കോഹ്ലിക്കും രോഹിത്തിനും ഇത് എന്ത് സംഭവിച്ചു : ആശങ്ക വെളിപ്പെടുത്തി വി .വി .എസ് .ലക്ഷ്മണ്‍


ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും ഇന്ത്യൻ ടീം  സ്വന്തമാക്കിയത് കരുത്തുറ്റ പ്രകടനത്തിലൂടെയായിരുന്നു.ടീം
ബൗളങ്ങിലും  ബാറ്റിങ്ങിലും  ഒരേപോലെ മികവാർന്ന പ്രകടനം കാഴ്ചവെച്ചതോടെ
ലോക ഒന്നാം നമ്പർ ടീമായ ഇംഗ്ലണ്ടിനെ വിരാട് കോഹ്ലിയും സംഘവും ഏകദിന പരമ്പരയിലും  തറപറ്റിച്ചു .എന്നാൽ
ഇന്ത്യൻ ക്രിക്കറ്റ്  ടീമിന്റെ ഏറ്റവും വലിയ ആശങ്കളിലൊന്ന് ഇപ്പോൾ ഏവരോടും  ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ടെസ്റ്റ് ഇതിഹാസം വിവിഎസ് ലക്ഷ്മണ്‍.
ഇന്ത്യൻ ടീമിലെ പ്രധാന താരങ്ങളെ കുറിച്ചാണ് ലക്ഷ്മണിന്റെ ആശങ്ക .

സ്പിന്‍ ബൗളിങിനെതിരേ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനമാണ് ഗൗരവമായി ചിന്തിക്കേണ്ട കാര്യമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു .ഞായറാഴ്ച നടന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവരെ പുറത്താക്കിയത് ഇംഗ്ലണ്ട് ടീമിലെ  സ്പിന്നര്‍മാരായിരുന്നു.കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ ഇന്ത്യൻ താരങ്ങൾ സ്പിൻ ബൗളിങ്ങിൽ അനായാസം പുറത്താകുന്നത് ലക്ഷ്മൺ ഇപ്പോൾ ചൂണ്ടികാണിക്കുന്നു . “ആദിൽ റഷീദിന്റെ ഗൂഗ്ലി ശരിയായി മനസ്സിലാക്കാന്‍ രോഹിത്തിനു കഴിഞ്ഞില്ല. പന്തിൽ പൂർണ്ണമായി മിസ് ജഡ്ജ് ചെയ്ത താരം ക്ലീൻ ബൗൾഡ് ആയി .വിരാട്  കോലിയാവട്ടെ ബോളിന്റെ ടേണിനെതിരേ ഓഫ് സൈഡിലേക്ക്  ഷോട്ടിന്  ശ്രമിച്ചാണ് പുറത്തായത്. ഷോട്ടിനായി സ്വയം റൂം നല്‍കിയ അദ്ദേഹം അത്  മിസ്സാവുകയും അതിനാൽ തന്നെ  ബൗള്‍ഡാവുകയും ചെയ്തു. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ നേരത്തേ സ്പിന്‍ ബൗളിങിനെതിരേ ഉജ്ജ്വലമായി കളിക്കുന്നവരായിരുന്നു. എന്നാൽ ഇപ്പോൾ   ടീമിലെ ഏറ്റവും മികച്ച രണ്ടു താരങ്ങളായ കോലിയും രോഹിത്തും സ്പിന്നര്‍മാര്‍ക്കെതിരേ തുടര്‍ച്ചയായി പുറത്താവുന്നത് ഇന്ത്യയെ സംബന്ധിച്ച്  ഏറെ വെല്ലുവിളിയാണ് .
എത്രയും വേഗം ഇരുവരും ഈ രീതിയിൽ നിന്നും മാറി  ഇതിനുള്ള പരിഹാരങ്ങൾ കണ്ടെത്തട്ടെ ” ലക്ഷ്മൺ തന്റെ അഭിപ്രായം വ്യക്തമാക്കി .

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്റെ സ്പിന്‍ ജോടികളായ റഷീദും അലിയും ഒമ്പതു തവണ വീതം കോലിയെ പുറത്താക്കിയിട്ടുണ്ട്.നേരത്തെ ടെസ്റ്റ് പരമ്പരയിലും മോയിൻ അലി കോഹ്ലിയെ സമാന രീതിയിൽ ക്ലീൻ ബൗൾഡ് ആക്കിയിരുന്നു .