ഐസിസിയുടെ പുതുക്കിയ ഏകദിന റാങ്കിംഗിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം സ്ഥാനത്തേക്കുയർന്നു. ഇപ്പോൾ അവസാനിച്ച ഇംഗ്ലണ്ടിനെതിരായ പരമ്പര വിജയത്തോടെയാണ് ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയത്. പരമ്പര നഷ്ടമായെങ്കിലും ഇംഗ്ലണ്ട് ടീം റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി.
ഇംഗ്ലണ്ടിന് 121 റേറ്റിംഗ് പോയിന്റും ഇന്ത്യക്ക് 119 പോയിന്റുമാണുള്ളത്. 118 പോയിന്റുള്ള ന്യൂസിലൻഡിനെയാണ് ഇന്ത്യ പൂനെയിലെ പരമ്പര വിജയത്തോടെ മറികടന്നത്.
ടെസ്റ്റ് ,ടി:20 പരമ്പരകൾക്ക് പിന്നാലെ അവസാന ഏകദിനത്തിൽ ഏഴ് റൺസ് വിജയം നേടിയ ഇന്ത്യൻ ടീം പരമ്പര 2-1 സ്വന്തമാക്കി .പരമ്പരയിലെ രണ്ടാം ഏകദിനം ഇന്ത്യ ജയിച്ചിരുന്നേൽ റാങ്കിങ്ങിലും ഒന്നാം സ്ഥാനം ഇന്ത്യൻ ടീമിനെ തേടിയെത്തിയേനെ .
ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, പാകിസ്‌ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ്, അഫ്ഗാനിസ്ഥാൻ എന്നിവരാണ് നാല് മുതൽ പത്ത് വരെ റാങ്കുകളിൽ.
ഐസിസി ഏകദിന റാങ്കിംഗിനൊപ്പം 2023ലെ ഏകദിന ലോകകപ്പിനുള്ള പോയിന്റ് പട്ടികയിലും ടീം ഇന്ത്യക്ക് കുതിപ്പ് നടത്തുവാൻ സാധിച്ചു . പരമ്പര വിജയത്തോടെ ലോകകപ്പ് സൂപ്പർ ലീഗ് പോയിന്റ് പട്ടികയിൽ ഇന്ത്യ ഏഴാം സ്ഥാനത്തെത്തി. 29 പോയിന്റുമായാണ് ഇന്ത്യ ഏഴാം സ്ഥാനത്തേക്ക് എത്തിയത് .
40 പോയിന്റുള്ള ഇംഗ്ലണ്ടാണ് ഒന്നാം സ്ഥാനത്ത്. ഏകദിന പരമ്പരയിൽ ആദ്യ മത്സരം ഇന്ത്യ 66 റൺസിന് ജയിച്ചപ്പോൾ രണ്ടാം ഏകദിന ഇംഗ്ലണ്ട് 6 വിക്കറ്റ് ജയിച്ചിരുന്നു .