെന്ന് വിശിദീകരണവുമായി മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ബ്രാഡ് ഹോഗ്.

വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ എന്നിവർ മധ്യനിരയിൽ ബാറ്റ് ചെയ്യുന്നതിനാൽ സര്‍ഫറാസ് ഖാന് ടീമില്‍ ഇടം നേടാന്‍ സാധ്യതയില്ലാ എന്ന് പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പേസ് ബൗളർമാർക്കെതിരെ രഞ്ജി ട്രോഫി ഫോം ആവർത്തിക്കുന്നതിൽ മുംബൈ ബാറ്റർ പരാജയപ്പെട്ടുവെന്നും ഹോഗ് കൂട്ടിച്ചേർത്തു.

sarfraz khan celebration

തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ ബ്രാഡ് ഹോഗ് പറഞ്ഞു:

“രഞ്ജി ട്രോഫിയിൽ സർഫറാസ് ഖാൻ സെൻസേഷണൽ ആയിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹം ഈ ടീമിൽ ഇല്ലാത്തത്? എന്തുകൊണ്ടാണ് സർഫറാസ് ഖാനെ തിരഞ്ഞെടുക്കാത്തതെന്നും ശ്രദ്ധിക്കപ്പെടാത്തതെന്നും എനിക്കറിയാം ”

‘ഒന്ന് – അഞ്ചാമതോ ആറാമതായോ ആണ് സര്‍ഫറാസ് ഖാന്‍ തന്‍റെ ടീമിനായി കളിക്കുന്നത്. കൂടാതെ, ഐ‌പി‌എല്ലിൽ മികച്ച നിലവാരമുള്ള ഉയർന്ന പേസ് ബൗളിംഗിനെതിരായ അദ്ദേഹത്തിന്റെ റെക്കോർഡ് നോക്കുകയാണെങ്കിൽ, അത് അത്ര നല്ലതല്ല. ഇവിടെയാണ് ഇന്ത്യൻ സെലക്ടർമാർ സർഫറാസ് ഖാനെ തഴയുന്നതെന്ന് ഞാൻ കരുതുന്നത്. അടുത്ത ഐപിഎല്ലിൽ അത് മെച്ചപ്പെടുത്താൻ അദ്ദേഹത്തിന് കഴിയുമെങ്കിൽ, ടെസ്റ്റ് തലത്തിൽ ഇന്ത്യക്കായി ഒരു നീണ്ട കരിയർ അദ്ദേഹത്തിന് ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ”

സർഫറാസ് ഖാൻ ഇതുവരെ 50 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 22.5 ശരാശരിയിൽ 585 റൺസ് മാത്രമാണ് നേടിയത്. 2023ൽ നാല് കളികളിൽ നിന്ന് 13.25 ശരാശരിയില്‍ 85.48 സ്‌ട്രൈക്ക് റേറ്റിലും 53 റൺസാണ് താരത്തിന്‍റെ നേട്ടം. കഴിഞ്ഞ സീസണിൽ മാർക്ക് വുഡ്, ടി. നടരാജൻ, റാഷിദ് ഖാൻ, വാഷിംഗ്ടൺ സുന്ദർ എന്നിവരാണ് സര്‍ഫറാസ് ഖാനെ പുറത്താക്കിയത്.