12 വർഷങ്ങളുടെ ഇന്ത്യൻ ചരിത്രം തിരുത്തി കിവികൾ. പൂനെയിൽ ഇന്ത്യ ചാരമായി

ഇന്ത്യൻ മണ്ണിൽ ഇന്ത്യയുടെ ശക്തമായ പടയെ തൂത്തെറിഞ്ഞ് ന്യൂസിലാൻഡ്. ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയുടെ സ്വന്തം നാട്ടിലെ റെക്കോർഡ് തകർത്തെറിഞ്ഞ വിജയമാണ് രണ്ടാം മത്സരത്തിൽ ന്യൂസിലാൻഡ് സ്വന്തമാക്കിയിരിക്കുന്നത്. 12 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ, ഇന്ത്യൻ മണ്ണിൽ ഒരു പരമ്പരയിൽ പരാജയം നേരിടുന്നത്. രണ്ടാം മത്സരത്തിൽ 113 റൺസിന്റെ കിടിലൻ വിജയമാണ് ന്യൂസിലാൻഡ് സ്വന്തമാക്കിയത്. ബാറ്റിങ്ങിലും ബോളിങ്ങിലും ഇന്ത്യയ്ക്ക് മേൽ കൃത്യമായ ആധിപത്യം സ്ഥാപിച്ചായിരുന്നു ന്യൂസിലാൻഡ് വിജയം സ്വന്തമാക്കിയത്. ന്യൂസിലാൻഡിനായി മത്സരത്തിൽ കിടിലൻ പ്രകടനം കാഴ്ചവച്ചത് സ്പിന്നർ സാന്റ്നർ ആണ്. മത്സരത്തിൽ ആകെ 13 വിക്കറ്റുകളാണ് സാന്റ്നർ സ്വന്തമാക്കിയത് 

മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ന്യൂസിലാൻഡ് തങ്ങളുടെ ആദ്യ ഇന്നിംഗ്സിൽ 259 റൺസാണ് സ്വന്തമാക്കിയത്. രവീന്ദ്രയുടെയും കോൺവെയുടെയും അർത്ഥ സെഞ്ചറികളുടെ മികവിലായിരുന്നു ന്യൂസിലാന്റിന്റെ പടയോട്ടം. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യൻ ബാറ്റിംഗ് നിര സാന്റ്നറുടെ പന്തിന് മുൻപിൽ തകർന്നുവീണു. ഇന്നിംഗ്സിൽ സാന്റ്നർ 7 വിക്കറ്റുകൾ സ്വന്തമാക്കിയപ്പോൾ ഇന്ത്യയുടെ ഇന്നിങ്സ് കേവലം 156 റൺസിൽ അവസാനിക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യയ്ക്ക് ന്യൂസിലാൻഡിനു മുൻപിൽ 103 റൺസിന്റെ ലീഡ് വഴങ്ങേണ്ടി വന്നു.

ശേഷം മറുപടി ബാറ്റിംഗ് ആരംഭിച്ച ന്യൂസിലാൻഡ് ആക്രമണ മനോഭാവം പുലർത്തുകയും ഇന്ത്യയ്ക്കുമേൽ ശക്തമായ ബാറ്റിംഗ് പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്തു. മത്സരത്തിന്റെ മൂന്നാം ദിവസം ശക്തമായ നിലയിൽ തന്നെയാണ് ന്യൂസിലാൻഡ് ബാറ്റിംഗ് ആരംഭിച്ചത്. എന്നാൽ രവീന്ദ്ര ജഡേജ അടക്കമുള്ള സ്പിന്നർമാർ മൂന്നാം ദിവസം മികവ് പുലർത്തിയതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരികെ വന്നു. എന്നാൽ രണ്ടാം ഇന്നിങ്സിൽ 255 റൺസ് സ്വന്തമാക്കാൻ ന്യൂസിലാൻഡിന് സാധിച്ചിരുന്നു. ഇതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 359 റൺസായി മാറി.

പിന്നീട് വലിയ വിജയലക്ഷ്യം മുന്നിൽകണ്ട് ഇറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ജയസ്വാൾ നൽകിയത്. ഒരു ഏകദിന സ്റ്റൈലിൽ കളിക്കാൻ ജയസ്വാളിന് സാധിച്ചു. 65 പന്തുളിൽ 77 റൺസാണ് ജയസ്വാൾ ഇന്ത്യയ്ക്കായി നേടിയത്. 9 ബൗണ്ടറികളും 3 സിക്സറുകളും ജയസ്വാളിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. പക്ഷേ ഇന്ത്യയുടെ മധ്യനിര ബാറ്റർമാർ മികച്ച സ്കോർ സ്വന്തമാക്കാതെ വന്നതോടെ മത്സരം ന്യൂസിലാന്റിന്റെ കൈകളിലേക്ക് തിരികെ എത്തുകയായിരുന്നു. വാലറ്റത്ത് ഇന്ത്യക്കായി മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തത് ജഡേജയാണ്. 42 റൺസ് ഇന്ത്യക്കായി സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. എന്നാൽ ഇന്ത്യയുടെ ഇന്നിംഗ്സ് 245 റൺസിൽ അവസാനിക്കുകയാണ് ഉണ്ടായത്. ഒരു ചരിത്ര വിജയമാണ് മത്സരത്തിൽ ന്യൂസിലാൻഡ് നേടിയിരിക്കുന്നത്.

Previous articleബാറ്റിംഗ് പരാജയത്തിന്റെ കാരണക്കാർ കോഹ്ലിയും രോഹിതും. കാരണം പറഞ്ഞ് മുൻ ഇന്ത്യൻ താരങ്ങൾ.
Next article“ഒരിക്കലും പ്രതീക്ഷിക്കാത്ത തോൽവി. പണി പാളിയത് ഈ കാര്യത്തില്‍”, രോഹിത് തുറന്ന് പറയുന്നു.