പാകിസ്ഥാനെതിരായ ഏകദിന ലോകകപ്പിലെ മത്സരത്തിൽ ഏകപക്ഷീയമായ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ 7 വിക്കറ്റുകൾക്ക് ഇന്ത്യ പാകിസ്ഥാനെ തൂത്തെറിയുകയുണ്ടായി. മുൻപ് ഏഷ്യാകപ്പിലും ഇതേപോലെ ഒരു വമ്പൻ വിജയം ഇന്ത്യ പാകിസ്ഥാനെതിരെ നേടിയിരുന്നു. ഇതിനുശേഷം ഇപ്പോൾ ഇന്ത്യൻ ആധിപത്യത്തെ ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഇത്തരത്തിൽ ഇന്ത്യ- പാക് മത്സരങ്ങൾ ഏകപക്ഷീയമായി മാറുന്നത് ഉപഭൂഖണ്ഡത്തിലെ ക്രിക്കറ്റിന് അത്ര നല്ലതല്ല എന്നാണ് ഗംഭീർ പറയുന്നത്. ഇരു ടീമുകളും ഇപ്പോൾ തുല്യശക്തികളല്ല എന്ന് ഗംഭീർ വിശ്വസിക്കുന്നു.
ഇന്ത്യ പാക്കിസ്ഥാനെതിരെ നിരന്തരം ആധിപത്യം സ്ഥാപിക്കുകയാണ് എന്ന് ഗംഭീർ പറയുന്നു. “കൃത്യമായ ആധിപത്യം സ്ഥാപിച്ചുള്ള അടിച്ചു തകർക്കൽ. അതാണ് ഇന്ത്യ- പാകിസ്ഥാൻ മത്സരത്തിൽ കണ്ടത്. ഇത്തരം ഒരു വാക്ക് നമുക്ക് എല്ലായിപ്പോഴും ഉപയോഗിക്കാൻ സാധിക്കില്ല. പ്രത്യേകിച്ച് പാകിസ്ഥാനെതിരെ കളിക്കുമ്പോൾ. എന്നാൽ മത്സരഫലം പരിശോധിച്ചാൽ ഇന്ത്യ പൂർണമായും പാകിസ്ഥാനെ അടിച്ചു തകർത്തതായി കാണാൻ സാധിക്കും. കഴിഞ്ഞ കുറച്ചു നാളുകളായി ഇതുതന്നെയാണ് സംഭവിക്കുന്നത്. എന്തായാലും അവസാന കുറച്ചു വർഷങ്ങളിൽ പാക്കിസ്ഥാനുമേൽ നിറഞ്ഞാടാൻ ഇന്ത്യയ്ക്ക് സാധിക്കുന്നുണ്ട്. എന്നാൽ ഇത് ഉപഭൂഖണ്ഡത്തിലെ ക്രിക്കറ്റിന് അത്ര നല്ല സൂചനയല്ല.”- ഗംഭീർ പറയുന്നു.
“ഒരു ഇന്ത്യ പാക്ക് ദ്വിരാഷ്ട്ര പരമ്പര വരികയാണെങ്കിൽ അത് അങ്ങേയറ്റം ആവേശഭരിതമായിരിക്കും എന്നാണ് നമ്മൾ കരുതുന്നത്. അതിൽ ഇരു ടീമുകളും തുല്യശക്തികളാവുമെന്നും നമ്മൾ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ അങ്ങനെയല്ല. അങ്ങനെയൊരു പരമ്പര എത്തുകയാണെങ്കിൽ അത് തുല്യശക്തികൾ തമ്മിലായിരിക്കില്ല. എന്തെന്നാൽ ഇരു ടീമുകളും തമ്മിൽ വലിയ രീതിയിലുള്ള വ്യത്യാസം നിലവിൽ നിലനിൽക്കുന്നു. ഇന്ത്യ കൃത്യമായി പാക്കിസ്ഥാനെ ഡോമിനിറ്റ് ചെയ്യുകയാണ്.”- ഗംഭീർ കൂട്ടിച്ചേർക്കുന്നു.
ഇതോടൊപ്പം ഇന്ത്യൻ ടീമിൽ ജസ്പ്രീത് ബുമ്രയുടെയും കുൽദീപ് യാദവിന്റെയും സാന്നിധ്യത്തെപ്പറ്റിയും ഗംഭീർ സംസാരിക്കുകയുണ്ടായി. “ഏതെങ്കിലും ഒരു നായകന് ബൂമ്രയെയും കുൽദീപിനെയും പോലെയുള്ള താരങ്ങളെ ലഭിച്ചാൽ അതൊരു വലിയ മേല്‍കൈ തന്നെയാണ്. കാരണം 50 ഓവറുകളിൽ 20 ഓവറുകളും ഏത് സമയവും വിക്കറ്റ് വീഴ്ത്താൻ സാധിക്കുന്ന ബോളർമാരെയാണ് നമുക്ക് കിട്ടുന്നത്. ബൂമ്രയെ പലപ്പോഴും ഷാഹിൻ അഫ്രീദിയുമായി താരതമ്യം ചെയ്ത് കണ്ടിട്ടുണ്ട്. എന്നാൽ പാക്കിസ്ഥാനെതിരായ മത്സരത്തിലെ ബൂമ്രയുടെ ആദ്യ സ്പെൽ ശ്രദ്ധിക്കൂ. ഉച്ചകഴിഞ്ഞ് രണ്ടു മണിക്കാണ് ബൂമ്റ തന്റെ ആദ്യ സ്പെൽ എറിഞ്ഞത്. എന്നിട്ടും ആദ്യ 4 ഓവറുകളിൽ ബുമ്ര റൺസ് വിട്ടു നൽകിയില്ല.”- ഗംഭീർ പറഞ്ഞുവെക്കുന്നു.