100 പന്തുകൾ നിന്നാൽ രോഹിത് ഡബിൾ സെഞ്ച്വറി നേടും. അവനൊരു ടീം പ്ലയർ എന്ന് യുവരാജ് സിംഗ്.

F vujsebsAAQGDu scaled

2023 ഏകദിന ലോകകപ്പിന്റെ ഫൈനലിന് മുൻപ് ഇന്ത്യൻ നായകൻ രോഹിത് ശർമയെ വാനോളം പുകഴ്ത്തി മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. രോഹിത് ശർമ എപ്പോഴും ഒരു ടീം കളിക്കാരനാണെന്നും, ടീമിനായി ഏറ്റവും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാനാണ് ശ്രമിക്കുന്നതെന്നും യുവരാജ് സിംഗ് പറയുകയുണ്ടായി.

ഒപ്പം സമ്മർദ്ദ സാഹചര്യങ്ങളിൽ എപ്പോഴും ഇന്ത്യയ്ക്കായി നിലകൊള്ളാൻ രോഹിത് ശർമയ്ക്ക് സാധിക്കുന്നുണ്ട് എന്ന് യുവരാജ് പറഞ്ഞു. അഹമ്മദാബാദിലെ നരേന്ദ്രമോഡി സ്റ്റേഡിയത്തിൽ ഓസ്ട്രേലിയക്കെതിരായ ഫൈനൽ മത്സരം നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് യുവരാജിന്റെ ഈ പ്രസ്താവന. രോഹിത് ശർമ ഇന്ത്യൻ ടീമിനായി ഏതുതരത്തിലാണ് കളിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യുവരാജ് തന്റെ പ്രശംസകൾ അറിയിച്ചത്.

എല്ലായിപ്പോഴും ടീമിന് ഒരു മികച്ച തുടക്കം നൽകാനാണ് രോഹിത് ശർമ ശ്രമിക്കുന്നത് എന്ന് യുവരാജ് പറയുകയുണ്ടായി. “എല്ലായിപ്പോഴും വ്യത്യസ്തമായ ഒരു തലത്തിലാണ് രോഹിത് കളിക്കുന്നത്. മത്സരത്തിൽ രോഹിത് 40 പന്തുകൾ നേരിട്ടാൽ അയാൾ 70-80 റൺസോളം സ്വന്തമാക്കും. 100 പന്തുകൾ നേരിടാൻ രോഹിത് ശർമയ്ക്ക് സാധിച്ചാൽ ഒരുപക്ഷേ അയാൾ ഡബിൾ സെഞ്ച്വറി പോലും നേടിയേക്കും.”

” രോഹിത് ശർമ ഒരു ടീം കളിക്കാരൻ തന്നെയാണ്. എപ്പോഴും അയാൾ ടീമിനായി മാത്രമാണ് കളിക്കുന്നത്. രോഹിത്തിനെ സംബന്ധിച്ച് ടീമിനാണ് ആദ്യ പ്രാധാന്യം. അതുകൊണ്ടു തന്നെയാണ് രോഹിത് ശർമ ഇത്ര വിജയശതമാനമുള്ള നായകനായി നിൽക്കുന്നതും. പ്രത്യേകിച്ച് നിശ്ചിത ഓവർ ക്രിക്കറ്റിൽ.”- യുവരാജ് സിംഗ് പറഞ്ഞു.

Read Also -  മില്ലറുടെ രക്ഷാപ്രവര്‍ത്തനം. തകര്‍ച്ചയില്‍ നിന്നും വിജയത്തിലേക്ക് എത്തി സൗത്താഫ്രിക്ക

സമ്മർദ്ദ ഘട്ടങ്ങളിലും രോഹിത് മികച്ച നായകനാണെന്ന് യുവരാജ് സിംഗ് പറയുന്നു. ഐപിഎൽ കിരീടങ്ങളടക്കം രോഹിത്തിന് ഒരുപാട് അനുഭവസമ്പത്ത് നൽകിയിട്ടുണ്ട് എന്ന് യുവരാജ് വിലയിരുത്തുന്നുണ്ട്. “രോഹിതിന്റെ ഏറ്റവും നല്ല കാര്യം എന്നത് സമ്മർദ്ദ സാഹചര്യത്തിൽ അയാൾ മികച്ച ഒരു നായകനാണ് എന്നതാണ്. 5 തവണ നായകനായി ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കിരീടം സ്വന്തമാക്കാൻ രോഹിത്തിന് സാധിച്ചിട്ടുണ്ട്. ഇതിലൂടെ രോഹിത് ഒരുപാട് അനുഭവങ്ങൾ നേടിയെടുത്തിട്ടുണ്ട്. എപ്പോൾ എങ്ങനെയാണ് ഒരു ബോളറെ കൃത്യമായി ഉപയോഗിക്കേണ്ടത് എന്ന് രോഹിത്തിന് നന്നായി അറിയാം.”- യുവരാജ് കൂട്ടിച്ചേർക്കുന്നു.

ഇതുവരെ തുടർച്ചയായി 10 മത്സരങ്ങളിൽ വിജയം കണ്ടാണ് ഇന്ത്യ ലോകകപ്പിന്റെ ഫൈനൽ മത്സരത്തിൽ എത്തിയിരിക്കുന്നത്. ലീഗ് റൗണ്ടിൽ ഒന്നാം സ്ഥാനക്കാരായി ആയിരുന്നു ഇന്ത്യയുടെ സെമിഫൈനലിലേക്കുള്ള കടന്നു വരവ്. സെമിഫൈനലിൽ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിന് യോഗ്യത നേടിയത്. കരുത്തരായ ഓസ്ട്രേലിയയെ എങ്ങനെയും പരാജയപ്പെടുത്തി ലോകകപ്പ് കിരീടത്തിൽ മുത്തമിടാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ ഇപ്പോൾ.

Scroll to Top