ഈ സഞ്ജുവിനെയാണോ ലോകകപ്പിൽ ഉൾപ്പെടുത്തേണ്ടത്? അസ്ഥിരതയുടെ ആശാൻ. സൈദ് മുഷ്‌തഖ്‌ അലിയിലും പരാജയം.

sanju samson

ഇന്ത്യയുടെ ലോകകപ്പ് ടീമിൽ സഞ്ജു സാംസണിനെ ഉൾപ്പെടുത്താതിരുന്നതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. മുൻ താരങ്ങളും സഞ്ജു സാംസന്റെ ആരാധകരുമടക്കം ഇന്ത്യൻ ടീമിന്റെ ഈ തീരുമാനത്തെ ചോദ്യം ചെയ്ത് രംഗത്ത് വരികയുണ്ടായി. കഴിഞ്ഞ സമയങ്ങളിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടും എന്തുകൊണ്ടാണ് ഇന്ത്യ സഞ്ജുവിനെ തഴഞ്ഞത് എന്നായിരുന്നു എല്ലാവരുടെയും ചോദ്യം. പക്ഷേ അതിനുള്ള കാരണം ഇപ്പോൾ വ്യക്തമായിരിക്കുകയാണ്.

ഇന്ത്യയുടെ ആഭ്യന്തര ട്വന്റി20 ടൂർണ്ണമെന്റായ സൈദ് മുഷ്‌തഖ്‌ അലി ട്രോഫിയിലെ ആദ്യ രണ്ടു മത്സരങ്ങളിലും നനഞ്ഞ പടക്കമായി സഞ്ജു സാംസൺ മാറിയിരിക്കുന്നു. ഇരു മത്സരങ്ങളിലും മോശം പ്രകടനം പുറത്തെടുത്തതോടെ സഞ്ജുവിന്റെ ഇന്ത്യൻ ടീമിലേക്കുള്ള മടങ്ങിവരവ് പോലും അനിശ്ചിതത്വത്തിലായിട്ടുണ്ട്.

ഹിമാചൽ പ്രദേശിനെതിരായ ആദ്യ മത്സരത്തിൽ വളരെ വലിയ പ്രതീക്ഷയോടെ ആയിരുന്നു സഞ്ജു സാംസൺ ക്രീസിൽ എത്തിയത്. എന്നാൽ മത്സരത്തിൽ കേവലം 2 പന്തുകൾ മാത്രമാണ് സഞ്ജുവിന് നേരിടാൻ സാധിച്ചത്. ഒരു റൺസ് നേടി സഞ്ജു സാംസൺ പുറത്താവുകയുണ്ടായി. ശേഷം കേരളത്തിന്റെ സർവീസസിനെതിരായ മത്സരത്തിലും സഞ്ജുവിന് വലിയൊരു ഇന്നിംഗ്സ് കാഴ്ച വയ്ക്കാൻ അവസരം ലഭിച്ചു. ആരാധകർ സഞ്ജുവിൽ വലിയ പ്രതീക്ഷ വെച്ചിരുന്നുവെങ്കിലും വീണ്ടും സഞ്ജു നിരാശപ്പെടുത്തി.

മത്സരത്തിൽ തരക്കേടില്ലാത്ത തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാൻ സഞ്ജു സാംസണ് സാധിച്ചില്ല. 22 പന്തുകൾ നേരിട്ട സഞ്ജു സാംസൺ മത്സരത്തിൽ 22 റൺസ് നേടി ക്രീസ് വിട്ടു. കേവലം ഒരു ബൗണ്ടറിയും ഒരു സിക്സറും മാത്രമാണ് സഞ്ജുവിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടത്.

Read Also -  ഹർദിക് പാണ്ഡ്യയ്ക്ക് അടുത്ത ഐപിഎല്ലിൽ വിലക്ക്. കടുത്ത ശിക്ഷയുമായി ബിസിസിഐ.

ഈ രണ്ടു ഇന്നിംഗ്സുകളും വലിയ നിരാശയാണ് സഞ്ജു ആരാധകർക്കുള്ളിൽ ഉണ്ടാക്കിയിരിക്കുന്നത്. സഞ്ജുവിന്റെ ആഭ്യന്തര ക്രിക്കറ്റിലെ ഓരോ ഇന്നിങ്‌സും ഇന്ത്യൻ സെലക്ടർമാർ ശ്രദ്ധിക്കുമെന്ന കാര്യം ഉറപ്പാണ്. ഈ സാഹചര്യത്തിൽ തനിക്ക് ലഭിക്കുന്ന അവസരങ്ങൾ ഇത്തരത്തിൽ സഞ്ജു മുതലാക്കാതെ പോകുന്നത് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

ഏഷ്യാകപ്പിന് മുൻപ് നടന്ന വെസ്റ്റിൻഡീസിനെതിരായ പര്യടനത്തിലായിരുന്നു സഞ്ജു സാംസൺ അവസാനമായി ഇന്ത്യൻ ജേഴ്സി അണിഞ്ഞത്. ആ പരമ്പരയിൽ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ചിട്ടും പിന്നീട് വന്ന വലിയ ടൂർണമെന്റുകളിൽ സഞ്ജുവിനെ ഇന്ത്യ തിരഞ്ഞെടുത്തിരുന്നില്ല.

അസ്ഥിരമായ പ്രകടനങ്ങൾ മൂലമാണ് സഞ്ജുവിനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്താത്തത് എന്ന് ഇപ്പോൾ എല്ലാവർക്കും ബോധ്യമായിട്ടുണ്ട്. എന്നിരുന്നാലും വരും മത്സരങ്ങളിൽ മികവാർന്ന ബാറ്റിങ് പ്രകടനങ്ങൾ കാഴ്ചവെച്ച് സഞ്ജു സാംസൺ തിരികെ വരണം എന്നതാണ് ആരാധകരുടെ ആഗ്രഹം.

സൈദ് മുഷ്‌തഖ്‌ അലി ടൂർണമെന്റിൽ മികച്ച പ്രകടനം പുറത്തെടുക്കുകയാണെങ്കിൽ ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരെ നാട്ടിൽ നടക്കുന്ന അഞ്ച് ട്വന്റി 20 മത്സരങ്ങളടങ്ങിയ പരമ്പരയിൽ സഞ്ജുവിന് അവസരം ലഭിച്ചേക്കും. എന്നാൽ ഇത്തരത്തിലുള്ള പ്രകടനം മൂലം ടീമിലെത്തുക സഞ്ജുവിന് സാധ്യമല്ല.

Scroll to Top