9 വർഷങ്ങളുടെ കാത്തിരിപ്പ് ഇനിയും തുടരും. ഇനിയൊരു കിരീടം മുത്തമിടാൻ ഇന്ത്യയ്ക്ക് എന്ന് സാധിക്കും ?

ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് ടീം. എന്നാൽ ഇന്ത്യയുടെ കഴിഞ്ഞ 9 വർഷങ്ങളിലെ പ്രകടനങ്ങൾ കണക്കിലെടുത്താൽ നിരാശ തന്നെയാണ് ഫലം. അതിന് ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഐസിസി ടെസ്റ്റ്‌ ചാമ്പ്യൻസ് ട്രോഫി ഫൈനലിലെ പരാജയവും. മത്സരത്തിലെ പരാജയത്തോടെ തുടർച്ചയായി 9 ഐസിസി ടൂർണമെന്റുകളിൽ കിരീടം സ്വന്തമാക്കാനാവാതെ മടങ്ങിയിരിക്കുകയാണ് ഇന്ത്യ. ഓവലിൽ നടന്ന മത്സരത്തിൽ ഓസ്ട്രേലിയ വിജയം സ്വന്തമാക്കിയപ്പോൾ ഇന്ത്യ വീണ്ടും തലകുനിച്ച് മൈതാനം വിടുകയാണ് ഉണ്ടായത്.

2013ലായിരുന്നു ഇന്ത്യ അവസാനമായി തങ്ങളുടെ ഐസിസി ട്രോഫി സ്വന്തമാക്കിയത്. 2013ലെ ചാമ്പ്യൻസ് ട്രോഫി വളരെ ആവേശം നിറഞ്ഞത് തന്നെയായിരുന്നു. മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കുമ്പോൾ ആരാധകർ ഒരുപാട് ആഹ്ലാദിച്ചിരുന്നു. എന്നാൽ അതോടെ എല്ലാം അവസാനിക്കുമെന്ന് ആരും കരുതിയിരുന്നില്ല. ശേഷം 2014ൽ ട്വന്റി20 ലോകകപ്പിന്റെ ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് സാധിച്ചു. എന്നാൽ ഫൈനലിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. പിന്നീട് 2015ലെ 50 ഓവർ ലോകകപ്പിന്റെ സെമി ഫൈനലിൽ നിന്ന് ഇന്ത്യ പുറത്തായി. 2016ലെ ട്വന്റി20 ലോകകപ്പിന്റെ സെമിയിൽ വിൻഡീസ് ടീമിനോടും ഇന്ത്യ തോറ്റിരുന്നു.

പിന്നീട് 2017ലെ ചാമ്പ്യൻസ് ട്രോഫിയായിരുന്നു ഇന്ത്യക്ക് മുൻപിലുണ്ടായിരുന്ന വലിയ ടൂർണമെന്റ്. ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ പാകിസ്ഥാനെതിരെ പരാജയപ്പെട്ടാണ് ഇന്ത്യ മടങ്ങിയത്. ഇതും നിരാശ ഉണ്ടാക്കി. ശേഷം 2019 ലെ ലോകകപ്പിൽ വളരെയധികം ഹൃദയഭേദകമായ ഒരു പരാജയം ഇന്ത്യയ്ക്ക് സെമിഫൈനലിൽ സംഭവിച്ചു. ന്യൂസിലാൻഡിനെതിരായ സെമിയിൽ വളരെ ദാരുണമായ പരാജയമായിരുന്നു ഇന്ത്യ ഏറ്റുവാങ്ങിയത്. അതോടെ ഇന്ത്യയുടെ മറ്റൊരു ലോകകപ്പ് സ്വപ്നം കൂടി അവസാനിക്കുകയായിരുന്നു. ശേഷം ഇന്ത്യ പൂർണമായും ശ്രദ്ധിച്ചത് 2021 ലെ ആദ്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ആയിരുന്നു. പിന്നീട് ഫൈനലിൽ ന്യൂസിലാൻഡിനെതിരെ പരാജയമറിഞ്ഞതോടെ ഇന്ത്യ അതൊരു തുടർക്കഥയാക്കി.

2021ലും 2022ലും തുടർച്ചയായി ട്വന്റി20 ലോകകപ്പുകൾ നടക്കുന്നു എന്നത് ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷ നൽകിയിരുന്നു. 2021 ട്വന്റി20 ലോകകപ്പിൽ വിരാട് കോഹ്ലിയുടെ നേതൃത്വത്തിൽ വളരെ പ്രതീക്ഷയോടെ ഇന്ത്യൻ സംഘം കളത്തിലിറങ്ങിയെങ്കിലും നിരാശ തന്നെയായിരുന്നു ഫലം. പിന്നീട് 2022 ട്വന്റി20 ലോകകപ്പിൽ അതിശക്തമായി ഗ്രൂപ്പ് മത്സരങ്ങളിൽ ഇന്ത്യ കളിച്ചു. പക്ഷേ സെമി ഫൈനലിൽ എത്തിയപ്പോൾ ഇംഗ്ലണ്ടിനോട് ഒന്ന് പൊരുതാൻ പോലും തയ്യാറാവാതെ ഇന്ത്യ മുട്ടുമടക്കി. ശേഷം ഇപ്പോൾ ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനലിലും ഇന്ത്യ പരാജയം അറിഞ്ഞിരിക്കുകയാണ്. ഇനിയെത്ര നാൾ ഒരു ഐസിസി കിരീടത്തിൽ മുത്തമിടാൻ ഇന്ത്യയ്ക്ക് കാത്തിരിക്കണം എന്ന ചോദ്യമാണ് ആരാധകർക്കിടയിൽ പോലും ഉയരുന്നത്.

Previous articleലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലിൽ മൂന്ന് മത്സരങ്ങൾ വേണം. നിർദ്ദേശം മുൻപിലേക്ക് വച്ച് ഇന്ത്യൻ ക്യാപ്റ്റൻ.
Next articleഇവിടെ ടീമിനെക്കാൾ പ്രാധാന്യം കളിക്കാർക്ക്. താരാരാധന ഇന്ത്യയുടെ പരാജയത്തിന് വലിയ കാരണമെന്ന് ഗംഭീർ.