സെമിയിലെത്തിയാലും പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ നാണംകെടും. പ്രവചനവുമായി മുഹമ്മദ്‌ കൈഫ്‌.

2023 ഏകദിന ലോകകപ്പിന്റെ ആദ്യ റൗണ്ടിൽ തകർപ്പൻ വിജയങ്ങളുമായാണ് ഇന്ത്യ സെമി ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. 8 മത്സരങ്ങളിൽ എട്ടെണ്ണത്തിലും വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. നെതർലൻഡ്സിനെതിരെയാണ് ഇന്ത്യയുടെ ലീഗ് റൗണ്ടിലെ അവസാന മത്സരം. ശേഷം ഒന്നാം സെമി ഫൈനലിൽ ഇന്ത്യ അണിനിരക്കും. എന്നാൽ സെമിയിലെ ഇന്ത്യയുടെ എതിരാളികൾ ആരാണ് എന്നത് ഇപ്പോഴും ചോദ്യചിഹ്നമായി തുടരുന്നു. നിലവിൽ ന്യൂസിലാൻഡ്, പാക്കിസ്ഥാൻ എന്നീ ടീമുകളിൽ ഒന്നാണ് സെമിയിലെ ഇന്ത്യകളുടെ എതിരാളികളായി എത്താൻ സാധ്യത. ഇതിൽ ആരാധകരൊക്കെയും കാത്തിരിക്കുന്നത് ഇന്ത്യ- പാകിസ്ഥാൻ സെമി ഫൈനലിനാണ്. എന്നാൽ അത്തരം ഒരു സെമിഫൈനൽ വന്നാലും ഇന്ത്യയെ പരാജയപ്പെടുത്താൻ പാകിസ്ഥാന് സാധിക്കില്ല എന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്.

ഇന്ത്യ- പാകിസ്ഥാൻ സെമി ഫൈനൽ മത്സരം നടന്നാലും അത് വളരെ ഏകപക്ഷീയമായ മത്സരം ആയിരിക്കുമെന്നാണ് കൈഫ് പറയുന്നത്. “ഒരുപക്ഷേ പാക്കിസ്ഥാൻ ടീമിന് സെമി ഫൈനലിൽ എത്താൻ സാധിച്ചേക്കും. എന്നാൽ സെമിയിൽ എത്തിയാലും ഇന്ത്യയുടെ പൂർണമായ ആധിപത്യമാവും കാണാൻ സാധിക്കുക. മത്സരം ഏകപക്ഷീയമായി മാറും. മുൻപ് ലോകകപ്പുകളിൽ ഉണ്ടായിരിക്കുന്ന ചരിത്രം ഞാൻ തുറക്കുന്നില്ല. എന്തായാലും സെമിയിൽ പാക്കിസ്ഥാൻ കളിക്കുകയാണെങ്കിൽ ഇന്ത്യ ആവേശകരമായ വിജയം സ്വന്തമാക്കും എന്നത് ഉറപ്പാണ്. പക്ഷേ പാക്കിസ്ഥാൻ സെമിയിൽ എത്തണമെങ്കിൽ ഇംഗ്ലണ്ട് ടീമിനെ വലിയ മാർജിനിൽ തന്നെ പരാജയപ്പെടുത്തേണ്ടിയിരിക്കുന്നു.”- കൈഫ് പറയുന്നു.

എന്നാൽ പാക്കിസ്ഥാൻ വളരെ പ്രവചനാതീതമായ ടീമാണ് എന്നായിരുന്നു മറ്റൊരു മുൻ ഇന്ത്യൻ താരം സഞ്ജയ് ബംഗാർ പറഞ്ഞത്. “കഴിഞ്ഞ ലോകകപ്പുകളിലെല്ലാം പാക്കിസ്ഥാന് സമാനമായ സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. 1992ലെ ലോകകപ്പിലും 2022ലെ ലോകകപ്പിലുമൊക്കെ നമുക്കിത് കാണാൻ സാധിക്കും. അതുകൊണ്ടുതന്നെ പ്രവചിക്കാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു ടീമാണ് പാകിസ്ഥാൻ. നിലവിൽ പാകിസ്താന്റെ ഓപ്പണർ ഫഖർ സമനാണ്. ഫഗർ സമൻ അനായാസം സിക്സറുകൾ നേടാൻ സാധിക്കുന്ന ഒരു താരമാണ്. ഇത്തരം കളിക്കാരെയാണ് പാക്കിസ്ഥാന് ആവശ്യം.”- സഞ്ജയ് ബംഗാർ പറഞ്ഞു.

“ഫഖർ ആദ്യ ഓവറുകളിൽ തന്നെ അടിച്ചു തകർക്കുന്നത് മറ്റ് മുൻനിര ബാറ്റർമാരായ ബാബർ ആസ്സം, മുഹമ്മദ് റിസ്വാൻ തുടങ്ങിയവരുടെ സമ്മർദ്ദം കുറയ്ക്കാൻ സഹായകരമാകുന്നുണ്ട്. ഇത്തരത്തിൽ ഫക്കർ മികച്ച പ്രകടനം പുറത്തെടുക്കുന്നത് പാക്കിസ്ഥാന് വലിയ ആവേശം നൽകുകയും ചെയ്യുന്നു.”- ബംഗാർ കൂട്ടിച്ചേർത്തു. എന്നിരുന്നാലും വലിയ അത്ഭുതങ്ങൾ നടന്നാൽ മാത്രമേ പാകിസ്താന് സെമിഫൈനലിൽ എത്താൻ സാധിക്കൂ. അല്ലാത്തപക്ഷം ന്യൂസിലാൻഡോ അഫ്ഗാനിസ്ഥാനോ ആവും ലോകകപ്പിന്റെ സെമിഫൈനലിൽ ഇന്ത്യക്കെതിരെ ഏറ്റുമുട്ടുക.