“ആ 2 താരങ്ങളില്ലാതെ ഒരു ടെസ്റ്റ്‌ ടീം ആലോചിക്കാൻ പോലും ഇന്ത്യയ്ക്ക് സാധിക്കില്ല”, നിർണായക താരങ്ങളെ ചൂണ്ടികാട്ടി അക്മൽ.

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ ഇന്ത്യയുടെ വിജയത്തിൽ പ്രധാന ഘടകമായി മാറിയത് രവിചന്ദ്രൻ അശ്വിന്റെയും രവീന്ദ്രൻ ജഡേജയുടെയും തകർപ്പൻ പ്രകടനങ്ങളായിരുന്നു. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ബാറ്റിംഗിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഇരുവർക്കും സാധിച്ചു.

ഇരുവരും ചേർന്ന് 199 റൺസിന്റെ തകർപ്പൻ കൂട്ടുകെട്ടാണ് ആദ്യ ഇന്നിങ്സിൽ നേടിയത്. അശ്വിൻ ആദ്യ ഇന്നിങ്സിൽ ഒരു സെഞ്ച്വറി സ്വന്തമാക്കുകയും ചെയ്തു. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ ഇരുവരും ചേർന്ന് 9 വിക്കറ്റുകളും സ്വന്തമാക്കിയിരുന്നു. ഇതിന് ശേഷം ഇരു താരങ്ങളെയും പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ വിക്കറ്റ് കമ്രാൻ അക്മൽ.

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയെ വിജയിപ്പിച്ചത് അശ്വിന്റെയും ജഡേജയുടെയും കൂട്ടുകെട്ടാണ് എന്ന് അക്മൽ പറയുകയുണ്ടായി. “അശ്വിനിൽ നിന്നുണ്ടായത് ഒരു അവിശ്വസനീയമായ ഓൾ റൗണ്ട് പ്രകടനമാണ്. രണ്ടാം ഇന്നിങ്സിൽ അശ്വിൻ 6 വിക്കറ്റുകൾ സ്വന്തമാക്കുകയും ആദ്യ ഇന്നിങ്സിൽ ഒരു സെഞ്ച്വറി നേടുകയും ചെയ്തു. മാത്രമല്ല ജഡേജയിൽ നിന്നും ഒരു മാച്ച് വിന്നിംഗ് കൂട്ടുകെട്ടുമുണ്ടായി. ഈ 2 താരങ്ങളെ ഒഴിച്ചു നിർത്തി ഇന്ത്യയ്ക്ക് ഒരിക്കലും തങ്ങളുടെ നാട്ടിൽ ഒരു ടെസ്റ്റ് ടീം ഉണ്ടാക്കിയെടുക്കാൻ സാധിക്കില്ല. കാരണം അത്രമാത്രം മികച്ച പ്രകടനങ്ങളാണ് അവർ കാഴ്ചവയ്ക്കുന്നത്.”- അക്‌മൽ പറയുകയുണ്ടായി.

മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ റിഷഭ് പന്ത് ഒരു തകർപ്പൻ സെഞ്ചുറി സ്വന്തമാക്കിയിരുന്നു. ഇതിനെ അഭിനന്ദിക്കാനും അക്മൽ മറന്നില്ല. മാത്രമല്ല ബിസിസിഐയെയും മെഡിക്കൽ ടീമിനെയും അക്മൽ അഭിനന്ദിക്കുകയുണ്ടായി. “റിഷഭ് പന്തിൽ നിന്നുണ്ടായത് ഒരു അവിശ്വസനീയമായ പ്രകടനം തന്നെയാണ്. ബിസിസിഐയുടെ മെഡിക്കൽ പാനലിനെയും പന്തിന്റെ ട്രെയിനറെയും ഞാൻ സല്യൂട്ട് ചെയുന്നു. അവനെ ഇത്രവേഗം മൈതാനത്ത് തിരിച്ചെത്തിച്ചതിൽ അവർക്ക് വലിയ പങ്കുണ്ട്.”- അക്മൽ കൂട്ടിച്ചേർത്തു.

മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 144 റൺസ് സ്വന്തമാക്കുന്നതിനിടെ ഇന്ത്യക്ക് തങ്ങളുടെ 6 വിക്കറ്റുകൾ നഷ്ടമായിരുന്നു. ശേഷം രവീന്ദ്ര ജഡേജയും അശ്വിനും ചേർന്ന് ഇന്ത്യയെ കരകയറ്റുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ 376 എന്ന വമ്പൻ സ്കോർ സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. മറുപടി ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശിനെ 149 റൺസിന് ഇന്ത്യ പുറത്താക്കി. പിന്നീട് ഇന്ത്യ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ മികച്ച പ്രകടനം പുറത്തെടുക്കുകയും 500ന് മുകളിൽ ഒരു വിജയലക്ഷ്യം ബംഗ്ലാദേശിന് മുൻപിലേക്ക് വയ്ക്കുകയും ചെയ്തു. മത്സരത്തിൽ 280 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

Previous articleറിഷഭ് പന്തോ ധോണിയോ? ടെസ്റ്റിൽ മികച്ചത് ആര്? ഉത്തരവുമായി മുൻ ഇന്ത്യൻ താരം.
Next articleഅശ്വിൻ ഇന്ത്യയിൽ മാത്രമാണ് മികച്ച സ്പിന്നർ. കാരണം വ്യക്തമാക്കി മുൻ ഇംഗ്ലണ്ട് താരം.