വലിയൊരു ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടീം വീണ്ടും മൈതാനത്ത് ഇറങ്ങുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുള്ള ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കാണ് തുടക്കം കുറിക്കുന്നത്. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്.
2 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയാണ് ബംഗ്ലാദേശ് ഇന്ത്യൻ മണ്ണിൽ കളിക്കുന്നത്. ഇന്ത്യയുടെ പുതിയ പരിശീലകനായ ഗൗതം ഗംഭീറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പരയാണ് ബംഗ്ലാദേശിനെതിരെ നടക്കാനിരിക്കുന്നത്. മാത്രമല്ല കഴിഞ്ഞ 6 മാസങ്ങൾക്കിടയിൽ ഇത് ആദ്യമായാണ് ഇന്ത്യ ടെസ്റ്റ് മത്സരത്തിനായി ഇറങ്ങുന്നത്. അതിനാൽ തന്നെ ഇന്ത്യയെ സംബന്ധിച്ച് മികച്ച തുടക്കം വളരെ നിർണായകമാണ്. ബംഗ്ലാദേശിനെതിരായ പരമ്പരയിൽ ഏതുതരത്തിലും വിജയം സ്വന്തമാക്കുക എന്നത് മാത്രമാണ് ഇന്ത്യയുടെ ലക്ഷ്യം.
കഴിഞ്ഞ സമയങ്ങളിൽ ടെസ്റ്റ് മത്സരങ്ങളിൽ അടക്കം വലിയ പ്രകടനങ്ങൾ തന്നെയാണ് ഇന്ത്യ കാഴ്ച വെച്ചിട്ടുള്ളത്. ബംഗ്ലാദേശിനെതിരെ ടെസ്റ്റ് പരമ്പരയിൽ ഇതുവരെയും ഇന്ത്യയ്ക്ക് പരാജയം നേരിടേണ്ടി വന്നിട്ടില്ല. എന്നാൽ ഇത്തവണ വളരെ വലിയ ആത്മവിശ്വാസത്തോടെയാണ് ബംഗ്ലാദേശ് ഇന്ത്യൻ മണ്ണിലേക്ക് എത്തുന്നത്. പാക്കിസ്ഥാൻ ടീമിനെ അവരുടെ മണ്ണിൽ പരാജയപ്പെടുത്തിയ വീര്യത്തോടെ ബംഗ്ലാദേശ് എത്തുമ്പോൾ കളി കടുക്കും എന്നതിൽ സംശയമില്ല. ഇതുവരെ ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ 13 ടെസ്റ്റ് മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ഇതിൽ 11 മത്സരങ്ങളിലും വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. 2 മത്സരങ്ങൾ സമനിലയിൽ കലാശിക്കുകയായിരുന്നു.
നാളെ രാവിലെ 9.30നാണ് മത്സരം ആരംഭിക്കുന്നത്. 11.30 വരെ ആദ്യ സെഷനും, ശേഷം 12.10 മുതൽ രണ്ടാം സെഷനും നടക്കും. 2.20 മുതൽ 4.30 വരെയാണ് അവസാന സെഷൻ നടക്കുക. മത്സരം കാണാൻ 2 വഴികളാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് മുൻപിലുള്ളത്. മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് ജിയോ സിനിമയിലാണ് കാണാൻ സാധിക്കുക. ജിയോ സിനിമയിൽ ഫ്രീയായി തന്നെ ആരാധകർക്ക് മത്സരം കാണാൻ സാധിക്കും. സ്പോർട്സ് 18 നെറ്റ്‌വർക്കിലും മത്സരം ആസ്വദിക്കാവുന്നതാണ്.
ആദ്യ ദിവസം തന്നെ ബംഗ്ലാദേശിന് മേൽ ശക്തമായ ആധിപത്യം സ്ഥാപിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അനിവാര്യമാണ്. വിരാട് കോഹ്ലി, രോഹിത് ശർമ, കെഎൽ രാഹുൽ തുടങ്ങിയവർ അടങ്ങുന്ന സീനിയർ നിര വലിയ ആത്മവിശ്വാസത്തോടെ തന്നെയാണ് മൈതാനത്തേക്ക് ഇറങ്ങാൻ പോകുന്നത്. പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിൽ ബംഗ്ലാദേശിനെ വിജയത്തിൽ എത്തിച്ചത് പേസ് ബോളർമാരുടെ വമ്പൻ പ്രകടനങ്ങൾ തന്നെയായിരുന്നു
ഇന്ത്യക്കെതിരെയും ബംഗ്ലാദേശിന്റെ പേസ് ബോളർമാർ മികവ് പുലർത്തുമെന്നത് ഉറപ്പാണ്. ഇതിനെതിരെ ഇന്ത്യൻ ബാറ്റർമാർ ഏതുതരം നിലപാട് സ്വീകരിക്കും എന്നത് കണ്ടറിയേണ്ടതാണ്. ആവേശകരമായ ടെസ്റ്റ് പരമ്പരയ്ക്കാണ് നാളെ ചെപ്പൊക്കിൽ തുടക്കം കുറിക്കുന്നത്.