ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് അത്യുഗ്രൻ തുടക്കം നൽകി സീമർമാർ. കേവലം രണ്ട് റൺസ് എടുക്കുന്നതിനിടെ ഓസീസിന്റെ ഓപ്പണർമാരെ കൂടാരം കയറ്റിയാണ് ഇന്ത്യയുടെ ബോളർമാർ മത്സരത്തിൽ നിറഞ്ഞാടിയത്. അപകടകാരികളായ ഉസ്മാൻ ഖവാജയെയും ഡേവിഡ് വാർണറെയുമാണ് ഇന്ത്യയുടെ സീമർമാർ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ കൂടാരം കയറ്റിയത്. ഇതോടെ ഒരു ഉഗ്രൻ തുടക്കം തന്നെയാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്.
മത്സരത്തിന്റെ ആദ്യ ഓവർ എറിഞ്ഞത് മുഹമ്മദ് ഷാമിയായിരുന്നു. പിച്ച് കൃത്യമായി ബൗൺസിനെ പിന്തുണയ്ക്കാത്തത് ആദ്യ ഓവറിൽ തന്നെ കണ്ടിരുന്നു. ശേഷം രണ്ടാം ഓവർ എറിയാനെത്തിയ മുഹമ്മദ് സിറാജ് ഇന്ത്യക്കായി ആദ്യബോളിൽ തന്നെ അത്ഭുതം കാട്ടി. ഒരു ഇൻസ്വിങ് പന്തിൽ ഖവാജയെ വിക്കറ്റിനു മുന്നിൽ സിറാജ് കുടുക്കുകയായിരുന്നു. ആദ്യ കാഴ്ചയിൽ പന്ത് സ്റ്റമ്പിൽ തട്ടില്ലയെന്ന് വിലയിരുത്തിയ അമ്പയർ നോട്ടൗട്ട് വിളിച്ചു. എന്നാൽ നായകൻ രോഹിത്തിന്റെ കൃത്യമായ ഇടപെടൽ മൂലം തീരുമാനം റിവ്യൂവിന് വിടുകയായിരുന്നു. അങ്ങനെ മൂന്നു പന്തുകളിൽ ഒരു റൺസ് എടുത്ത ഖവാജ കൂടാരം കയറി.
ശേഷം അടുത്ത ഓവറിലെ ആദ്യ പന്തിൽ തന്നെ അപകടകാരിയായ ഡേവിഡ് വാർണറുടെ കുറ്റി മുഹമ്മദ് ഷാമി പിഴുതെറിയുകയുണ്ടായി. ഷാമി എറിഞ്ഞ ലെങ്ങ്ത്ത് ബോൾ പ്രതിരോധിക്കാൻ വാർണർ ശ്രമിച്ചു. എന്നാൽ ആംഗിൾ ചെയ്തുവന്ന പന്ത് വാർണറുടെ കുറ്റിയും പിഴുതാണ് മടങ്ങിയത്. ഇതോടെ ഒരു മികച്ച തുടക്കം തന്നെ മത്സരത്തിൽ ഇന്ത്യക്ക് ലഭിച്ചിട്ടുണ്ട്.
നേരത്തെ മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചിൽ തങ്ങളും ബാറ്റിംഗ് തിരഞ്ഞെടുക്കാനായിരുന്നു തീരുമാനിച്ചത് എന്ന് രോഹിത് പറയുകയുണ്ടായി. ഇന്ത്യക്കായി സൂര്യകുമാർ യാദവും കെഎസ് ഭരത്തും മത്സരത്തിൽ അരങ്ങേറ്റം കുറിച്ചു.