2023 ഏകദിന ലോകകപ്പിൽ ഇതുവരെ ശക്തമായ പ്രകടനങ്ങൾ പുറത്തെടുത്താണ് ഇന്ത്യ ഫൈനൽ മത്സരത്തിന് യോഗ്യത നേടിയിരിക്കുന്നത്. ഈ സമയത്തും ഇന്ത്യ തന്നെയാണ് ലോകകപ്പിന്റെ വ്യക്തമായ ഫേവറേറ്റുകൾ എന്ന് മുൻ ഇന്ത്യൻ താരം രവി ശാസ്ത്രി പറയുന്നു. ടൂർണമെന്റിലെ ഇന്ത്യയുടെ പ്രകടനങ്ങൾ വിലയിരുത്തിയാണ് രവി ശാസ്ത്രി സംസാരിച്ചത്.
അമിതമായ ആവേശം ഒഴിച്ച് നിർത്തി, സമ്മർദ്ദത്തെ നിയന്ത്രിക്കാൻ സാധിച്ചാൽ ഇന്ത്യയ്ക്ക് അനായാസം കിരീടം സ്വന്തമാക്കാം എന്നാണ് രവി ശാസ്ത്രി പറയുന്നത്. ഫൈനൽ മത്സരത്തിൽ ഇന്ത്യയ യാതൊരു കാര്യങ്ങളിലും മാറ്റം വരുത്താൻ ശ്രമിക്കരുത് എന്ന സൂചനയും രവി ശാസ്ത്രി നൽകുകയുണ്ടായി.
“ഇന്ത്യ ശാന്തമായി തന്നെ മത്സരത്തെ നേരിടും എന്നാണ് ഞാൻ കരുതുന്നത്. അവർ അവരുടെ മണ്ണിൽ തന്നെയാണ് കളിക്കുന്നത്. മാത്രമല്ല ഈ ഇന്ത്യൻ ടീമിന് വലിയ അനുഭവ സമ്പത്തുമുണ്ട്. അനാവശ്യമായ മാറ്റങ്ങൾ വരുത്തുകയോ, വ്യത്യസ്തമായി ചിന്തിക്കുകയോ ചെയ്യേണ്ട കാര്യമില്ല. ഇതുവരെ ഏതു വിധത്തിലാണോ ഇന്ത്യ കളിച്ചത്, അതേ രീതിയിൽ തന്നെ അവസാന മത്സരവും കളിക്കുന്നതാണ് ഏറ്റവും ഉത്തമം.”
”എത്രയും വേഗം തന്നെ കിരീടം ഇന്ത്യയുടെ കൈകളിലെത്തും എന്നാണ് ഞാൻ കരുതുന്നത്. ഇന്ത്യ ലോകകപ്പ് വിജയിക്കുക തന്നെ ചെയ്യും. ഫൈനലിലും ഫേവറൈറ്റുകളായി തന്നെയാണ് അവർ ആരംഭിക്കുന്നത്. ഇതുവരെ അവിശ്വസനീയ ക്രിക്കറ്റാണ് ഇന്ത്യ കളിച്ചിട്ടുള്ളത്.”- ശാസ്ത്രീ പറയുന്നു.
“ഫൈനൽ മത്സരത്തിൽ ഇന്ത്യ കൂടുതൽ ശാന്തമാകാനാണ് ശ്രമിക്കേണ്ടത്. കൃത്യമായി സമ്മർദ്ദം മനസ്സിലാക്കാനും കൈകാര്യം ചെയ്യാനും ഇന്ത്യക്ക് സാധിക്കണം. ഫൈനൽ മത്സരമായതിന്റെ പേരിൽ അമിതമായ ആവേശം കളിക്കാരിൽ ഉണ്ടാവാൻ പാടില്ല. ടീമിലെ ഓരോ കളിക്കാരനും അവനവന്റെ റോളിൽ വ്യക്തതയുണ്ട്. ഈ ടീമിന്റെ ഏറ്റവും വലിയ ഗുണം ഇത് ഒന്നോ രണ്ടോ കളിക്കാരെ മാത്രം ആശ്രയിച്ചല്ല മുന്നോട്ടു പോകുന്നത് എന്നതാണ്. ഓരോ മത്സരം കഴിയുമ്പോഴും 8-9 കളിക്കാർ നന്നായി പ്രകടനങ്ങൾ കാഴ്ചവെക്കുന്നു. അത് ഇന്ത്യക്കൊരു ശുഭ സൂചനയാണ്.”- ശാസ്ത്രി കൂട്ടിച്ചേർത്തു.
ഇതോടൊപ്പം ഫൈനലിൽ ആദ്യ 10 ഓവറുകൾ വളരെ നിർണായകമാണ് എന്നും ശാസ്ത്രി പറയുകയുണ്ടായി. “എനിക്ക് തോന്നുന്നത് ആദ്യ 10 ഓവറുകളാണ് മത്സരത്തിൽ ഏറ്റവും നിർണായകമാവുക എന്നതാണ്. ഈ ടൂർണമെന്റിലുടനീളം ആദ്യ 10 ഓവറുകളിൽ ഇന്ത്യയ്ക്ക് ശക്തമായ തുടക്കം നൽകാൻ രോഹിത് ശർമയ്ക്ക് സാധിച്ചു. അത് വലിയ രീതിയിലുള്ള വ്യത്യാസം മത്സരങ്ങളിൽ ഉണ്ടാക്കിയിട്ടുണ്ട്. ഓസ്ട്രേലിയയെ സംബന്ധിച്ചും ആദ്യ പത്ത് ഓവറുകൾ വളരെ നിർണായകമാണ്. ഡേവിഡ് വാർണർ, ഹെഡ്, മിച്ചൽ മാർഷ് എന്നിവർ അപകടകാരികളായ കളിക്കാർ തന്നെയാണ്.”- ശാസ്ത്രി പറഞ്ഞു വയ്ക്കുന്നു.