അവൻ ധോണിയേയും കോഹ്ലിയെയും പോലെ, ഇന്ത്യൻ യുവതാരത്തെ പറ്റി ആകാശ് ചോപ്ര.

dhoni and kohli

കഴിഞ്ഞ വർഷങ്ങളിലായി ഒരുപാട് യുവ താരങ്ങളാണ് ഇന്ത്യൻ ദേശീയ ടീമിൽ ഇടംപിടിച്ചിട്ടുള്ളത്. ജയസ്വാൾ അടക്കമുള്ള യുവതാരങ്ങൾ ഇന്ത്യൻ ടീമിന്റെ നിർണായക ഘടകങ്ങളായി മാറിയത് വളരെ പെട്ടെന്ന് തന്നെയായിരുന്നു. എന്നാൽ ഈ താരങ്ങളിൽ ആരാണ് വിരാട് കോഹ്ലി, മഹേന്ദ്രസിംഗ് ധോണി എന്നിവരെപ്പോലെ മത്സരത്തെ കൃത്യമായി വീക്ഷിക്കുന്നത് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര ഇപ്പോൾ. ഇന്ത്യയുടെ യുവ ഓപ്പണറായ ശുഭ്മാൻ ഗില്ലാണ് കൃത്യമായി മത്സരത്തിന്റെ പൾസ് പൂർണമായി അറിഞ്ഞ് കളിക്കുന്നത് എന്ന് ചോപ്ര പറയുകയുണ്ടായി.

ഒരു പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ചോപ്ര ഇക്കാര്യം വ്യക്തമാക്കിയത്. മത്സരത്തെ കൃത്യമായി മനസ്സിലാക്കാനുള്ള കഴിവാണ് ഗില്ലിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് ചോപ്ര കരുതുന്നു. ചില താരങ്ങൾക്ക് ഇത്തരത്തിൽ മത്സരത്തെ പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കാറില്ല എന്നാണ് ചോപ്ര കരുതുന്നത്.

മഹേന്ദ്ര സിംഗ് ധോണിയേയും കോഹ്ലിയെയും പോലെയുള്ള താരങ്ങൾ മത്സര സാഹചര്യങ്ങൾ വളരെ പെട്ടെന്ന് തന്നെ തങ്ങളുടേതായ രീതിയിൽ മനസ്സിലാക്കിയിരുന്നു എന്ന് ചോപ്ര പറയുന്നു. ഇത്തരം കഴിവുള്ള പുതിയ തലമുറയിലെ ഒരു താരമാണ് ഗിൽ എന്ന് ചോപ്ര കൂട്ടിച്ചേർത്തു.

Read Also -  മികച്ച തുടക്കം മുതലാക്കാതെ സഞ്ജു മടങ്ങി. 7 പന്തിൽ നേടിയത് 10 റൺസ് മാത്രം.
gill

“മത്സരത്തിന്റെ സാഹചര്യങ്ങൾ കൃത്യമായി മനസ്സിലാക്കാൻ സാധിക്കും എന്നതാണ് ശുഭ്മാൻ ഗില്ലിന്റെ ഏറ്റവും വലിയ ഗുണമായി ഞാൻ കാണുന്നത്. ചില താരങ്ങൾക്ക് പെട്ടെന്ന് തന്നെ മത്സരം മനസ്സിലാക്കാൻ കഴിയും ചിലർക്ക് ചില സമയത്ത് മാത്രമേ അതിന് സാധിക്കൂ. മറ്റു ചിലർക്ക് ഒരിക്കലും മത്സരത്തെ മനസ്സിലാക്കാൻ സാധിക്കില്ല. ക്രിക്കറ്റിലെ ലെജന്റുകളെ എടുത്ത് പരിശോധിക്കുകയാണെങ്കിൽ എല്ലാവരും മത്സരത്തെ കൃത്യമായി നിരീക്ഷിച്ചവർ തന്നെയാണ്.”

“വളരെ പെട്ടെന്ന് മത്സര സാഹചര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്ന താരമാണ് വിരാട് കോഹ്ലി. മഹേന്ദ്ര സിംഗ് ധോണി ഏകദിന ക്രിക്കറ്റിൽ കൃത്യമായി സാഹചര്യങ്ങൾ മനസ്സിലാക്കി ബാറ്റിംഗ് ശൈലി ക്രമീകരിക്കാൻ സാധിക്കുന്ന ഒരു താരമായിരുന്നു.”- ആകാശ് ചോപ്ര പറയുന്നു.

നിലവിൽ ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനായി ജയസ്വാളിനെയും ഗില്ലിനെയും ഇന്ത്യ തിരഞ്ഞെടുത്തിട്ടുണ്ട്. സെപ്റ്റംബർ 19ന് ചെന്നൈയിലാണ് ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ആദ്യമത്സരം ആരംഭിക്കുന്നത്. ഇരുതാരങ്ങളും മത്സരത്തിൽ അണിനിരക്കും എന്നാണ് കരുതുന്നത്. ജയസ്വാൾ രോഹിത് ശർമയ്ക്കൊപ്പം ഓപ്പണറായി ആവും മത്സരത്തിൽ മൈതാനത്ത് ഇറങ്ങുക. ഗിൽ മൂന്നാം നമ്പറിൽ കളിക്കാനാണ് സാധ്യത. ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായ ടെസ്റ്റ് പരമ്പരയാണ് വരാനിരിക്കുന്നത്.

Scroll to Top