റിഷഭ് പന്തോ ധോണിയോ? ടെസ്റ്റിൽ മികച്ചത് ആര്? ഉത്തരവുമായി മുൻ ഇന്ത്യൻ താരം.

ezgif 1 a9c94a7366

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ സെഞ്ചുറിക്ക് പിന്നാലെ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്തിനെ പ്രശംസിച്ചു കൊണ്ട് പല മുൻ താരങ്ങളും രംഗത്ത് വന്നിട്ടുണ്ട്. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ 109 റൺസായിരുന്നു പന്ത് നേടിയത്. ഇതോടുകൂടി ഇന്ത്യൻ ടെസ്റ്റ്‌ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്ററാണ് പന്ത് എന്ന് പലരും അവകാശപ്പെടുകയുണ്ടായി.

ഇക്കാര്യത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്ററാണ് പന്ത് എന്ന് തീരുമാനിക്കാൻ സമയമായിട്ടില്ല എന്ന് ചോപ്ര പറയുന്നു.

മഹേന്ദ്രസിംഗ് ധോണി അടക്കമുള്ളവർ ഈ ലിസ്റ്റിൽ നിലനിൽക്കുന്ന സമയത്ത് ഒരിക്കലും പന്തിനെ ഇപ്പോഴേ ഇതിഹാസമാക്കി മാറ്റാൻ സാധിക്കില്ല എന്നാണ് ചോപ്ര കരുതുന്നത്. എന്നിരുന്നാലും വിദേശ പിച്ചുകളിൽ പന്ത് കാഴ്ചവെച്ചിട്ടുള്ള വമ്പൻ പ്രകടനങ്ങൾ അവനെ മികച്ച താരമാക്കി മാറ്റുന്നുണ്ട് എന്നും ചോപ്ര അവകാശപ്പെടുന്നു. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ പന്തിന്റെ പ്രകടനം കൂടി വിലയിരുത്തിയ ശേഷമാണ് ചോപ്ര സംസാരിച്ചത്. ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറായി മാറാൻ സാധിച്ചില്ലെങ്കിലും, തന്റെ കരിയർ അവസാനിക്കുമ്പോൾ അങ്ങനെയൊരു സ്ഥാനത്ത് എത്താൻ പന്തിന് സാധിക്കും എന്നാണ് ചോപ്ര പറയുന്നത്.

“ഇത്തരമൊരു ലിസ്റ്റിൽ മഹേന്ദ്ര സിംഗ് ധോണി അടക്കമുള്ളവരുടെ പേര് എടുത്തു പറയേണ്ടതാണ്. അതുകൊണ്ടു തന്നെ പന്ത് ഏറ്റവും മികച്ച ടെസ്റ്റ് വിക്കറ്റ് കീപ്പറാണ് എന്ന പ്രസ്താവനയ്ക്കുമേൽ ഒരുപാട് ചോദ്യങ്ങൾ വരാൻ സാധ്യതയുണ്ട്. എന്നിരുന്നാലും സേന രാജ്യങ്ങളിലെ പ്രകടനങ്ങൾ മാത്രം നമ്മൾ കണക്കിലെടുക്കുകയാണെങ്കിൽ പന്താണ് ഏറ്റവും മികച്ചത് എന്ന് പറയേണ്ടിവരും. കാരണം അത്തരത്തിലാണ് അവൻ ഇന്ത്യൻ ടീമിലേക്ക് വളർന്നുവന്നത്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ ടെസ്റ്റ്‌ ക്രിക്കറ്റിൽ സെഞ്ച്വറി നേടിയിട്ടുള്ള ഒരേയൊരു ഇന്ത്യൻ വിക്കറ്റ് കീപ്പർ പന്ത് മാത്രമാണ്.”- ചോപ്ര പറയുന്നു.

Read Also -  സേവാഗ് മുതൽ ബ്രൂക്ക് വരെ. ടെസ്റ്റിലെ ഏറ്റവും വേഗമേറിയ ട്രിപിൾ സെഞ്ച്വറി നേടിയവർ.

“ഇതിനോടകം തന്റെ ടെസ്റ്റ് കരിയറിൽ 58 ഇന്നിംഗ്സുകളാണ് പന്ത് കളിച്ചിട്ടുള്ളത്. ഇതിൽനിന്ന് 6 സെഞ്ചുറികൾ സ്വന്തമാക്കാൻ പന്തിന് സാധിച്ചു. ഇപ്പോൾ അവനെ മികച്ച ടെസ്റ്റ് കീപ്പറായി പരിഗണിച്ചില്ലെങ്കിൽ കൂടി, അവന്റെ കരിയർ മുന്നിലേക്ക് പോകുമ്പോൾ അത്തരത്തിൽ ഒരു താരമായി മാറാൻ പന്തിന് സാധിക്കും.”- ചോപ്ര കൂട്ടിച്ചേർത്തു.

ഇതേസമയം പന്തിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ സമീപനത്തെ പറ്റിയാണ് മറ്റൊരു ഇന്ത്യൻ താരമായ അജയ് ജഡേജ സംസാരിച്ചത്. സ്ഥിരമായി ഇത്തരത്തിൽ ആക്രമണ മനോഭാവം പുലർത്തുന്നതിനാൽ തന്നെ പന്ത് മറ്റു ടീമുകൾക്ക് വലിയ ഭീഷണി ഉണ്ടാക്കുന്നു എന്നാണ് ജഡേജ പറയുന്നത്. ടെസ്റ്റ് ഇന്നിങ്സുകളിൽ തുടക്കത്തിൽ തന്നെ അവനെ പുറത്താക്കിയില്ലെങ്കിൽ എതിർ ടീം അതിന് വലിയ വില കൊടുക്കേണ്ടി വരും എന്നാണ് ജഡേജയുടെ അഭിപ്രായം.

Scroll to Top