നിലവിലെ ഇന്ത്യൻ ടീം 80കളിലെ വിൻഡീസിനെ പോലെ ശക്തം. താരതമ്യം ചെയ്ത് റമീസ് രാജ.

2023 ഏകദിന ലോകകപ്പിലെ ഇന്ത്യൻ ടീമിന്റെ പ്രകടനത്തെ അങ്ങേയറ്റം പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ നായകൻ റമീസ് രാജ. നിലവിലെ ഇന്ത്യയുടെ ഏകദിന ലോകകപ്പ് ടീം 1980ലെ വെസ്റ്റിൻഡീസ് ടീമിന് സമാനമാണ് എന്ന് റമീസ് രാജ പറഞ്ഞു. ഈ ലോകകപ്പിലെ പ്രകടനങ്ങൾ കണക്കിലെടുത്താൽ നിലവിലെ ഏറ്റവും മികച്ച ഓൾറൗണ്ട് ടീമും ഇന്ത്യ തന്നെയാണ് എന്ന് റമീസ് അവകാശപ്പെട്ടു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന ലോകകപ്പ് മത്സരത്തിൽ ഒരു തകർപ്പൻ പ്രകടനം ഇന്ത്യ പുറത്തെടുത്തിരുന്നു. ഇതിന് ശേഷമാണ് റമീസ് രാജ ഇപ്പോൾ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. മത്സരത്തിൽ 243 റൺസിന്റെ ചരിത്രവിജയം ആയിരുന്നു ഇന്ത്യ നേടിയത്. ഈ വിജയത്തോടെ ഇന്ത്യ കൂടുതൽ ആത്മവിശ്വാസമുള്ള ടീമായി മാറിയിട്ടുണ്ട് എന്ന് രാജ സൂചിപ്പിക്കുന്നു.

സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിലായിരുന്നു റമീസ് രാജ ഇക്കാര്യം പറഞ്ഞത്. ബോളിങ്ങിൽ എല്ലായിപ്പോഴും കൃത്യത പുലർത്തുന്ന ഇന്ത്യ, ബാറ്റിങ്ങിലും ഫയർ പവറായി മാറിയിട്ടുണ്ട് എന്ന് രാജ പറഞ്ഞു. 1980ലെ വെസ്റ്റിൻഡീസ് ടീമും ഇതേപോലെയായിരുന്നു എന്ന് രാജ പറയുന്നു. 1975ലും 1979ലും ഏകദിന ലോകകപ്പ് വിജയിച്ചത് വെസ്റ്റിൻഡീസ് ടീം ആയിരുന്നു. അത്ര ശക്തമാണ് ഇപ്പോഴത്തെ ഇന്ത്യൻ ടീം എന്നാണ് രാജ പറയുന്നത്. “നിശ്ചിത ഓവർ ക്രിക്കറ്റിൽ, കുറച്ചധികം കാലങ്ങളായി, ബാറ്റിംഗിൽ മികവാർന്ന കളിക്കാരാണ് ഇന്ത്യയ്ക്കുള്ളത്. രോഹിത് ശർമ, വിരാട് കോഹ്ലി, കെഎൽ രാഹുൽ തുടങ്ങിയവരൊക്കെയും ഇന്ത്യക്കായി മികവ് പുലർത്തുന്നു. ബോളിങ്ങിലും സമീപകാലത്ത് വളരെ മികച്ച പ്രകടനങ്ങളാണ് ഇന്ത്യ കാഴ്ച വെച്ചിട്ടുള്ളത്.”- രാജ പറഞ്ഞു.

“1980കളിലെ വെസ്റ്റിൻഡീസ് ടീമിനോടാണ് ഞാൻ ഇന്ത്യയെ ഇപ്പോൾ താരതമ്യം ചെയ്യുന്നത്. അന്ന് വെസ്റ്റിൻഡീസിന്റെ ഏറ്റവും വലിയ ശക്തി അവരുടെ ബോളിംഗ് ആയിരുന്നു. മികച്ച സ്പീഡിൽ പന്തെറിയുന്ന ബോളർമാർ അവർക്ക് ഉണ്ടായിരുന്നു. മാത്രമല്ല എതിർ ടീമുകൾക്ക് മേൽ പൂർണ്ണമായ ആധിപത്യം സ്വന്തമാക്കി വിജയം നേടാൻ അവർക്ക് സാധിച്ചിരുന്നു. വലിയ മാർജിനിലുള്ള വിജയമാണ് അവർ നേടിയിരുന്നത്. നിലവിൽ ഇന്ത്യ ചെയ്യുന്നതും അതുതന്നെയാണ്.”- റമീസ് രാജ കൂട്ടിച്ചേർത്തു.

2013ന് ശേഷം ഐസിസി ടൂർണമെന്റ്കളിൽ കിരീടം സ്വന്തമാക്കാൻ ഇന്ത്യൻ ടീമിന് സാധിച്ചിട്ടില്ല. എന്നാൽ അതിന് ശേഷം 4 തവണ ഇന്ത്യ ലോകകപ്പിന്റെ സെമിഫൈനലിൽ എത്തിയിരുന്നു. നിലവിൽ തുടർച്ചയായി മൂന്നാം തവണയാണ് ഇന്ത്യ ലോകകപ്പിൽ ഇത്തരത്തിൽ മികവാർന്ന പ്രകടനം പുറത്തെടുക്കുന്നത്. ഇത്തവണത്തെ ലോകകപ്പിൽ ഇന്ത്യ കിരീടം ചൂടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഞായറാഴ്ചയാണ് ഇന്ത്യയുടെ ലീഗ് റൗണ്ടിലെ അവസാനം മത്സരം നടക്കുന്നത്.

Previous article“ലേശം ഉളുപ്പ് കാണിക്കൂ”. ഹസൻ റാസയ്ക്ക് മുഹമ്മദ്‌ ഷാമിയുടെ മാസ് മറുപടി.
Next articleസെമിയിലെത്തിയാലും പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ നാണംകെടും. പ്രവചനവുമായി മുഹമ്മദ്‌ കൈഫ്‌.