സൂപ്പര്‍ സെഞ്ച്വറിയുമായി നായകൻ യഷ് ദൂൽ മുന്നിൽ നിന്നും നയിച്ച അണ്ടർ 19 ലോകകപ്പ് സെമി ഫൈനലിൽ 96 റൺസ് ജയവുമായി ഇന്ത്യൻ ടീം. ഈ ജയത്തോടെ ഒരിക്കൽ കൂടി ഐസിസി അണ്ടർ 19 ലോകകപ്പ് ഫൈനലിലേക്ക് സ്ഥാനം നേടിയിരിക്കുകയാണ് ഇന്ത്യൻ സംഘം. തുടർച്ചയായ നാലാമത്തെ തവണ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇടം നേടിയ ഇന്ത്യൻ ടീം ശനിയാഴ്ച നടക്കുന്ന നിർണായക ഫൈനലിൽ കരുത്തരായ ഇംഗ്ലണ്ടിനെ നേരിടും. ഇന്ത്യൻ ടീമിന്റെ അണ്ടർ 19 ലോകകപ്പിലെ ഏട്ടാമത്തെ ഫൈനൽ കൂടിയാണ്. സ്കോർ :ഇന്ത്യ :290-5(50 ഓവർ ), ഓസ്ട്രേലിയ :194 ആൾഔട്ട് (41.5 ഓവർ )
നേരത്തെ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ടീം ഇന്ത്യക്കായി നായകനായ യഷ് ദുൽ പോരാട്ടം മുന്നിൽ നിന്നും നയിച്ചപ്പോൾ ഇന്ത്യൻ സ്കോർ അതിവേഗം മുന്നേറി. ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് പ്രതീക്ഷിച്ച ഒരു തുടക്കമല്ല ലഭിച്ചത്. രണ്ടിന് 37 റൺസ് എന്നുള്ള നിലയിൽ പതറിയ ഇന്ത്യക്കായി മൂന്നാം വിക്കറ്റിൽ 204 റൺസ് പാർട്ണർഷിപ്പ് സൃഷ്ടിച്ച യഷ് ദൂൽ : ഷെയഖ് റഷീദ് എന്നിവരാണ് രക്ഷക്കെത്തിയത്.
നായകനായ യഷ് ദൂൽ 110 ബോളിൽ നിന്നും 110 റൺസ് അടിച്ചെടുത്തപ്പോൾ വൈസ് ക്യാപ്റ്റൻ ഷെയ്ഖ് റഷീദ് 108 പന്തുകളിൽ നിന്നും 94 റൺസ് നേടി. പത്ത് ഫോറും ഒരു സിക്സ് അടക്കമാണ് നായകനായ യഷ് ദൂൽ സെഞ്ച്വറി നേടിയത്. അണ്ടർ 19 ലോകകപ്പിൽ സെഞ്ച്വറി നേടുന്ന മൂന്നാം ഇന്ത്യൻ ക്യാപ്റ്റനാണ് യഷ് ദൂൽ. നേരത്തെ വിരാട് കോഹ്ലി, ഉന്മുദ് ചന്ദ് എന്നിവർ ഈ അപൂർവ്വ നേട്ടത്തിലേക്ക് എത്തിയിരുന്നു
അതേസമയം മറുപടി ബാറ്റിങ്ങിൽ ഒരിക്കൽ പോലും ഇന്ത്യക്ക് ആശങ്ക സമ്മാനിക്കാൻ ഓസ്ട്രേലിയക്കായില്ല. എതിരാളികളുടെ ബാറ്റിങ് നിരയുടെ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ബൗളർമാർ തിളങ്ങിയപ്പോൾ ഫൈനൽ പ്രവേശനം എളുപ്പമായി. ഓസ്ട്രേലിയന്‍ ടീമിൽ ലാഷിൻ ഷോ (51 റൺസ് ) മാത്രമാണ് തിളങ്ങിയത്. ഇന്ത്യക്കായി സ്പിൻ ബൗളർ വിക്കി ഓട്സ്വാൾ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ നിഷാന്ത് സിന്ധു, രവി കുമാർ എന്നിവർ രണ്ട് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി.